ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് ആശങ്ക വേണ്ട, ബില്‍ ഇന്ത്യക്കാരെ കുറിച്ചല്ല; അമിത് ഷാ

പൗരത്വ ഭേദഗതി ബില്ലില്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള ആശങ്കയും വേണ്ടെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയെ അറിയിച്ചു. ‘ഇന്ത്യയിലെ മുസ്ലീങ്ങളുമായി ബില്ലിന് യാതൊരു ബന്ധവുമില്ല. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ പീഡനങ്ങള്‍ നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കുക മാത്രമാണ് ബില്ലിന്റെ ഉദ്ദേശം’, അമിത് ഷാ വ്യക്തമാക്കി.

പ്രതിപക്ഷം ഉയര്‍ത്തുന്ന ചില പ്രസ്താവനകളാണ് രാജ്യത്ത് അനാവശ്യമായി ആശങ്ക സൃഷ്ടിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു. ‘പ്രതിപക്ഷത്തിന്റെ പ്രസ്താവനകളാണ് ആശങ്കകള്‍ക്ക് കാരണം. എല്ലാ ഇന്ത്യക്കാര്‍ക്കും ഞാന്‍ ഉറപ്പ് നല്‍കുന്നു നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ ന്യൂനപക്ഷങ്ങള്‍ക്ക് യാതൊരു ഭയാശങ്കയും വേണ്ട’, അദ്ദേഹം വ്യക്തമാക്കി.

മതത്തിന്റെ പേരില്‍ നടന്ന വിഭജനം ഒഴിവാക്കിയിരുന്നെങ്കില്‍ നല്ല കാര്യമായിരുന്നു. മുസ്ലീം ഭൂരിപക്ഷ മേഖലകള്‍ പാകിസ്ഥാനിലേക്ക് പോയപ്പോള്‍ ബാക്കിയുള്ളവര്‍ ഇന്ത്യക്കൊപ്പം നിന്നു. മതാടിസ്ഥാനത്തില്‍ വിഭജനം നടന്നില്ലായിരുന്നെങ്കില്‍ പൗരത്വ ഭേദഗതി ബില്ലിന്റെ ആവശ്യം പോലും വരില്ലായിരുന്നു, ആഭ്യന്തര മന്ത്രി ചൂണ്ടിക്കാണിച്ചു. ജഹര്‍ലാല്‍ നെഹ്‌റുവും, ലിയാഖത്ത് അലിയും തമ്മില്‍ ഒപ്പുവെച്ച കരാറില്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇത് സംഭവിച്ചില്ലെന്ന് അമിത് ഷാ ആരോപിച്ചു.

1951ല്‍ പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ 23 ശതമാനം ആയിരുന്നത് വളരെ കുറഞ്ഞു. ബംഗ്ലാദേശില്‍ 22 ശതമാനം എന്നത് 2011ല്‍ 7.8 ശതമാനമായി. ഇന്ത്യയില്‍ മുസ്ലീം ജനസംഖ്യ 1951ല്‍ 9.8 ശതമാനം ആയിരുന്നത് ഇപ്പോള്‍ 14.3 ശതമാനമായി ഉയര്‍ന്നതായി അമിത് ഷാ ചൂണ്ടിക്കാണിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാവുകയോ, കൊല്ലപ്പെടുകയോ, ആട്ടിയോടിക്കപ്പെടുകയോ ചെയ്തതാണ് അയല്‍രാജ്യങ്ങളില്‍ ന്യൂനപക്ഷത്തിന്റെ എണ്ണം കുറയാന്‍ ഇടയാക്കിയതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

Top