സോണിയ ഗാന്ധിക്ക് പിന്നിൽ വദ്രയും ? ലക്ഷ്യം, പ്രിയങ്കക്ക് അവസരമൊരുക്കൽ !

കോണ്‍ഗ്രസ്സിന്റെ ഈ ഗതികേട് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും രാജ്യത്ത് ഉണ്ടാകാന്‍ സാധ്യതയില്ല. അനാരോഗ്യം മൂലം സ്ഥാനം ഒഴിഞ്ഞ നേതാവിനെ തന്നെ വീണ്ടും അദ്ധ്യക്ഷയാക്കുക വഴി ഒരു കുടുംബമാണ് എല്ലാം എന്ന് ഒരിക്കല്‍ കൂടി കോണ്‍ഗ്രസ്സ് വ്യക്തമാക്കിയിരിക്കുകയാണ്. യുവ നേതാക്കളാല്‍ സമ്പന്നമായ കോണ്‍ഗ്രസ്സില്‍ 72 കാരിയായ സോണിയയെ വീണ്ടും അവരോധിച്ചതിന് പിന്നില്‍ മറ്റു ചില താല്‍പ്പര്യങ്ങള്‍ കൂടി പ്രവര്‍ത്തിച്ചിട്ടുണ്ട്. അത് വ്യക്തവുമാണ്.

ഇതില്‍ പ്രധാനം മുതിര്‍ന്ന ചില നേതാക്കളുടെ രഹസ്യ അജണ്ടയാണ്. രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയായി സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട ജോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ് എന്നിവര്‍ക്ക് പാരയായത് മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ കമല്‍നാഥും, അശോക് ഗെഹ്‌ലോട്ടുമായിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഈ രണ്ട് സംസ്ഥാനങ്ങളിലെയും ദയനീയ പരാജയത്തിന് നേതാക്കള്‍ തമ്മിലുള്ള ഗ്രൂപ്പ് യുദ്ധവും പ്രധാന കാരണമായിരുന്നു. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെയും മധ്യപ്രദേശില്‍ ജോതിരാദിത്യ സിന്ധ്യയുടെയും പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് വന്നിരുന്നത്. രാഹുല്‍ ഗാന്ധിയും ഈ നിലപാടില്‍ തന്നെ ആയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാക്കള്‍ എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ സംഘടിച്ചാണ് ഈ നീക്കം പൊളിച്ചടുക്കിയത്. സോണിയ ഗാന്ധിയില്‍ എ.കെ ആന്റണി ഉള്‍പ്പെടെയുള്ളവര്‍ ചെലുത്തിയ സ്വാധീനമാണ് കമല്‍നാഥിനും, അശോക് ഗെഹ്‌ലോട്ടിനും നറുക്ക് വീഴാന്‍ ഇടയാക്കിയിരുന്നത്.

ഈ തീരുമാനങ്ങള്‍ മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ഭിന്നതയാണ് കോണ്‍ഗ്രസ്സില്‍ സൃഷ്ടിച്ചിരുന്നത്. ഇതിന്റെ പ്രതിഫലനമാണ് ലോക്‌സഭ തെരഞ്ഞെടുപ്പിലും കണ്ടിരുന്നത്. കോണ്‍ഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാനും മധ്യപ്രദേശും തൂത്ത് വരാന്‍ കഴിയുമെന്ന് ബി.ജെ.പി പോലും സത്യത്തില്‍ പ്രതീക്ഷിച്ചിരുന്നില്ല. അഞ്ച് സീറ്റുകളെങ്കിലും അവര്‍ കോണ്‍ഗ്രസ്സിന് ഈ രണ്ട് സംസ്ഥാനങ്ങളിലും പ്രതീഷിച്ചിരുന്നതാണ്. ഇക്കാര്യം മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതുമാണ്.

തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് രാജസ്ഥാനിലെയും മധ്യപ്രദേശിലെയും മുഖ്യമന്ത്രിമാര്‍ക്കെതിരെ കടുത്ത നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചിരുന്നത്. രാജി വയ്ക്കുന്നതിന് മുന്‍പ് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ രൂക്ഷമായാണ് കമല്‍നാഥിനും അശോക് ഗോലോട്ടിനുമെതിരെ രാഹുല്‍ തുറന്നടിച്ചിരുന്നത്. ഇവരുടെ സംരക്ഷകനായ എ.കെ. ആന്റണിക്കു പോലും മറുത്തൊരു വാക്ക് പറയാന്‍ നാവ് പൊന്തിയതുമില്ല.

