ആയുര്‍വേദവും യോഗയും ഒരു മതത്തിന്റെയും സ്വന്തമല്ല ; രാഷ്ട്രപതി

Ram Nath Kovind

ഭോപ്പാല്‍ : ആയുര്‍വേദവും യോഗയും ഏതെങ്കിലും ഒരു പ്രത്യേക മതവുമായോ സമുദായവുമായോ മാത്രം ബന്ധിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ്.മധ്യപ്രദേശില്‍ ആരോഗ്യ ഭാരതി സംഘടിപ്പിച്ച ആരോഗ്യ മന്ഥന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങളുടെ മെച്ചപ്പെട്ട ആരോഗ്യത്തിനായി ആരോഗ്യ ഭാരതി നടത്തുന്ന പ്രവര്‍ത്തനങ്ങളും അവ ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുന്നത് പ്രശംസാര്‍ഹനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഓരോ വ്യക്തിയും ആരോഗ്യവാനാകുമ്പോള്‍ കുടുംബങ്ങളും ആരോഗ്യപൂര്‍ണമാകും.ഓരോ കുടുംബങ്ങളും ആരോഗ്യപൂര്‍ണമാകുമ്പോള്‍ ഓരോ ഗ്രാമവും നഗരവും അതിലൂടെ രാജ്യം മൊത്തമായും ആരോഗ്യസമ്പന്നമാകും.എല്ലാ ജനങ്ങള്‍ക്കും മിതമായ നിരക്കില്‍ മെഡിക്കല്‍ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2017-ല്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയ ആരോഗ്യനയം പ്രഖ്യാപിച്ചത് എന്ന് രാഷ്ട്രപതി പറഞ്ഞു.ആ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ എല്ലാ ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.കോവിഡ്-19 നെതിരെ പോരാടാന്‍ സഹായിച്ച എല്ലാ ശാസ്ത്രജ്ഞര്‍ക്കും രാഷ്ട്രപതി നന്ദിയറിയിച്ചു.

154 കോടി മുതല്‍മുടക്കുള്ള 10 ആരോഗ്യസ്ഥാപനങ്ങളുടെ ഭൂമിപൂജ രാഷ്ട്രപതി ശനിയാഴ്ച രാവിലെ നിര്‍വ്വഹിച്ചു.ആയുര്‍വ്വേദ മഹാസമ്മേളനത്തിനായി രാഷ്ട്രപതി ഞായറാഴ്ച ഉജ്ജൈനിലേക്ക് പോകും.അന്ന് തന്നെ ഡല്‍ഹിയിലേക്ക് മടങ്ങും.

Top