ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ വമ്പന്‍ കുതിപ്പുമായി ഇന്ത്യന്‍ താരങ്ങള്‍

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ വമ്പന്‍ കുതിപ്പുമായി ഇന്ത്യന്‍ താരങ്ങള്‍. ബാറ്റിംഗ് റാങ്കിംഗില്‍ വിരാട് കോലി മൂന്ന് സ്ഥാനം ഉയര്‍ന്ന് ബാബര്‍ അസമിനെയും മറികടന്ന് ആറാം സ്ഥാനത്തെത്തിയപ്പോള്‍ രോഹിത് ശര്‍മ ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ തിരിച്ചെത്തി. പത്താം സ്ഥാനത്താണ് രോഹിത് ഇപ്പോള്‍. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഭേദപ്പെട്ട പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് നേട്ടമായതെങ്കില്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ മോശം പ്രകടനം ബാബര്‍ അസമിന് തിരിച്ചടിയായി. റാങ്കിംഗില്‍ ബാബര്‍ രണ്ട് സ്ഥാനം താഴേക്കിറങ്ങി എട്ടാം സ്ഥാനത്തേക്ക് വീണു.

ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ ആര്‍ അശ്വിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പാകിസ്ഥാനെതിരായ മികച്ച പ്രകടനത്തോടെ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സ് തൊട്ടുപിന്നിലുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ വിക്കറ്റ് വേട്ട നടത്തിയാല്‍ അശ്വിന് ഒന്നാം സ്ഥാനം സുരക്ഷിതമാക്കാനാവും. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയാണ് മൂന്നാം സ്ഥാനത്ത്. ഒരു സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ രവീന്ദ്ര ജഡേജ ഒറു സ്ഥാനം താഴേക്കിറങ്ങി അഞ്ചാമതായി.ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ ബൗളര്‍മാരാരുമില്ല.മുഹമ്മദ് സിറാജാണ് ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ഏറ്റവും അധികം നേട്ടം കൊയ്ത താരം. കേപ്ടൗണ്‍ ടെസ്റ്റിലെ ആറ് വിക്കറ്റ് പ്രകടനത്തോടെ 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സിറാജ് പതിനേഴാം സ്ഥാനത്തെത്തി.

ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ആണ് ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഇംഗ്ലണ്ട് താരം ജോ റൂട്ട് രണ്ടാമതും ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് മൂന്നാം സ്ഥാനത്തും നില്‍ക്കുമ്പോള്‍ നാലാം സ്ഥാനത്ത് മാര്‍നസ് ലാബുഷെയ്ന്‍ ആണുള്ളത്. അഞ്ചാം സ്ഥാനത്ത് ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് ആണുള്ളത്.

Top