ഈ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഒറ്റയ്ക്കാണ് പട നയിക്കേണ്ടി വന്നത് എന്നതാണ് അദ്ദേഹത്തെ രാജിയിലേക്ക് നയിച്ച ചേതോവികാരം. സഹോദരനെ ഒറ്റയ്ക്കാക്കിയതിലുള്ള അതൃപ്തി പ്രിയങ്ക ഗാന്ധിയും യോഗത്തില്‍ പ്രകടിപ്പിക്കുകയുണ്ടായി. രാഹുലിന്റെ രാജി പിന്‍വലിക്കണമെന്ന് സോണിയയും പ്രിയങ്കയും ശക്തമായി ആവശ്യപ്പെടാതിരുന്നത് തന്നെ ആ മനസ്സിന്റെ വേദന അറിയുന്നതു കൊണ്ടു മാത്രമായിരുന്നു.

സച്ചിനെയും ജോതിരാതിദ്യ നിന്ധ്യയെയും പോലെയുള്ള യുവ നേതാക്കളെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നെഹ്റു കുടുംബം പരിഗണിച്ചതും ഈ ഘട്ടത്തില്‍ തന്നെയാണ്. മുതിര്‍ന്ന നേതാക്കളുമായി ഇക്കാരും സോണിയ ഗാന്ധി തന്നെ സംസാരിക്കുകയുമുണ്ടായി. എന്നാല്‍ നിര്‍ണ്ണായക പ്രവര്‍ത്തക സമിതി ചേരും മുന്‍പ് തന്നെ മുതിര്‍ന്ന നേതാക്കള്‍ സംഘടിക്കുകയായിരുന്നു. ഇതിന് നേതൃത്വം കൊടുത്തതാകട്ടെ മധ്യപ്രദേശ്, രാജസ്ഥാന്‍ മുഖ്യമന്ത്രിമാരുമായിരുന്നു.

തങ്ങളുടെ എതിരാളികള്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത് കമല്‍നാഥിനും ഗെഹ്‌ലോട്ടിനും ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. മുഖ്യമന്ത്രി കസേര മാത്രമല്ല, രാഷ്ട്രീയ ജീവിതം തന്നെ അവസാനിപ്പിക്കേണ്ടി വരുമെന്നും അവര്‍ ഭയന്നു. തുടര്‍ന്നായിരുന്നു കരുക്കള്‍ നീക്കിയത്. ഇവര്‍ രണ്ടു പേരുമല്ലങ്കില്‍ പരിഗണിക്കപ്പെട്ടിരുന്നവരില്‍ കെ.സി വേണുഗോപാലും മുകള്‍ വാസിനിക്കും വരെ ഉണ്ടായിരുന്നു.

ഇതോടെ പി. ചിദംബരം, എ.കെ ആന്റണി, ഗുലാം നബി ആസാദ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളും കൂടി സംഘടിച്ചു. ഇതേ തുടര്‍ന്നാണ് സോണിയ ഗാന്ധിയുടെ പേര് നിര്‍ദ്ദേശിക്കുവാന്‍ തത്വത്തില്‍ ഈ സംഘം തീരുമാനമെടുത്തത്. പിന്നീട് നടന്നതെല്ലാം നാടകങ്ങളായിരുന്നു. സോണിയയോടും പ്രവര്‍ത്തക സമിതിക്ക് മുന്‍പ് തന്നെ ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ നിലപാട് അറിയിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ സഹായവും ചില മുതിര്‍ന്ന നേതാക്കള്‍ തേടുകയുണ്ടായി.

പ്രിയങ്കയായിരുന്നു ആദ്യ പരിഗണനയില്‍. എന്നാല്‍ രാഹുലിന് പകരം താന്‍ ഇപ്പോള്‍ വരില്ല എന്ന ഉറച്ച നിലപാടാണ് പ്രിയങ്ക സ്വീകരിച്ചത്. ഇതോടെ സോണിയയെ അനുനയിപ്പിക്കാന്‍ മരുമകന്‍ തന്നെ രംഗത്തിറങ്ങുകയായിരുന്നു. ‘യോഗത്തില്‍ പൊതുവികാരം ഉയരുകയാണെങ്കില്‍’ താന്‍ അദ്ധ്യക്ഷപദം ഏറ്റെടുക്കാമെന്ന് ഇതോടെയാണ് സോണിയ അഹമ്മദ് പട്ടേല്‍ വഴി മുതിര്‍ന്ന നേതാക്കളെ അറിയിച്ചത്.

