ഇന്ത്യന്‍ പാരാ അത്ലറ്റ് മാരിയപ്പന്‍ തങ്കവേലു ഉദ്ഘാടന ചടങ്ങിനില്ല

ടോക്യോ: ടോക്യോ പാരാലിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയുടെ പതാകയേന്തേണ്ട പാരാ അത്‌ലറ്റ് മാരിയപ്പന്‍ തങ്കവേലുവിന് ചടങ്ങില്‍ പങ്കെടുക്കാനാകില്ല. ടോക്യോയിലേക്കുള്ള വിമാനത്തില്‍ വെച്ച് കോവിഡ് രോഗ ബാധിതനുമായി സമ്പര്‍ക്കത്തിലായതോടെ താരം ക്വാറന്റീനിലാണ്.

ഇതോടെ ചൊവ്വാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് തെക്ചന്ദ് ഇന്ത്യന്‍ പതാകയേന്തും. ‘ടോക്യോയിലേക്കുള്ള വിമാനയാത്രക്കിടെ മാരിയപ്പന്‍ കോവിഡ് ബാധിതനായ ഒരു വിദേശിയുമായി സമ്പര്‍ക്കത്തിലായി. ഒളിമ്പിക്‌സ് വില്ലേജിലെത്തിയ ശേഷം കഴിഞ്ഞ ആറു ദിവസങ്ങളിലായി നടത്തിയ പരിശോധനയിലും അദ്ദേഹം നെഗറ്റീവാണ്. എങ്കിലും താരത്തെ ഉദ്ഘാട ചടങ്ങില്‍ താരത്തെ പങ്കെടുപ്പിക്കേണ്ടെന്ന് സംഘാടക സമിതി നിര്‍ദേശിച്ചിട്ടുണ്ട്.’ – പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി.

പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി എഫ് 42 വിഭാഗം ഹൈ ജമ്പിലാണ് മാരിയപ്പന്‍ തങ്കവേലു മത്സരിക്കുന്നത്. കാലുകള്‍ക്ക് സ്വാധീനക്കുറവുള്ളവരോ വലിപ്പ വ്യത്യാസം ഉള്ളവരോ ആയ അത്‌ലറ്റുകളാണ് എഫ് 42 വിഭാഗത്തില്‍ മത്സരിക്കുക.

 

Top