വ്യാജ പാസ്പോര്‍ട്ട് വെബ്സൈറ്റുകള്‍ സജീവം; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ദ്യമായി പാസ്‌പോര്‍ട്ട് എടുക്കാനോ അല്ലെങ്കില്‍ നിലവിലുള്ള പാസ്‌പോര്‍ട്ട് പുതുക്കാനോ പോകുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം എന്നാണ് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ മുന്നറിയിപ്പ്. പാസ്സ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ വാഗ്ദാനം ചെയുന്ന ഒരുപാട് വ്യാജ വെബ്‌സൈറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയം ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയത്.

വെബ്‌സൈറ്റുകള്‍ വിദേശകാര്യ വകുപ്പുമായി പ്രവര്‍ത്തിക്കുന്നു എന്നവകാശപ്പെട്ട് ഒരുപാട് മൊബൈല്‍ ആപ്ലിക്കേഷനുകളും ഇപ്പോള്‍ സജീവമായി രംഗത്തുണ്ട്.

പാസ്സ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും passportindia.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ചില സമയങ്ങളില്‍ portal2.passportindia.gov.in എന്ന പേരിലാണ് ഈ പേജ് ഓപ്പണ്‍ ആവുക, എന്നിരുന്നാലും പേജിന്റെ ഡൊമൈന്‍ എപ്പോഴും gov.in എന്ന് ആയിരിക്കും. mPassport seva ആണ് പാസ്സ്പോര്‍ട്ട് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷന്‍. ഐഒഎസിലും ആന്‍ഡ്രോയിഡിലും ഈ ആപ്പ് ലഭിക്കും.

വ്യാജ പാസ്പോര്‍ട്ട് വെബ്സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച് ആളുകളെ പറ്റിക്കുമെന്നും ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിനും പാസ്പോര്‍ട്ട് അനുബന്ധ സേവനങ്ങള്‍ക്കായി അപ്പോയിന്റ്‌മെന്റ് ഷെഡ്യൂള്‍ ചെയ്യുന്നതിനും വ്യാജ പാസ്പോര്‍ട്ട് വെബ്സൈറ്റുകള്‍ അധിക പണം ഈടാക്കുന്നുണ്ടെന്നും വിദേശ മന്ത്രാലയത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

സാധാരണ പാസ്‌പോര്‍ട്ട്, ഔദ്യോഗിക പാസ്‌പോര്‍ട്ട്, നയതന്ത്ര പാസ്‌പോര്‍ട്ട്, എമര്‍ജന്‍സി പാസ്‌പോര്‍ട്ട്, ഐഡന്റിറ്റി ആവശ്യങ്ങള്‍ക്കുള്ള പാസ്‌പോര്‍ട്ട് എന്നിങ്ങനെ വിവിധ തരത്തിലുള്ള പാസ്‌പോര്‍ട്ടുകളാണ് സര്‍ക്കാര്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കായി അനുവദിക്കുന്നത്.

Top