സാങ്കേതികവിദ്യയോട് താൽപര്യം; ഇന്ത്യൻ വംശജയ്ക്ക് 4.66 കോടി രൂപയുടെ സ്‌കോളർഷിപ്പ്

പരിപഠനത്തിനായി ഒരു സ്‌കോളർഷിപ്പ് കിട്ടുകയെന്നത് പല വിദ്യാർത്ഥികളെ സംബന്ധിച്ചും വലിയൊരു കടമ്പയാണ് എന്നാൽ, സാങ്കേതികവിദ്യയോട് അതിയായ അഭിനിവേശം കൊണ്ടുനടന്ന ഒരു ഇന്ത്യൻ വംശജയ്ക്ക് കാനഡയിലെ ആറ് സർവകലാശാലകൾ വാഗ്ദാനം ചെയ്തത് ഏകദേശം ആറ് ലക്ഷത്തിലേറെ(4.66 കോടി രൂപ) ഡോളറിന്റെ സ്‌കോളർഷിപ്പുകളാണ്.

സാങ്കേതികവിദ്യയോടും ശാസ്ത്രവിഷയങ്ങളോടുമുള്ള അടങ്ങാത്ത അഭിനിവേശം വിശദമാക്കിയ അപേക്ഷ കണ്ടാണ് കാനഡയിലെ ഫോർട്ട് മക്മുറെ സ്വദേശിയായ മനോരമ ജോഷിയെന്ന 17 വയസുകാരിയ്ക്ക് മുന്നിൽ കാനഡയിലെ മുൻനിര സർവകലാശാലകൾ വാതിലുകൾ തുറന്നിട്ടത്.

വെസ്റ്റ് വുഡ് കമ്മ്യൂണിറ്റി ഹൈസ്‌കൂൾ വിദ്യാർത്ഥിയായ മനോരമ ജോഷിയ്ക്ക് കാൽഗറി സർവകലാശാല, ആൽബെർട്ട സർവകലാശാല, ബ്രിട്ടിഷ് കൊളംബിയ സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് വാഗ്ദാനം ചെയ്തത് ഒരു ലക്ഷം ഡോളർ വീതം വരുന്ന സ്‌കോളർഷിപ്പാണ്.

ഇത് കൂടാതെ മക്മാസ്റ്റർ സർവകലാശാലയിൽ നിന്ന് 19,000 ഡോളർ സ്‌കോളർഷിപ്പ്, ആർബെർട്ട സർവകലാശാലയിൽ നിന്നുള്ള 30,000 ഡോളറിന്റെ ലീഡർഷിപ്പ് സ്‌കോളർഷിപ്പ്, വെസ്റ്റേൺ സർവകലാശാലയിൽ നിന്നുള്ള 50,000 ഡോളറിന്റെ സ്‌കോളർഷിപ്പ്, മക് ഗിൽ സർവകലാശാലയിൽ നിന്നുള്ള 80,000 ഡോളർ വരുന്ന രണ്ട് എൻട്രൻസ് സ്‌കോളർഷിപ്പുകൾ എന്നിവയും മനോരമയ്ക്ക് ലഭിച്ചു. ഇതിൽ ബ്രിട്ടിഷ് കൊളംബിയ സർവകലാശാലയിൽ കംപ്യൂട്ടർ എഞ്ചിനീയറിങിന് ചേരാനാണ് മനോരമ തീരുമാനിച്ചിരിക്കുന്നത്.

ആദ്യ സ്‌കോളർഷിപ്പ് കിട്ടിയപ്പോൾ തന്റെ കണ്ണ് നിറഞ്ഞുപോയെന്ന് മനോരമ ഒരു അഭിമുഖത്തിൽ പറഞ്ഞു. താൻ ഏറെ സന്തോഷത്തിലായിരുന്നു, കാരണം ഏറെ ആഗ്രഹിച്ച ഒന്നായിരുന്നു അത്. പിന്നാലെ മറ്റ് സ്‌കോളർഷിപ്പ് വാഗ്ദാനങ്ങൾ കൂടി വന്നപ്പോൾ വിശ്വസിക്കാനായില്ലെന്നും മനോരമ പറഞ്ഞു.

ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിങ്, ഗണിതശാസ്ത്രം എന്നിവ മറ്റുള്ളവർക്ക് പകർന്നു നൽകാനുള്ള തന്റെ അതിയായ ആഗ്രഹം വിശദമാക്കിക്കൊണ്ടായിരുന്നു മനോരമ ജോഷിയുടെ സ്‌കോളർഷിപ്പിനായുള്ള അപേക്ഷ. വെറുതെ ഒരു വാചക കസർത്തായിരുന്നില്ല അത്.