യോഗത്തിന് എത്തുന്നതിനു മുന്‍പ് തന്നെ ഇക്കാര്യത്തില്‍ നേതാക്കള്‍ക്കിടയില്‍ വ്യക്തമായ ധാരണ തന്നെയുണ്ടായിരുന്നു. യോഗത്തിലേക്ക് രാഹുല്‍ വരുമോ, ഇല്ലയോ എന്ന ആശങ്കയും, ഒടുവില്‍ ‘സമ്മര്‍ദ്ദത്തിന്’ വഴങ്ങി അദ്ദേഹം വന്നതുമെല്ലാം പിന്നീട് നടന്ന പൊറാട്ട് നാടകങ്ങളാണ്. ‘കശ്മീര്‍ വിഷയത്തില്‍ ചിലത് പറയാനുണ്ട്, വരണം എന്നാവശ്യപ്പെട്ട് രാഹുലിനെ യോഗത്തിലേക്ക് വരുത്തുകയായിരുന്നു’ എന്ന റിപ്പോര്‍ട്ടുകളും തിരക്കഥയുടെ ഭാഗം തന്നെയാണ്.

യഥാര്‍ത്ഥത്തില്‍ രാഹുല്‍ യോഗത്തിനെത്തിയത് സോണിയ ആവശ്യപ്പെട്ട പ്രകാരമായിരുന്നു. താന്‍ വീണ്ടും അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ മകന്‍ ഒപ്പം വേണമെന്ന് അവര്‍ ആഗ്രഹിച്ചു. അതാണ് യാഥാര്‍ത്ഥ്യം. ഗാന്ധി കുടുംബത്തില്‍ നിന്നും ആളില്ലെങ്കില്‍ പാര്‍ട്ടിക്ക് നിലനില്‍പ്പില്ലേ എന്ന ചോദ്യം രാഹുലിന് ചോദിക്കേണ്ടി വന്നത് മുതിര്‍ന്ന നേതാക്കളോടായിരുന്നു. യുവ നേതാക്കളുടെ വഴി മുടക്കാന്‍ അവര്‍ സ്വീകരിച്ച നിലപാടിലുള്ള പ്രതിഷേധമായിരുന്നു ആ വാക്കിലൂടെ പ്രകടമായിരുന്നത്.

നെഹ്‌റു കുടുംബത്തില്‍ നിന്നായിരിക്കരുത് പുതിയ അദ്ധ്യക്ഷന്‍ എന്നാണ് രാഹുല്‍ മുന്‍പും പറഞ്ഞിരുന്നത്. ഈ ശാഠ്യമാണ് വാസ്തവത്തില്‍ കോണ്‍ഗ്രസ്സിനെ വിഷമസന്ധിയിലാക്കിയത്. 1998 മുതല്‍ 2017 വരെ സോണിയ ആയിരുന്നു കോണ്‍ഗ്രസിന്റെ പ്രസിഡന്റ്. അതിനും വര്‍ഷങ്ങള്‍ക്കു മുമ്പ് സാക്ഷാല്‍ നെഹ്‌റു ജീവിച്ചിരിക്കുമ്പോള്‍ മകള്‍ ഇന്ദിര ഗാന്ധിയും കോണ്‍ഗ്രസ്സ് പ്രസിഡന്റായിട്ടുണ്ട്. ഇന്ദിര പ്രസിഡന്റായിരുന്ന 1959 ലാണ് കേരളത്തിലെ ഇ.എം.എസ് മന്ത്രിസഭയെ നെഹ്‌റു സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നത്. കോണ്‍ഗ്രസ്സിന് നെഹ്‌റു കുടുംബത്തില്‍ നിന്ന് അത്രയെളുപ്പത്തിലൊന്നും ഒരു മോചനമില്ലെന്നതാണ് വാസ്തവം.

