ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ്; പ്രവാസികള്‍ക്ക് നല്ല കാലം…

ദുബായ്: ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവു വന്നതോടെ നാട്ടിലേക്ക് പണമയയ്ക്കുന്നവരുടെ എണ്ണം കൂടി. തിങ്കളാഴ്ച ഡോളറിന് 69.91 എന്ന നിരക്കിലാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഇതോടെ ദിര്‍ഹവുമായുള്ള വിനിമയ നിരക്കിലും വന്‍മാറ്റം ഉണ്ടായി. ഒരു ദിര്‍ഹത്തിന് പത്തൊന്‍പത് രൂപയ്ക്കു മുകളിലേക്ക് മൂല്യം ഇടിഞ്ഞു. സമീപ കാലത്ത് ഇതാദ്യമായാണ് പ്രവാസികള്‍ക്ക് ഇത്ര മികച്ച വിനിമയനിരക്ക് കിട്ടുന്നത്.

മൂല്യത്തിലെ മാറ്റം മുതലാക്കി, നാട്ടിലേക്ക് പണമയയ്ക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായി. യു.എ.ഇ.യിലെ ഒട്ടുമിക്ക മണി എക്‌സ്‌ചേഞ്ചുകളിലും തിങ്കളാഴ്ച തിരക്ക് കൂടുതലായിരുന്നു. ഞായറാഴ്ച രാവിലെ ഒരു ദിര്‍ഹത്തിന് 18.83 രൂപ എന്നതായിരുന്നു നിരക്ക്. അവിടെ നിന്നാണ് 19.01ന് മുകളിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞത് . വരും ദിവസങ്ങളില്‍ മൂല്യം ഇനിയും താഴാനാണ് സാധ്യതയുള്ളത്. ഇനിയുള്ള ദിവസങ്ങളിലും നാട്ടിലേക്ക് പണമയയ്ക്കുന്നവരുടെ എണ്ണം കൂടുമെന്നാണ് മണി എക്‌സ്‌ചേഞ്ച് രംഗത്തുള്ളവര്‍ വ്യക്തമാക്കിയത്. തുര്‍ക്കി അമേരിക്ക നയതന്ത്രബന്ധം വഷളായത് അമേരിക്കന്‍ ഡോളര്‍ ശക്തിപ്പെടാന്‍ കാരണമായി. ഇതാണ് ഇന്ത്യന്‍ രൂപയ്ക്ക് തിരിച്ചടിയായത്.

Top