വാൾട്ടർ ആന്റ് ഗ്ലാഡിസ് ഹിൽ സ്‌കൂളിൽ അഞ്ചാം തരം വിദ്യാർത്ഥിനിയായിരിക്കെ തന്നെ ശാസ്ത്രമേളകളിലും റോബോട്ടിക്‌സ് പ്രദർശനങ്ങളിലും മനോരമ പങ്കെടുക്കാറുണ്ടായിരുന്നു. പലപ്പോഴും റോബോട്ടിക്‌സ് ടീമിൽ അംഗമാകാറുള്ള ചുരുക്കം ചില പെൺകുട്ടികളിൽ ഒരാൾ മനോരമയായിരുന്നു.

2020-ൽ 60 കുട്ടികൾക്ക് വേണ്ടി ‘ഗെറ്റ് ടെക്കി ഡ്യുറിങ് കോവിഡ്’ എന്ന പേരിൽ ഒരു ഓൺലൈൻ പരിശീലന പരിപാടി മനോരമ നടത്തി. ലീഗോ റോബോട്ടിക് കിറ്റ് ഉപയോഗിച്ചുള്ള റോബോട്ടിക്‌സ് പരിശീലനം, കംപ്യൂട്ടറുകൾ എങ്ങനെയാണ് ബൈനറി കോഡുകൾ വായിക്കുന്നത്, സയൻസ്, ടെക്‌നോളജി, എഞ്ചിനീയറിങ്, ഗണിതശാസ്ത്ര മേഖലകളിലെ തൊഴിൽ സാധ്യതകൾ തുടങ്ങിയ വിഷയങ്ങളാണ് ഈ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയത്.

സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വെസ്റ്റ്‌ വുഡ് വുമൺ ഇൻ ടെക്ക്’ എന്ന ക്ലബ്ബിന്റെ സഹസ്ഥാപകരിൽ ഒരാളാണ് മനോരമ. ഈ ക്ലബിന് കീഴിൽ ‘ടെക്ക് സ്പാർക്ക്’ എന്ന പേരിൽ ജൂണിൽ ഒരു പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു. നാലാം ക്ലാസ്‌ മുതൽ ഒമ്പതാം ക്ലാസ്‌ വരെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ളതായിരുന്നു ഇത്.

ഈ രീതിയിൽ തനിക്കിഷ്ടപ്പെട്ട മേഖലയെ കുറിച്ച് കുട്ടികളോട് പങ്കുവെച്ച് അവരുടെ താൽപര്യങ്ങളും അഭിനിവേശങ്ങളും എന്താണെന്ന് കണ്ടെത്താൻ സഹായിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് മനോരമ ഈ ചെറിയ പ്രായത്തിൽ തന്നെ നടത്തി വന്നത്.

വർഷത്തിൽ നൂറ് കനേഡിയൻ വിദ്യാർത്ഥികൾക്ക് മാത്രം ലഭിക്കുന്ന ഒരു ലക്ഷം രൂപയുടെ ഷൂലിച്ച് ലീഡർ സ്‌കോളർഷിപ്പും മനോരമയ്ക്ക് ലഭിച്ചിട്ടുണ്ട്. ് എഞ്ചിനീയറിങ് പ്രോഗ്രാമുകളിലേക്ക് നൽകിയ മനോരമയുടെ അപേക്ഷകളെല്ലാം സ്വീകരിക്കപ്പെടുകയും. ഇതോടെ ഒറ്റത്തവണ തന്നെ നാല് ഷൂലിച്ച് ലീർ സ്‌കോളർഷിപ്പ് ലഭിക്കുന്ന ആദ്യ വിദ്യാർത്ഥിയായി മനോരമ മാറി.

പല മേഖലകളിലേക്കുള്ള സാധ്യതകൾ ഉള്ളതിനാലാണ് കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിലേക്കും റോബോട്ടിക്‌സിലേക്കും താൻ ആകർഷിക്കപ്പെട്ടതെന്ന് മനോരമ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രത്യേക താൽപ്പര്യമുണ്ട്. വെല്ലുവിളികൾ നേരിടുന്നവർക്കായി എഞ്ചിനീയറിംഗ് സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന ഒരു ഒരു സ്റ്റാർട്ടപ്പ് തുടങ്ങുകയാണ് മനോരമയുടെ ലക്ഷ്യം.

 

Top