ചൈനയില്‍ അജ്ഞാത വൈറസ്; ചികിത്സയില്‍ കഴിയുന്നവരില്‍ ഇന്ത്യക്കാരിയും, കനത്ത ജാഗ്രത!

ബെയ്ജിങ്: ചൈനയില്‍ അജ്ഞാത വൈറസ് ബാധിച്ച് ഇന്ത്യക്കാരിയും ചികിത്സയില്‍. ചൈനയിലെ ഷെന്‍സെനില്‍ അധ്യാപികയായ പ്രീതി മഹേശ്വരി(45)ആണ് പ്രദേശത്തെ ആശുപത്രിയില്‍ ചികിത്സ തേടിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ ആദ്യത്തെ വിദേശിയാണ് പ്രീതി. വൈറസ് ബാധ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായി പ്രീതി മഹേശ്വരിയുടെ ഭര്‍ത്താവ് അന്‍ഷുമാന്‍ ഖോവല്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പ്രീതി മഹേശ്വരി കഴിയുന്നത്. രോഗം മാറുന്നതിനു സമയമെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ചൈന സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. കൊറോണ വൈറസ് ബാധയേറ്റ് രണ്ടാമത്തെ മരണവും റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നായിരുന്നു ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന്‌കേന്ദ്രം നിര്‍ദേശം നല്‍കിയത്. ഇന്ത്യയില്‍ നിന്നുള്ള അഞ്ഞൂറിലേറെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വുഹാനില്‍ മാത്രം പഠിക്കുന്നുണ്ട്. എന്നാല്‍ ചൈനീസ് പുതുവര്‍ഷാഘോഷ അവധിയുടെ ഭാഗമായി ഇവരിലേറെയും ഇന്ത്യയിലേക്കു തിരിച്ചെത്തിയിരിക്കുകയാണ്.

കൊറോണ വൈറസ് കുടുംബത്തില്‍പ്പെട്ട അജ്ഞാത വൈറസാണ് രോഗം പടര്‍ത്തുന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. ജലദോഷം മുതല്‍ സാര്‍സ് വരെയുള്ള ശ്വാസകോശരോഗങ്ങള്‍ക്കു കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണിതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. പനിയും ശ്വാസതടസ്സവുമാണു പ്രധാന രോഗലക്ഷണങ്ങള്‍.

1723 പേരെ ഇതിനകം വൈറസ് ബാധിച്ചിട്ടുണ്ടെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ ഞായറാഴ്ച വെളിപ്പെടുത്തിയിരുന്നു. 2002 – 2003 വര്‍ഷങ്ങളില്‍ ചൈനയിലും ഹോങ്കോങ്ങിലും കൊറോണ വൈറസ് പടര്‍ത്തിയ സാര്‍സ് രോഗംമൂലം 770 -ലേറെപ്പേരാണ് മരിച്ചത്.

Top