ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ സിഇഒ നിയമനം വൈകുന്നു; രാജ്യാന്തര സമിതിക്ക് ആശങ്ക

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍(ഐഒഎ) സിഇഒ നിയമനം വൈകുന്നതില്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റി(ഐഒസി) ആശങ്ക രേഖപ്പെടുത്തി. ദേശീയ റസ്ലിങ് അസോസിയേഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്നും രാജ്യാന്തര സംഘടനയായ യുണൈറ്റഡ് വേള്‍ഡ് റസ്ലിങ്ങുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശിച്ചു.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ലുസെയ്‌നില്‍ ബുധനാഴ്ച ചേര്‍ന്ന രാജ്യാന്തര ഒളിംപിക് കമ്മിറ്റി യോഗമാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സാഹചര്യം വിലയിരുത്തിയത്. ‘ഇന്ത്യയുടെ ദേശീയ ഒളിംപിക് കമ്മിറ്റിയിലെ സിഇഒ നിയമനം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നു പല തവണ ആവശ്യപ്പെട്ടിരുന്നു. അസോസിയേഷന്റെ പ്രവര്‍ത്തനം സുതാര്യമാക്കാന്‍ ഇതാവശ്യമായിരുന്നു. എന്നാല്‍, നടപടികള്‍ ഇപ്പോഴും ദേശീയ കമ്മിറ്റി പൂര്‍ത്തിയാക്കിയിട്ടില്ല.’ ഐഒസി വ്യക്തമാക്കി.

ഐഒഎയുടെ ഭരണഘടന അനുസരിച്ചു പുതിയ ഭരണസമിതി അധികാരമേറ്റ് ഒരു മാസത്തിനുള്ളില്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറിനെ (സിഇഒ) നിയമിക്കണം. പി.ടി. ഉഷ അധ്യക്ഷയായ സമിതി ഡിസംബര്‍ 10നാണ് ചുമതലയേറ്റത്. എന്നാല്‍ 7 മാസത്തിനു ശേഷവും സിഇഒയെ നിയമിച്ചിട്ടില്ല. സമിതിയംഗമായ കല്യാണ്‍ ചൗബെയാണു നിലവില്‍ സിഇഒയുടെ താല്‍ക്കാലിക പദവി വഹിക്കുന്നത്. സിഇഒയ്ക്കു വോട്ടവകാശമുണ്ടാകാന്‍ പാടില്ലെന്നാണു വ്യവസ്ഥ. സിഇഒ നിയമനത്തിനുള്ള വ്യവസ്ഥകള്‍ നിശ്ചയിച്ച് അപേക്ഷ ക്ഷണിച്ചിരുന്നുവെങ്കിലും ഒരാള്‍ മാത്രമാണ് അപേക്ഷിച്ചതെന്നാണ് മാര്‍ച്ചില്‍ പി.ടി. ഉഷ ഇക്കാര്യത്തെക്കുറിച്ചു വിശദീകരിച്ചത്. വീണ്ടും അപേക്ഷ ക്ഷണിക്കുമെന്നും ഉഷ പറഞ്ഞിരുന്നു.

Top