indian origin canadian woman denied entry into us told she needs immigrant visa

ഒട്ടോവ: യു എസില്‍ ഇന്ത്യക്കാര്‍ക്കെതിരെ വംശീയാതിക്രമം നടക്കുന്നതിന് പിന്നാലെ ഇന്ത്യന്‍ വംശജയായ കനേഡിയന്‍ യുവതിക്ക് അമേരിക്ക വീസ നിഷേധിച്ചതായി റിപ്പോര്‍ട്ട്.

മുപ്പതുകാരിയായ മന്‍പ്രീത് കൂനറിനാണ് വീസ നിഷേധിച്ചത്. അതിര്‍ത്തിയില്‍ ഇവരെ തടഞ്ഞ ഉദ്യോഗസ്ഥര്‍ കുടിയേറ്റ വീസ ആവശ്യപ്പെടുകയായിരുന്നു. കനേഡിയന്‍ മാധ്യമമായ സിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ആറു മണിക്കൂറോളം അതിര്‍ത്തിയില്‍ തങ്ങിയ മന്‍പ്രീത് കൂനര്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് മടങ്ങുകയായിരുന്നു. കാനഡയില്‍ പൗരത്വം നേടി സ്ഥിരതാമസമാക്കിയ കൂനര്‍ പ്രതിശ്രുത വരനോടൊപ്പം ഇവിടുത്തെ ഒരു കോളേജില്‍ സയന്‍സ് ലാബില്‍ ജോലിചെയ്യുകയാണ്.

വെള്ളക്കാരായ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം വെര്‍മോണ്ടിലെ ഒരു സ്പായിലേക്ക് പോകുന്നതിനിടെയാണ് കൂനറിനെ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. തനിക്ക് യുഎസ് വീസ നിഷേധിച്ചെന്ന് കൂനര്‍ തന്റെ ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തു. കുടിയേറ്റ വിസയില്ലാതെ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ട്രംപിന്റെ നയം നിങ്ങളെ തടയുന്നുവെന്ന് അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ഇവര്‍ പറഞ്ഞു.

അതേ സമയം ഒരു പ്രത്യേക കേസ് ഉയര്‍ത്തിക്കാട്ടി ചര്‍ച്ചയുടെ ആവശ്യമില്ലെന്ന് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പട്രോള്‍ ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ അതിര്‍ത്തി ഉദ്യോഗസ്ഥര്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ അധികാരമുണ്ടെന്നും അറിയിച്ചു.

രണ്ടു ദിവസം മുമ്പ് ട്രംപ് പരിഷ്‌കരിച്ച പുതിയ കുടിയേറ്റ നിയമം കൊണ്ടു വന്നിരുന്നു. ആറു മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായിരുന്നു യാത്രാവിലക്കേര്‍പ്പെടുത്തിയിരുന്നത്.കോടതി തടഞ്ഞ നേരത്തെയുള്ള നിയമത്തില്‍ നിന്ന് ഇറാഖിനെ ഒഴിവാക്കിയുള്ളതായിരുന്നു പരിഷ്‌കരിച്ച പുതിയ നിയമം.

Top