കേരളത്തിലും പൊലീസിൽ ഇടപെടുവാൻ കേന്ദ്ര സർക്കാരിന്റെ തന്ത്രപരമായ നീക്കം !

.പി.എസ് ഉദ്യോഗസ്ഥരെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ തന്ത്രങ്ങളൊരുക്കി കേന്ദ്ര സര്‍ക്കാര്‍. ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇടപെടുകയാണ് പ്രധാന ലക്ഷ്യം.

പൗരത്വ പ്രശ്‌നത്തില്‍ അസമിന് പുറമെ ഈ സംസ്ഥാനങ്ങളിലും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ബംഗാള്‍ മുഖ്യമന്ത്രിയാകട്ടെ കേന്ദ്രത്തിനെ വെല്ലുവിളിച്ചിരിക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് ബദല്‍ മാര്‍ഗ്ഗം കേന്ദ്ര സര്‍ക്കാര്‍ തേടുന്നത്.കേരളം, ബംഗാള്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ പൊലീസിനെ വരുതിയിലാക്കുകയാണ് പ്രധാന ലക്ഷ്യം.

നിലവില്‍ സംസ്ഥാനങ്ങളില്‍ പൊലീസ് മേധാവിമാരെ നിയോഗിക്കുന്നതിന് കേന്ദ്രത്തിന്റെ ക്ലിയറന്‍സ് ആവശ്യമാണ്. ഇത് ജില്ലാ പൊലീസ് മേധാവിമാരുടെ നിയമനത്തിലും ഏര്‍പ്പെടുത്താനാണ് നീക്കം. മുന്‍പ് പരിഗണനയിലുണ്ടായിരുന്ന ഈ ആലോചനക്കാണിപ്പോള്‍ പുതിയ സാഹചര്യത്തില്‍ ‘തീ’ പിടിച്ചിരിക്കുന്നത്. ഇത് നടപ്പായാല്‍ ജില്ലാ പൊലീസ് മേധാവിമാരെ നിയോഗിക്കുന്നതിന് മുന്‍പും യു.പി.എസ്.സിയുടെ അനുമതി സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തേടേണ്ടി വരും.

മോശം പ്രതിച്ഛായ ഉള്ളവരെയും സില്‍ബന്ധികളെയും ക്രമസമാധാന ചുമതലയില്‍ നിയോഗിക്കാനുള്ള നീക്കമാണ് ഇതോടെ പൊളിയുക. സീനിയോറ്റിയും കഴിവും മാനദണ്ഡമാക്കിയാണ് നിലവില്‍ സംസ്ഥാന പൊലീസ് മേധാവിമാരുടെ ലിസ്റ്റിനെ യു.പി.എസ്.സി സമീപിക്കുന്നത്.

വെട്ടി തിരുത്തി അയക്കുന്ന ഈ ലിസ്റ്റില്‍ നിന്നും നിയമനം സംസ്ഥാന സര്‍ക്കാരുകളാണ് നടത്തി വരുന്നത്. കേസുകള്‍ ഉള്ളവരും സ്വഭാവദൂഷ്യം ഉള്ളവരുമായ ഉദ്യോഗസ്ഥരെ തന്ത്ര പ്രധാനമായ തസ്തികയിലേക്ക് പരിഗണിക്കരുതെന്നാണ് കേന്ദ്ര നയം. സംസ്ഥാന സര്‍ക്കാര്‍ അയക്കുന്ന ലിസ്റ്റില്‍ നിന്ന് വെട്ടി നിരത്തല്‍ നടത്താനുള്ള ‘ലൈസന്‍സ്’ കൂടിയാണിത്.

സംസ്ഥാന പൊലീസ് മേധാവിയാകണമെങ്കില്‍ സംസ്ഥാനം മാത്രമല്ല കേന്ദ്രവും കൂടി കനിയണമെന്ന അവസ്ഥയാണ് നിലവിലുള്ളത്.

supreme-court

supreme-court

ഫെഡറല്‍ സംവിധാനത്തിനെതിരായ നിലപാടായി ഇത് വ്യാഖ്യാനിക്കപ്പെടുന്നുണ്ടെങ്കിലും അതൊന്നും ഇതുവരെ വിലപ്പോയിട്ടില്ല. യു.പി.എസ്.സി ശുപാര്‍ശ അനുസരിച്ച് സംസ്ഥാന ഡി.ജി.പി നിയമനം നടത്തണമെന്ന ഉത്തരവ് തിരുത്തണമെന്ന് കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതി തന്നെ നേരത്തെ അത് തള്ളി കളഞ്ഞിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഈ ആവശ്യം തള്ളിയത്. പൊതുജന താത്പര്യാര്‍ത്ഥം പൊലീസ് മേധാവിമാരെ രാഷ്ട്രീയ ഇടപെടലുകളില്‍ നിന്ന് അകറ്റാന്‍ ലക്ഷ്യമിട്ടാണ് ഈ ഉത്തരവെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.

