കോട്ടയം: ചായ, കാപ്പി വില്‍പ്പനക്കാര്‍ ഉറക്കം കെടുത്തിയെന്ന പരാതിയില്‍ റയില്‍വേയ്ക്ക് കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി 3500 രൂപ പിഴ ചുമത്തി. രാത്രി ട്രെയിന്‍ യാത്രയ്ക്കിടെ അനധികൃത ചായ, കാപ്പി വില്‍പ്പനക്കാരുടെ ശല്യം മൂലം ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.
പരാതിക്കാര്‍ക്ക് റയില്‍വേ 3,000 രൂപ നഷ്ടപരിഹാരവും 500 രൂപ കോടതിച്ചെലവും ഒരു മാസത്തിനുള്ളില്‍ നല്‍കാനാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവിട്ടത്.
2013 മാര്‍ച്ചില്‍ ചെന്നൈ മെയിലില്‍ കോട്ടയത്തുനിന്നു ചെന്നൈയ്ക്കും തിരിച്ചും ഭാര്യയ്‌ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയുണ്ടായ ദുരനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി കാഞ്ഞിരപ്പള്ളി സ്വദേശി ജോര്‍ജ് കെ. തോമസാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
യാത്ര ചെയ്ത ദിവസങ്ങളില്‍ വെളുപ്പിനു നാലരയോടെ അനധികൃതമായി ചായയും കാപ്പിയും വില്‍ക്കുന്നവര്‍ ബോഗിക്കുള്ളില്‍ കടന്നു ബഹളം വച്ചതു മൂലം തങ്ങള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നും ഇതു കടുത്ത മാനസിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയെന്നും ജോര്‍ജിന്റെ പരാതിയില്‍ പറയുന്നു.
രണ്ടു തവണ റയില്‍വേയ്ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് 20,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിച്ചത്
അനധികൃത വില്‍പ്പനക്കാര്‍ ബോഗിക്കുള്ളില്‍ കടക്കുന്നതു തടയാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന റയില്‍വേയുടെ വാദം, ബോസ് അഗസ്റ്റിന്‍ അധ്യക്ഷനും കെ.എന്‍. രാധാകൃഷ്ണന്‍, രേണു പി. ഗോപാലന്‍ എന്നിവര്‍ അംഗങ്ങളുമായ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം തള്ളി.
ടിക്കറ്റെടുത്തു യാത്ര ചെയ്യുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും സുരക്ഷിതത്വവും ഉറപ്പാക്കാനുള്ള ബാധ്യത റയില്‍വേയ്ക്കുണ്ടെന്നു കോടതി അഭിപ്രായപ്പെട്ടു. രാത്രി 10 മണി മുതല്‍ രാവിലെ ആറു മണി വരെ അനധികൃത വില്‍പ്പനക്കാര്‍ യാത്രക്കാരുടെ ഉറക്കം തടസപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ റയില്‍വേയ്ക്ക് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു.