സുനിത വില്യംസ് ആദ്യ ബഹിരാകാശ വിമാന യാത്രയ്‌ക്കൊരുങ്ങുന്നു

ഹൂസ്റ്റണ്‍: ഇന്ത്യന്‍ വംശജ സുനിത വില്യംസ് ഉള്‍പ്പെടെ ഒമ്പത് ബഹിരാകാശയാത്രികര്‍ ആദ്യ ബഹിരാകാശ വിമാന യാത്രയ്‌ക്കൊരുങ്ങുന്നു. ഇവരുടെ യാത്രയ്ക്കുള്ള ബഹിരാകാശ വിമാനം സ്വകാര്യവിമാന കമ്പനികളായ ബോയിങ്, സ്‌പേസ് എക്‌സ് എന്നിവരാണ് നിര്‍മിക്കുന്നത്.

2011 ല്‍ നാസയുടെ ബഹിരാകാശ പേടകം ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയിരുന്നു. ആ സംഘത്തിലെ അംഗമായിരുന്നു അമേരിക്കന്‍ ബഹിരാകാശ ശാസ്ത്രജ്ഞയായ സുനിതാ വില്യംസ്. സുനിതാ വില്യംസിനെ കൂടാതെ പുതിയ ദൗത്യത്തിനായി നാസ തിരഞ്ഞെടുത്ത യാത്രികര്‍ ബഹിരാകാശയാത്രയില്‍ പരിചയസമ്പന്നരാണ്.

2011ന് ശേഷം നടക്കുന്ന ആദ്യത്തെ ബഹിരാകാശ യാത്ര അമേരിക്കയില്‍ നിന്ന് തന്നെയാണെന്ന സ്ഥിരീകരണം കൂടിയാണിത്. ബഹിരാകാശ വിമാനങ്ങളുടെ പരീക്ഷണയാത്രയും കൂടിയാണിത്. പൂര്‍ണമായും മനുഷ്യനിയന്ത്രണത്തിലാവും ഈ വിമാനങ്ങളെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുണ്ട്. ദൗത്യത്തില്‍ പങ്കെടുക്കുന്നവരോ അല്ലെങ്കില്‍ നിയോഗിക്കപ്പെട്ട മറ്റ് ശാസ്ത്രജ്ഞന്മാരോ ആണ്‌ വിമാനത്തെ നിയന്ത്രിക്കുന്നത്.

പുതിയ ബഹിരാകാശയാത്രാസംഘം പുറപ്പെടുന്നതിന് മുമ്പ് നാലുപേരടങ്ങുന്ന മറ്റൊരു സംഘം ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനം സജ്ജമാക്കുന്നതിനായി പുറപ്പെടുമെന്ന് നാസ അറിയിച്ചു. ബോയിങ് സിഎസ്ടി100 സ്റ്റാര്‍ലൈനര്‍, സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ക്യാപ്‌സൂള്‍സ് എന്നീ ബഹിരാകാശ വിമാനങ്ങള്‍ 2019ല്‍ യാത്ര തിരിക്കാന്‍ അവസാനവട്ട തയ്യാറെടുപ്പുകളിലാണെന്ന് നാസ അറിയിച്ചു.

സ്വകാര്യകമ്പനികളുടെ ബഹിരാകാശവിമാനങ്ങള്‍ക്ക് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് യാത്രാനുമതി നല്‍കുക വഴി സ്വന്തമായി ബഹിരാകാശ പര്യവേഷണം നടത്താന്‍ സാമ്പത്തിക ശേഷിയില്ലാത്ത രാജ്യങ്ങള്‍ക്ക് സഹായമാവും.

Top