ഡി.ജി.പി നിയമനം യു.പി.എസ്.സി വഴി ആകണമെന്ന 2006ലെ പ്രകാശ് സിംഗ് കേസ് വിധി തിരുത്തണമെന്നും ക്രമസമാധാനം സംസ്ഥാന വിഷയമായതിനാല്‍ സ്വന്തം നിയമം നടപ്പാക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു കേരളം, പശ്ചിമബംഗാള്‍, ബീഹാര്‍, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നത്. ഹര്‍ജി തള്ളിയ കോടതി പൊലീസ് മേധാവിമാരുടെ നിയമനത്തില്‍ സംസ്ഥാന നിയമങ്ങള്‍ ബാധകമല്ലെന്നാണ് അസനിക്തമായി വ്യക്തമാക്കിയിരുന്നത്.

സുപ്രീംകോടതി വിധി പ്രകാരം നിലവിലെ ഡി.ജി.പി വിരമിക്കുമ്പോള്‍ പരിഗണിക്കാന്‍ യോഗ്യതയുള്ളവരുടെ സാധ്യതാ പട്ടിക സംസ്ഥാന സര്‍ക്കാര്‍ മൂന്നുമാസം മുന്‍പ് യു.പി.എസ്.സിക്ക് നല്‍കണം. പട്ടികയില്‍ നിന്ന് മൂന്നുപേരെ കണ്ടെത്തി യു.പി.എസ്.സി സംസ്ഥാന സര്‍ക്കാരിനെ അറിയിക്കും. രണ്ടുവര്‍ഷം ഡി.ജി.പി പദവിയിലിരിക്കാന്‍ തക്ക സര്‍വീസ് കാലാവധിയും അര്‍ഹതയും സീനിയോറിട്ടിയും ഉള്ളവര്‍ക്കാണ് പരിഗണന നല്‍കുക. ചില സംസ്ഥാന സര്‍ക്കാരുകള്‍ വിരമിക്കുന്ന തിയതി നോക്കി വേണ്ടപ്പെട്ട ഉദ്യോഗസ്ഥരെ ഡി.ജി.പിയായി നിയമിച്ച് രണ്ടുവര്‍ഷം സര്‍വീസ് നീട്ടി നല്‍കുന്ന പതിവുണ്ടെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഡി.ജി.പിമാര്‍ക്ക് കാലാവധി നീട്ടി നല്‍കുമ്പോള്‍ പ്രത്യേക ഉചിതമായ കാലയളവിലേക്ക് മാത്രമായിരിക്കണമെന്നും കോടതി അഭിപ്രായപ്പെടുകയുണ്ടായി. ആക്ടിംഗ് ഡി.ജി.പി എന്ന സമ്പ്രദായം ഒഴിവാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ക്രമസമാധാന ചുമതലയുള്ള ജില്ലാ പൊലീസ് മേധാവിമാരെ നിയോഗിക്കുമ്പോഴും യു.പി.എസ്.സിയുടെ ഇടപെടല്‍ വേണമെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. കേന്ദ്ര സര്‍വ്വീസായ ഐ.പി.എസുകാരില്‍ കൂടുതല്‍ പിടിമുറുക്കാനാണ് ഈ നീക്കം. ഇതിന്റെ ഭാഗമായാണ് ജില്ലാ പൊലീസ് മേധാവി നിയമനത്തിലും ഇടപെടാന്‍ ഒരുങ്ങുന്നത്.

സംസ്ഥാനങ്ങളില്‍ എത്തിക്കഴിഞ്ഞാല്‍ ഐ.പി.എസുകാരില്‍ ഒരു വിഭാഗം സ്ഥാനമാനങ്ങള്‍ക്കായി വിട്ടുവീഴ്ചകള്‍ ചെയ്യുകയാണെന്ന വിലയിരുത്തലിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന് ഒരു മാറ്റവും കേന്ദ്ര വിധേയത്വവും ആണ് ആഭ്യന്തര മന്ത്രാലയം ആഗ്രഹിക്കുന്നത്.

കേന്ദ്ര ഏജന്‍സികളെ വെല്ലുവിളിക്കാന്‍ പോലും ചില ഐ.പി.എസുകാര്‍ ധൈര്യം കാട്ടിയതും കേന്ദ്ര സര്‍ക്കാറിനെ ചൊടിപ്പിച്ച ഘടകമാണ്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വലംകൈ ആയ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ രാജീവ് കുമാറിന്റെ നടപടിയാണ് ഇതില്‍ പ്രധാനം.

ശാരദചിട്ടിക്കേസില്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ വന്ന സി.ബി.ഐ സംഘത്തെ കൊല്‍ക്കത്ത പൊലീസ് കസ്റ്റഡിയിലെടുത്തത് മുന്‍പ് ഏറെ വിവാദം സൃഷ്ടിച്ച സംഭവമായിരുന്നു. മമത ബാനര്‍ജി തന്നെ രാജീവ് കുമാറിനുവേണ്ടി നേരിട്ട് പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു.പിന്നീട് കോടതി ഇടപെട്ടാണ് ബംഗാളിന് പുറത്ത് വെച്ച് ഈ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തിരുന്നത്.

