കൊവിഡ് പ്രതിരോധം; സുരക്ഷാ കവചങ്ങള്‍ നിര്‍മ്മിച്ച് ഇന്ത്യന്‍ നാവിക സേന

മുംബൈ: രാജ്യം 21 ദിവസത്തെ ലോക്ക് ഡൗണിന് കീഴിലായിരിക്കുമ്പോഴും കൊറോണ വൈറസിന്റെ വ്യാപനം കൂടുന്നതല്ലാതെ കുറയുന്നില്ല. ഈ സാഹചര്യത്തില്‍ വൈറസ് വ്യാപനം തടയുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എല്ലാ നടപടികളും സ്വീകരിച്ച് വരികയാണ്.

ഇപ്പോഴിതാ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ സേനയും പങ്കാളിയായിരിക്കുകയണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊറോണയില്‍നിന്ന് സംരക്ഷണം നല്‍കുന്ന സുരക്ഷാ കവചങ്ങളും പനി കണ്ടെത്താനുള്ള ഉപകരണവുമാണ് ഇന്ത്യന്‍ നാവിക സേന വികസിപ്പിച്ചിരിക്കുന്നത്.

മുംബൈ നേവല്‍ ഡോക്ക് യാര്‍ഡാണ് പുതിയ ഉപകരണം വികസിപ്പിച്ചത്.ആയിരം രൂപയില്‍ താഴെയാണ് ഉപകരണത്തിന്റെ നിര്‍മ്മാണച്ചെലവ്. നിലവില്‍ വിപണികളില്‍ ലഭിക്കുന്ന ടെമ്പറേച്ചര്‍ ഗണ്ണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവയുടെ വില നന്നേ കുറവാണ്.

കൊറോണരോഗികളുടെ എണ്ണം വര്‍ധിച്ച് വരുന്ന ഈ പശ്ചാത്തലത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാകവചങ്ങളുടെ ആവശ്യവും ഏറിയിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് നാവികസേന സ്വമേധയാ ചുരുങ്ങിയ ചെലവില്‍ സുരക്ഷാ കവചങ്ങളുടെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. മാസ്‌ക്, ഗൗണ്‍, ഗ്ലൗസ്, ചെരുപ്പ് എന്നിവയടങ്ങിയ സുരക്ഷാ കിറ്റാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Top