Indian prisoner Kirpal Singh’s postmortem done in Lahore’s Jinnah Hospital

അട്ടാരി: ലഹോറിലെ ജയിലില്‍ സംശയകരമായ സാഹചര്യത്തില്‍ മരിച്ച ഇന്ത്യക്കാരന്‍ കൃപാല്‍സിങ്ങിന്റെ മൃതദേഹത്തില്‍ നിന്നു ഹൃദയവും ആമാശയവും നീക്കംചെയ്തിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.

അമൃത്സര്‍ മെഡിക്കല്‍ കോളജിലെ ഡോ. ബി.എസ്.ബാലിന്റെ നേതൃത്വത്തില്‍ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരാണ് ആന്തരികാവയവങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

കരളും വൃക്കകളും കൂടുതല്‍ പരിശോധയനയ്ക്ക് അയച്ചതായി അവര്‍ പറഞ്ഞു. നേരത്തേ വാഗാ അതിര്‍ത്തിയില്‍ ഇന്ത്യന്‍ അധികൃതര്‍ മൃതദേഹം ഏറ്റുവാങ്ങി.

കൃപാല്‍സിങ്ങിന്റെ സഹോദരി ജഗീര്‍ കൗര്‍ അടക്കം കുടുംബാംഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. 2013 മേയില്‍ സമാനസാഹചര്യത്തില്‍ ലഹോര്‍ ജയിലില്‍ മരിച്ച സരബ്ജിത് സിങ്ങിന്റെ സഹോദരിയും എത്തിയിരുന്നു.

ഗുര്‍ദാസ്പുരിലാണു സംസ്‌കാര ചടങ്ങുകള്‍. കഴിഞ്ഞ ആഴ്ചയിലാണു ലഹോറിലെ ജയില്‍മുറിയില്‍ സിങ്ങിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹൃദ്രോഗം മൂലം മരിച്ചെന്നാണു പാക്കിസ്ഥാന്‍ അറിയിച്ചത്.

മര്‍ദനമേറ്റാണു മരണമെന്നു സംശയമുയര്‍ന്ന സാഹചര്യത്തിലാണു വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. ഇന്ത്യന്‍ ചാരനെന്നാരോപിച്ചു പാക്ക് അധികൃതര്‍ തടവിലാക്കിയ കൃപാല്‍സിങ്ങിനെ പാക്ക് പഞ്ചാബ് പ്രവിശ്യയിലെ സ്‌ഫോടനപരമ്പരക്കേസില്‍ വധശിക്ഷയ്ക്കു വിധിച്ചിരുന്നു.

എന്നാല്‍ ലഹോര്‍ ഹൈക്കോടതി സ്‌ഫോടനപരമ്പരക്കേസില്‍നിന്നു സിങ്ങിനെ കുറ്റവിമുക്തനാക്കിയെങ്കിലും വധശിക്ഷ ഇളവുചെയ്തിരുന്നില്ല.

Top