സോണിയയെ മരുമകനിലൂടെ മെരുക്കിയ മുതിര്‍ന്ന നേതാക്കളുടെ കരുനീക്കത്തില്‍ രാഹുലിന്റെ കണക്ക് കൂട്ടലുകളാണ് ഇപ്പോള്‍ പാളിയിരിക്കുന്നത്. സോണിയയില്‍ നിന്നും പ്രിയങ്കയിലേക്കുള്ള ദൂരം കുറവല്ലെന്ന് അറിയുന്ന റോബര്‍ട്ട് വദ്രയുടെ തന്ത്രമാണ് ഇവിടെ വിജയം കണ്ടിരിക്കുന്നത്. അതേ സമയം സോണിയ വീണ്ടും അദ്ധ്യക്ഷ പദവി ഏറ്റെടുത്തത് കോണ്‍ഗ്രസ്സിന് ഒരു ഗുണവും ചെയ്യില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പോലും ചൂണ്ടിക്കാട്ടുന്നത്. ഹൈക്കമാന്റിലെ വൃദ്ധ നേതൃത്വത്തിനു കീഴില്‍ കൂടുതല്‍ തകര്‍ച്ചയിലേക്ക് ആ പാര്‍ട്ടി കൂപ്പുകുത്തുമെന്നാണ് അവരുടെ വിലയിരുത്തല്‍.

നരസിംഹറാവു കുളമാക്കിയ കോണ്‍ഗ്രസ്സിനെ തുടര്‍ച്ചയായി പത്തുകൊല്ലം അധികാരത്തിലിരുത്താന്‍ സോണിയയുടെ നേതൃത്വത്തിന് മുന്‍പ് കഴിഞ്ഞിട്ടുണ്ട്. 2004 ല്‍ പ്രധാനമന്ത്രി പദം വേണ്ടെന്നു വെച്ചുകൊണ്ട് സോണിയ നടത്തിയ കരുനീക്കം പോലെ സംഘപരിവാറിനെ വിഷമിപ്പിച്ച മറ്റൊരു സംഗതി സമീപകാല ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലുണ്ടായിട്ടുമില്ല.

പക്ഷേ, ഇപ്പോഴത്തെ സാഹചര്യം അതല്ല. 2004 നും 2019 നുമിടയില്‍ ഗംഗയിലും യമുനയിലും മാത്രമല്ല ഗോദാവരിയിലും കാവേരിയിലും വെള്ളമൊരുപാട് ഒഴുകിപ്പോയിരിക്കുന്നു. വാജ്പേയിയും അദ്വാനിയും നയിച്ച ബിജെപിയല്ല മോദിയും അമിത്ഷായും നയിക്കുന്ന ഇന്നത്തെ ബിജെപി. കോര്‍പറേറ്റുകളുടെ മാത്രമല്ല വലിയൊരു വിഭാഗം ജനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയുള്ള പാര്‍ട്ടിയാണത്.

കാവിയെ തളയ്ക്കണമെങ്കില്‍ രോഗബാധിതയായ സോണിയയുടെ നേതൃത്വത്തിന് കഴിയുകയില്ല. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടായിരുന്നു പ്രവര്‍ത്തക സമിതി തീരുമാനം എടുക്കേണ്ടിയിരുന്നത്. എന്നാല്‍ നേതാക്കളുടെ സ്വാര്‍ത്ഥ താല്‍പര്യത്തിനു മുന്നില്‍ ഇതൊന്നും പരിഗണിക്കപ്പെടാതെ പോകുകയാണ് ചെയ്തിരിക്കുന്നത്.

സോണിയയെ നിയമിക്കാനായിരുന്നെങ്കില്‍ മുന്‍പേ തീരുമാനമെടുക്കാമായിരുന്നില്ലേ എന്ന ചോദ്യവും ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം രാഹുല്‍ഗാന്ധിയുടെ പിന്മാറ്റത്തിനും ഇടക്കാല പ്രസിഡന്റിന്റെ വരവിനും ഇടയില്‍ വളരെ നിര്‍ണ്ണായകമായ സമയമാണ് കോണ്‍ഗ്രസ്സിന് നഷ്ടമായിരിക്കുന്നത്. ഏറ്റവും സങ്കീര്‍ണ്ണമായ അവസ്ഥയില്‍ അദ്ധ്യക്ഷനില്ലാതെയിരുന്ന അവസ്ഥ ഒഴിവാക്കാമായിരുന്നു എന്ന അഭിപ്രായം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരിലും ഇപ്പോള്‍ ശക്തമാണ്.

Political Reporter

Top