ബെംഗളൂരു: ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയായ ഐആര്‍എന്‍എസ്എസിലെ (ഇന്ത്യന്‍ റീജനല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം) അഞ്ചാമത്തെ ഉപഗ്രഹമായ ഒന്ന് ഇ വിക്ഷേപിച്ചു.
പിഎസ്എല്‍വിസി 31 റോക്കറ്റ് ഉപയോഗിച്ച് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു വിക്ഷേപണം. തിങ്കളാഴ്ചയാണ് കൗണ്ട്ഡൗണ്‍ ആരംഭിച്ചത്.
എല്‍അഞ്ച് ബാന്‍ഡ്, എസ് ബാന്‍ഡ് എന്നിവയിലൂടെ ഗതിനിര്‍ണയ സിഗ്‌നലുകള്‍ ലഭ്യമാക്കുന്ന നാവിഗേഷന്‍ പേലോഡും റേഞ്ച് കൃത്യമായി വിലയിരുത്തുന്നതിനുള്ള സിബാന്‍ഡ് ട്രാന്‍സ്‌പോണ്ടര്‍ ഉള്‍പ്പെട്ട റേഞ്ചിങ് പേലോഡുമാണ് ഉപഗ്രഹത്തിലുള്ളത്. 12 വര്‍ഷമാകും ആയുസ്സ്.
ഐആര്‍എന്‍എസ്എസ് ശ്രേണിയിലെ അവസാന രണ്ട് ഉപഗ്രഹങ്ങളായ ഒന്ന് എഫും ജിയും മാര്‍ച്ചിലും ഏപ്രിലിലുമായി വിക്ഷേപിക്കും. എല്ലാ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തുന്നതോടെ യുഎസിന്റെ ജിപിഎസ് പോലെ ഇന്ത്യയ്ക്കും പൂര്‍ണസജ്ജമായ സ്വന്തം ഗതിനിര്‍ണയ സംവിധാനം സ്വന്തമാകും.


