ഇന്ത്യന്‍ സവാളക്ക് വീണ്ടും കയറ്റുമതി നിരോധനം; നിയന്ത്രണത്തെ തുടര്‍ന്ന് ഒമാനില്‍ സവാള വില ഉയരും

ന്ത്യന്‍ സവാളക്ക് വീണ്ടും കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയതോടെ ഒമാനില്‍ സവാള വില ഉയരും. ഇന്ന് മുതല്‍ അടുത്ത മാര്‍ച്ച് 31വരെയാണ് സവാള കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. രണ്ട് മാസം മുമ്പ് നിയന്ത്രണം ഉണ്ടായിരുന്നെങ്കിലും 40 ശതമാനം കയറ്റുമതി നികുതി അടക്കുന്നവര്‍ക്ക് കയറ്റി അയക്കാമായിരുന്നു. എന്നാല്‍ അടുത്ത നാല് മാസത്തേക്ക് പൂര്‍ണമായ കയറ്റുമതി നിയന്ത്രണമാണ് നടപ്പാക്കുന്നത്.

അതേസമയം കയറ്റുമതിക്കായി കപ്പലിലെത്തിയതോ ക്ലിയറന്‍സ് കഴിഞ്ഞതോ ആയ സവാളക്ക് നിയന്ത്രണം ബാധകമല്ല. ഇന്ത്യയില്‍നിന്ന് സവാള കയറ്റുമതിക്ക് നിയന്ത്രണം ഉണ്ടായിരുന്നെങ്കിലും രണ്ടാഴ്ച മുമ്പാണ് വീണ്ടും ബുക്കിങ്ങ് ആരംഭിച്ചത്. ഈ ബുക്കിങ് പ്രകാരമുള്ള ഇന്ത്യന്‍ സവാള കഴിഞ്ഞ ദിവസം ഒമാന്‍ തുറമുഖത്ത് എത്തിയിട്ടുണ്ട്. അതിനിടക്കാണ് വീണ്ടും കയറ്റുമതി നിയന്ത്രണം വരുന്നത്.

കയറ്റുമതിക്ക് വീണ്ടും നിയന്ത്രണം വന്നതിനാല്‍ ഇന്ത്യന്‍ സവാള മാര്‍ക്കറ്റില്‍നിന്ന് അപ്രത്യക്ഷമാവുമെന്നും വില ഉയരുമെന്നും നെസ്റ്റോ ഹൈപര്‍മാര്‍ക്കറ്റ് മാനേജിങ് ഡയറക്ടര്‍ ഹാരിസ് പാലോള്ളതില്‍ പറഞ്ഞു. മാര്‍ച്ചിലെ ശക്താമയ മഴ കാരണം സൂക്ഷിച്ചുവെച്ചിരുന്ന സവാളയില്‍ വെള്ളം കയറുകയും നശിച്ച് പോവുകയും ചെയ്തതാണ് ക്ഷാമം നേരിടാന്‍ കാരണം. ഇതോടെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സവാളക്ക് വില വര്‍ധിച്ചിരുന്നു. പല സ്ഥലങ്ങളിലും കിലോക്ക് 80 രൂപയിലധികമായിരുന്നു വില. ഇതോടെയാണ് നികുതി ചുമത്തി കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Top