ചൈനക്കാരനെന്നും കൊവിഡെന്നും വിളിച്ചു; ഇസ്രായേലില്‍ ഇന്ത്യക്കാരന് നേരെ ആക്രമണം

ജറുസലേം: ഇസ്രായേലില്‍ വംശീയ ആക്രമണത്തിന് ഇരയായി ഇന്ത്യന്‍ വംശജന്‍. ചൈനക്കാരനെന്ന് വിളിച്ചും കൊവിഡ് എന്ന് ആരോപിച്ചുമാണ് ഇന്ത്യവംശജനായ ആം ഷലേം സിംഗ്സനിനെ രണ്ട് പേര്‍ ചേര്‍ന്ന് ആക്രമിച്ചത്.

ഇസ്രേയലിലെ ടിബെറിസ് നഗരത്തില്‍ ശനിയാഴ്ചയാണ് കൊവിഡ് 19 ന്റെ പേരില്‍ വംശീയാധിക്ഷേപം നടന്നത്. ആക്രമണത്തില്‍ നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ പോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിപ്പൂരില്‍നിന്നുള്ള ബനേയ് മെനാഷെ സമുദായത്തില്‍പ്പെട്ടയാളാണ് സിംഗ്സന്‍.

സംഭവത്തില്‍ പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണെന്ന് പ്രമുഖ ഇസ്രായേലി ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

താന്‍ ചൈനക്കാരനല്ലെന്നും കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്നും ആക്രമണകാരികളോട് പറഞ്ഞുവെങ്കിലും അവര്‍ അതൊന്നും കേള്‍ക്കാതെ ആക്രമിക്കുകയായിരുന്നുവെന്ന് സിംഗ്‌സണ്‍ പൊലീസിനോട് പറഞ്ഞു.

സംഭവത്തിന് സാക്ഷികളാരും ഇല്ലാത്തതിനാല്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

മൂന്ന് വര്‍ഷം മുമ്പാണ്‌ സിങ്സണ്‍ കുടുംബത്തോടൊപ്പം ഇന്ത്യയില്‍ നിന്ന് ഇസ്രായേലിലേക്ക് കുടിയേറിയത്‌.

Top