ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; മുംബൈ ഇന്ത്യന്‍സ് ഇറക്കിയ പുതിയ ടീം വീഡിയോ വൈറലാകുന്നു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് ഇറക്കിയ പുതിയ ടീം വീഡിയോ വൈറലാകുന്നു. ‘ഹര്‍ ധഡ്കന്‍, ഹര്‍ ദില്‍ യേ ബോലേ മുംബൈ മേരി ജാന്‍’ (ഓരോ ഹൃദയമിടിപ്പും ഓരോ ഹൃദയവും പറയുന്നു, മുംബൈ എന്റെ ജീവനാണ്) എന്ന ക്യാപ്ഷനോടെയാണ് മുംബൈ ഇന്ത്യന്‍സ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറിനും ഉടമസ്ഥ നിതാ അംബാനിക്കുമൊപ്പം ഫ്രാഞ്ചൈസിലെ എല്ലാ താരങ്ങളും അണിനിരന്ന വീഡിയോ നിമിഷങ്ങള്‍ക്കുള്ളിലാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.ഐപിഎല്ലിന് മുമ്പായി പരിശീലകന്‍ മാര്‍ക് ബൗച്ചറും നായകന്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിന് തൊട്ടുപിന്നാലെയാണ് മുംബൈ ഇന്ത്യന്‍സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടത്.

വാര്‍ത്താസമ്മേളനത്തില്‍ രോഹിത് ശര്‍മ്മയുടെ നായകമാറ്റത്തില്‍ ചോദ്യം ഉയര്‍ന്നുവന്നിരുന്നു. എന്തുകൊണ്ട് രോഹിതിന് പകരം ഹാര്‍ദ്ദിക്കിനെ നായകനാക്കിയെന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. മറുപടി പറയാന്‍ മൈക്കെടുത്ത ബൗച്ചര്‍ ചോദ്യം കേട്ട് നിശബ്ദനായി. ഹാര്‍ദ്ദിക്കിനും ആദ്യം മറുപടി ഉണ്ടായിരുന്നില്ല. എങ്കിലും രോഹിതിന്റെ പിന്തുണ തനിക്കുണ്ടാകുമെന്ന് പറഞ്ഞ് തടിതപ്പുകയാണ് ഹാര്‍ദ്ദിക് ചെയ്തത്.

ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയുടെ അവസാന 32 സെക്കന്‍ഡുകളാണ് ഇപ്പോള്‍ ആരാധകശ്രദ്ധ പിടിച്ചുപറ്റുന്നത്. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും പുതിയ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ഒരൊറ്റ ഫ്രെയിമില്‍ വരുന്നതാണ് വീഡിയോയുടെ ഈ ഭാഗം. ഏറെ വിവാദമായ ക്യാപ്റ്റന്‍സി മാറ്റത്തിന് ശേഷം ആദ്യമായാണ് ഇരുവരും ഒരു ഫ്രെയിമില്‍ എത്തുന്നത്.

Top