ഇത്തരം ധിക്കാരികളായ ഐ.പി.എസുകാരെ നിലയ്ക്ക് നിര്‍ത്താനാണ് കേന്ദ്രമിപ്പോള്‍ പിടിമുറുക്കിയിരിക്കുന്നത്.

ips

ips

ഇതിന്റെ ഭാഗമായി കേരളം, ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ റിസര്‍വ് ക്വാട്ട വെട്ടിക്കുറക്കാനും ഇപ്പോള്‍ തീരുമാനമായിട്ടുണ്ട്.

സംസ്ഥാനങ്ങള്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് ഐ.പി.എസ് ഉദ്യോഗസ്ഥരെ അയക്കാത്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ക്വാട്ട വെട്ടിക്കുറയ്ക്കുന്നത് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ സാധ്യതക്കും ഇനി വലിയ തിരിച്ചടിയാവും.

ഐ.പി.എസുകാര്‍ സംസ്ഥാന കേഡറില്‍ നിയമിക്കപ്പെട്ട ശേഷം ചുരുങ്ങിയത് 3 വര്‍ഷം കേന്ദ്ര ഡെപ്യൂട്ടേഷനില്‍ സേവനം ചെയ്യണമെന്നതാണ് നിയമം. ഇല്ലെങ്കില്‍ കേന്ദ്ര പൊലീസ് സേനകളിലെ ഉന്നത തസ്തികകളിലേക്ക് അവര്‍ എം.പാനല്‍ ചെയ്യപ്പെടുകയില്ല.

ഇതെല്ലാം മറന്ന് ഭരണകക്ഷിയെ സ്വാധീനിച്ച് എ.എസ്.പി മുതല്‍ ക്രമസമാധാന ചുമതലയില്‍ തുടരാനാണ് മിക്ക ഉദ്യോഗസ്ഥരും താല്‍പ്പര്യപ്പെടുന്നത്. തന്ത്രപ്രധാന സ്ഥാനങ്ങള്‍ കിട്ടാത്തവര്‍ മാത്രമാണ് കൂടുതലും ഇപ്പോള്‍ ഡെപ്യൂട്ടേഷനില്‍ പോകുന്നത്. കേരള കേഡറില്‍ നിന്ന് പോലും ആകെ പത്തില്‍ താഴെ ഉദ്യോഗസ്ഥര്‍ മാത്രമാണ് നിലവില്‍ കേന്ദ്ര ഡപ്യൂട്ടേഷനിലുള്ളത്.

ഈ കാരണങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം കടുപ്പിക്കുന്നതെങ്കിലും ഉദ്യേശം വ്യക്തമാണ്. അത് കാവിയുടെ ശത്രുക്കള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇടപെടുക എന്നത് തന്നെയാണ്.

ജില്ലകളില്‍ ഉള്‍പ്പെടെ ഐ.പി.എസുകാരെ വരുതിയിലാക്കാന്‍ കഴിഞ്ഞാല്‍ അത് ബി.ജെ.പി നേതാക്കളെ സംബന്ധിച്ച് ഇടപെടലും എളുപ്പമാക്കും.

അടുത്ത കാലത്തൊന്നും ഭരണത്തില്‍ എത്താന്‍ സാധ്യത ഇല്ലാത്ത കേരളത്തിലുള്‍പ്പെടെ ഇത് സഹായകരമാകുമെന്നാണ് കണക്കുക്കൂട്ടല്‍. ഇതിനു പുറമെ കേന്ദ്ര അന്വേഷണ ഏജന്‍സികളിലേക്ക് കൂടുതല്‍ ഐ.പി.എസുകാരെ റിക്രൂട്ട് ചെയ്യാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അഴിമതിക്കാരായ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഐ.ബി നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

കേരളം, ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഐ.എ.എസുകാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ തന്നെ നിരീക്ഷണത്തിലാണ്.

ഐ.ബി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാജ്യത്ത് സി.ബി.ഐ നടത്തിയ റെയ്ഡില്‍ നിരവധി ആദായ നികുതി – കസ്റ്റംസ് ഉദ്യോഗസ്ഥരാണ് കുടുങ്ങിയിരിക്കുന്നത്. വലിയ തോതിലുള്ള അവിഹിത സമ്പാദ്യങ്ങളാണ് റെയ്ഡില്‍ കണ്ടെത്തിയിരുന്നത്. ഇതേ തുടര്‍ന്ന് നിരവധി പേരെ പ്രധാനമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് പിരിച്ച് വിടുന്ന സാഹചര്യവുമുണ്ടായിരുന്നു. രാജ്യത്ത് ഇത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ ഒറ്റയടിക്ക് ഇത്രയധികം ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നത്. കേന്ദ്ര സര്‍വ്വീസിലെ ഉദ്യോഗസ്ഥരില്‍ പരക്കെ ആശങ്ക സൃഷ്ടിക്കുന്നതായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി.

വീണ്ടും കേന്ദ്രം ഉദ്യോഗസ്ഥരില്‍ പിടിമുറുക്കാന്‍ ശ്രമിക്കുമ്പോള്‍ ചങ്കിടിക്കുന്നതിപ്പോള്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കൂടിയാണ്.

Staff Reporter

Top