ഇന്ത്യന്‍ അഭയാര്‍ത്ഥി ബാലിക യു.എസ് മരുഭൂമിയില്‍ തളര്‍ന്ന് വീണ് മരിച്ചു

അരിസോണ: അമേരിക്കന്‍ മരുഭൂമിയിലെ കൊടുംചൂടില്‍ ഇന്ത്യന്‍ ബാലിക മരിച്ചു. ഏഴു വയസുകാരി ഗുരുപ്രീത് കൗറാണു അമ്മ വെള്ളം തിരഞ്ഞ് പോവുകയും മരുഭൂമിയില്‍ ഒറ്റപ്പെട്ട് തളര്‍ന്ന് വീണ് മരിക്കുകയും ചെയ്തത്. അമേരിക്കയിലേക്കു അഭയാര്‍ഥിയായി കുടിയേറാനുള്ള ശ്രമത്തിനിടെയായിരുന്നു മരണം.

അരിസോണയിലെ ലൂക്വില്ലിനടുത്ത യുഎസ് ബോര്‍ഡര്‍ പട്രോളിലായിരുന്നു സംഭവം. മറ്റ് അഭര്‍യാഥികളുടെ കൈയില്‍ കുട്ടിയെ ഏല്‍പ്പിച്ചാണ് അമ്മ വെള്ളം തിരഞ്ഞു പോയത്. സംഭവദിവസം 108 ഡിഗ്രി ഫാരന്‍ഹീറ്റ് (42 ഡിഗ്രി സെല്‍ഷ്യസ്) ആയിരുന്നു പ്രദേശത്തെ താപനിലയെന്ന് യുഎസ് ബോര്‍ഡര്‍ പട്രോളും പിമ കൗണ്ടി ഓഫീസ് മെഡിക്കല്‍ എക്‌സാമിനറും അറിയിച്ചു.

അരിസോണയ്ക്കു തെക്കുള്ള മരുഭൂമികളില്‍ മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണ് ഗുരുപ്രീത്. കള്ളക്കടത്തുകാര്‍ രാവിലെ പത്തോടെയാണ് ഗുരുപ്രീത് ഉള്‍പ്പെടെയുള്ള അഞ്ചരംഗ ഇന്ത്യന്‍ സംഘത്തെ ലൂക്വില്ലിന് 27 കിലോമീറ്റര്‍ പടിഞ്ഞാറുള്ള മരുഭൂമിയില്‍ എത്തിക്കുന്നത്. കുറച്ചുസമയം നടന്നതോടെ ഇവര്‍ക്കു ദാഹിച്ചു. ഇതോടെ കുട്ടിയുടെ അമ്മയും മറ്റൊരു സ്ത്രീയും വെള്ളം തിരഞ്ഞ് പോയി.

ഇതിനുശേഷം ഇവര്‍ കുട്ടിയെ ജീവനോടെ കണ്ടില്ല. വെള്ളം തേടുന്നതിനിടെ സ്ത്രീകള്‍ക്കു മരുഭൂമിയില്‍ വഴിതെറ്റി. ബുധനാഴ്ച രാവിലെ എട്ടോടെയാണ് രണ്ടു സ്ത്രീകളെയും ബോര്‍ഡര്‍ പട്രോള്‍ കണ്ടെത്തുന്നത്. പട്രോള്‍ ഏജന്റുമാര്‍ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഇത്. ഉദ്യോഗസ്ഥരോട് ഇംഗ്ലീഷ് വശമില്ലാത്ത സ്ത്രീകള്‍ ആംഗ്യഭാഷയില്‍ കാര്യങ്ങള്‍ വിശദീകരിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ യുഎസ്, മെക്‌സിക്കോ അധികൃതര്‍ നടത്തിയ തെരച്ചിലില്‍ നാലു മണിക്കൂറിനുശേഷം അതിര്‍ത്തിയില്‍നിന്ന് വെറും 1.6 കിലോമീറ്റര്‍ മാത്രം അകലെ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലൂടെ അമേരിക്കയിലേക്ക് എത്താന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാര്‍ക്ക് കൊടുംചൂട് കനത്ത ഭീഷണിയാണ്. മെക്‌സിക്കന്‍ അതിര്‍ത്തിയിലൂടെ അമേരിക്കയിലേക്കു കടക്കാന്‍ ശ്രമിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ അടുത്തിടെ വലിയ തോതില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് കുടിയേറ്റം പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.

Top