ട്രെയിനില്‍ യാത്ര ചെയ്യുന്ന അമ്മയെ ഫോണില്‍ കിട്ടുന്നില്ലെന്ന് ട്വീറ്റ്; യുവാവിന് സാഹായവുമായി റെയില്‍വെ

ന്യൂഡല്‍ഹി: വൈകിയോടുന്ന ട്രെയിനില്‍ യാത്ര ചെയ്യുന്ന അമ്മയെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്ത യുവാവിന് സാഹായവുമായി റെയില്‍വെ. പന്ത്രണ്ട് മണിക്കൂര്‍ വൈകിയോടുന്ന ട്രെയിനില്‍ യാത്ര ചെയ്യുന്ന അമ്മയെ ബന്ധപ്പെടാനായി സഹായം തേടിയ ശാശ്വത് എന്ന യുവാവിനാണ് റെയില്‍വെ സഹായവുമായെത്തിയത്.

‘സര്‍, അജ്മിര്‍-സിയാല്‍ഡാ എക്സ്പ്രസില്‍ യാത്ര ചെയ്യുന്ന എന്റെ അമ്മ ഷീല പാണ്ഡെയെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. ട്രെയിന്‍ 12 മണിക്കൂര്‍ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. അമ്മ സുരക്ഷിതയാണ് എന്ന വിവരം അറിയാന്‍ സഹായിക്കാമോ?’. എന്നാണ് ശാശ്വത് ട്വീറ്റ് ചെയ്തത്. കേന്ദ്ര റെയില്‍ മന്ത്രി പിയൂഷ് ഗോയലിനേയും റെയില്‍വെ മന്ത്രാലയത്തേയും ശാശ്വത് ടാഗ് ചെയ്തിരുന്നു.

പിന്നാലെ സഹായം തേടിയ ശാശ്വതിന് ട്വീറ്റുകളിലൂടെ തന്നെ മറുപടി നല്‍കിയതിന് പുറമെ അമ്മയുമായി സംസാരിക്കാനുള്ള അവസരവും റെയില്‍വെ ഒരുക്കി നല്‍കി.ശാശ്വതിന്റെ ട്വീറ്റിന് താമസിയാതെ തന്നെ റെയില്‍വെ മറുപടി നല്‍കി. അമ്മയുടെ പിഎന്‍ആര്‍ നമ്പറും ഫോണ്‍നമ്പറും നല്‍കാന്‍ റെയില്‍വെ ആവശ്യപ്പെട്ടു. പിന്നാലെ ബോര്‍ഡിങ് തീയതിയും ബോര്‍ഡിങ് സ്റ്റേഷനും അറിയിക്കാനാവശ്യപ്പെട്ട് റെയില്‍വെ അടുത്ത ട്വീറ്റ് നല്‍കി. ബന്ധപ്പെട്ട വകുപ്പിന് വിഷയം കൈമാറിയതായി ശാശ്വതിന് റെയില്‍വെ മറുപടി നല്‍കി. സമയോചിതമായ സേവനത്തിന് നന്ദി അറിയിച്ച് ശാശ്വത് പിന്നീട് ട്വീറ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ റെയില്‍വെയുടെ ഈ നല്ല പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേര്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.

Top