വിദേശ ടി-20 ലീഗുകളിൽ ഇന്ത്യൻ താരങ്ങൾ കളിച്ചേക്കും

വിദേശ ടി-20 ലീഗുകളിൽ കളിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് ബിസിസിഐ അനുമതി നൽകിയേക്കും. പ്രധാനമായും ദക്ഷിണാഫ്രിക്ക അടുത്തിടെ ആരംഭിച്ച ടി-20 ലീഗിൽ കളിക്കാനാവും ഇന്ത്യൻ താരങ്ങൾക്ക് ആദ്യ ഘട്ടത്തിൽ അനുമതി നൽകുക. ദക്ഷിണാഫ്രിക്ക ടി-20 ലീഗിലെ എല്ലാ ടീമും ഐപിഎൽ ഫ്രാഞ്ചൈസി ഉടമകളാണ് സ്വന്തമാക്കിയിരിക്കുന്നത്. ഈ ഫ്രാഞ്ചൈസികളുടെ സമ്മർദ്ദത്തെ തുടർന്നാണ് ബിസിസിഐ ഇത്തരത്തിൽ തീരുമാനമെടുത്തതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സെപ്തംബറിൽ ചേരുന്ന ബിസിസിഐയുടെ ജനറൽ ബോഡി യോഗത്തിലാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
വിദേശ ലീഗുകളിൽ കളിക്കാൻ പുരുഷ താരങ്ങൾക്ക് അനുമതി നൽകിയാലും ബിസിസിഐയുമായി സെൻട്രൽ കോൺട്രാക്റ്റ് ഉള്ള പ്രമുഖ താരങ്ങൾക്ക് ഈ ആനുകൂല്യം കിട്ടിയേക്കില്ലെന്നാണ് സൂചന. അതേസമയം, സെൻട്രൽ കോൺട്രാക്ട് പട്ടികയിൽ ഇല്ലാത്ത യുവതാരങ്ങൾക്ക് ഈ തീരുമാനം ഏറെ ഗുണം ചെയ്യും.

നിലവിൽ വിരമിച്ച ഇന്ത്യൻ താരങ്ങൾക്ക് മാത്രമേ വിദേശ ടി-20 ലീഗുകളിൽ കളിക്കാൻ അനുമതിയുള്ളൂ. ഇന്ത്യൻ വനിതാ താരങ്ങൾക്ക് വിദേശ ലീഗുകളിൽ കളിക്കാൻ അനുമതിയുണ്ട്.

Top