ന്യൂസിലന്‍ഡിനെതിരെ ചരിത്ര നേട്ടവുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി

ധര്‍മ്മശാല: ന്യൂസിലന്‍ഡിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ ചരിത്ര നേട്ടവുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ലോകകപ്പില്‍ രണ്ട് തവണ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയാണ് ഷമി സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്. നേരത്തെ 2019ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെയും താരം അഞ്ച് വിക്കറ്റുകള്‍ നേടിയിരുന്നു. ആകെ 12 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് 36 വിക്കറ്റുകളാണ് ഷമിയുടെ സമ്പാദ്യം. ലോകകപ്പില്‍ അഞ്ച് തവണ നാല് വിക്കറ്റ് നേട്ടവും ഷമിയുടെ പേരിലുണ്ട്.

ഏകദിന ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഷമിയ്ക്ക് പുറത്തിരിക്കേണ്ടി വന്നിരുന്നു. ഓസീസിനെതിരായ ആദ്യ മത്സരത്തിലും പിന്നീട് അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്കെതിരെയും താരത്തിന് അവസരം ലഭിച്ചിരുന്നില്ല. ലോകകപ്പിന് തൊട്ടുമുന്‍പ് നടന്ന ഓസ്ട്രേലിയ-ഇന്ത്യ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഷമിയ്ക്ക് ടീമിലിടം ലഭിക്കാതെ പോവുകയായിരുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റതോടെയാണ് ഷമി ന്യൂസിലന്‍ഡിനെതിരായ ടീമില്‍ ഇടംനേടിയത്.

നാല് മത്സരങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിയതിന്റെ മധുരപ്രതികാരം ഷമി തീര്‍ത്തത് തന്റെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് തെറിപ്പിച്ചുകൊണ്ടായിരുന്നു. ഒന്‍പതാം ഓവര്‍ എറിയാനെത്തിയ ഷമി ഓപ്പണര്‍ വില്‍ യങ്ങ് ആയിരുന്നു ഷമിയുടെ ആദ്യത്തെ ഇര. ഇത് ഷമിയുടെ 32-ാം ലോകകപ്പ് വിക്കറ്റ് നേട്ടമാണ്. ഇതോടെ ഏകദിന ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളറെന്ന നേട്ടവും ഷമിയെ തേടിയെത്തി. ഇതിഹാസ താരം അനില്‍ കുംബ്ലെയുടെ 31 വിക്കറ്റ് നേട്ടമാണ് ഷമി മറികടന്നത്. വില്‍ യങ്ങിന് പിന്നാലെ രച്ചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്നര്‍, മാറ്റ് ഹെന്റി എന്നിവരുടെ വിക്കറ്റുകളാണ് ഷമി തെറിപ്പിച്ചത്. പത്ത് ഓവറില്‍ 54 റണ്‍സ് വഴങ്ങിയാണ് ഷമി അഞ്ച് വിക്കറ്റുകളെടുത്തത്.

 

 

Top