വിമാനം കാണാതായ സംഭവത്തില്‍ വഴിത്തിരിവ് : പര്‍വതമേഖലയില്‍ പുകച്ചുരുള്‍ കണ്ടതായി ഗ്രാമീണര്‍

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ ചൈനാ അതിര്‍ത്തിയ്ക്കുസമീപം കാണാതായ എ എന്‍ 32 വ്യോമസേന വിമാനം കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. പര്‍വത മേഖലയില്‍ കറുത്ത പുക ഉയരുന്നത് കണ്ടതായി മോളോ ഗ്രാമത്തിലുള്ള മൂന്നു പേര്‍ പറഞ്ഞതായി അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു വെളിപ്പെടുത്തി. ഇക്കാര്യം ശരിയാണോ എന്ന് പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയോടെ പര്‍വതമേഖലയില്‍ പുകച്ചുരുള്‍ കണ്ടതെന്നും ഗ്രാമത്തില്‍ നിന്നും എട്ടുകിലോമീറ്ററോളം ദൂരെയായിരുന്നു ഇതെന്നും അവര്‍ പറഞ്ഞു.

അതേസമയം കാണാതാവുന്ന സമയത്ത് വിമാനം നിയന്ത്രിച്ചിരുന്നത് പൈലറ്റ് ആശിഷ് തന്‍വാറിന്റെ ഭാര്യ സന്ധ്യയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

ജൂണ്‍ മൂന്നിന് ഉച്ചയ്ക്ക് 12.25ന് അരുണാചല്‍ പ്രദേശിലെ മേചുകയെ ലക്ഷ്യമാക്കി പറന്നുയര്‍ന്ന വിമാനവും എയര്‍ ട്രാഫിക് കണ്‍ട്രോളുമായുണ്ടായിരുന്ന ബന്ധം ഒരു മണിയോടെ നഷ്ടപ്പെടുകയായിരുന്നുവെന്നും പിന്നീട് ഒരു ഒരുമണിക്കൂര്‍ കഴിഞ്ഞ് വിവരമറിയിക്കാന്‍ തങ്ങള്‍ക്ക് സന്ധ്യയുടെ ഫോണ്‍ വിളി വന്നെന്ന് ആശിഷിന്റെ അമ്മാവനും വ്യോമസേനാംഗവുമായ ഉദയ് വീര്‍ സിങ് വ്യക്തമാക്കി.

അടിയന്തിരമായി വിമാനം എവിടെയെങ്കിലും ലാന്റ് ചെയ്തുകാണുമെന്ന് കരുതി. അങ്ങനെ സംഭവിച്ചുവെങ്കില്‍ വിമാനത്തിലെ ആരെങ്കിലും ബന്ധപ്പെടേണ്ട സമയം കഴിഞ്ഞുവെന്നും ഉദയ് വീര്‍ കൂട്ടിച്ചേര്‍ത്തു.

വ്യോമസേന വിമാനത്തിനായി തെരച്ചില്‍ തുടരുകയാണ്. ഇന്നലെ രാത്രിയും നാവികസേനയും വ്യോമസേനയും സംയുക്തമായി തെരച്ചില്‍ നടത്തി. ഐഎസ്ആര്‍ഒ ഉപഗ്രഹത്തിന്റെ സഹായവും തേടിയിട്ടുണ്ട്. വിമാനത്തില്‍ കൊല്ലം അഞ്ചല്‍ സ്വദേശിയും വ്യോമസേനാംഗവുമായ എസ് അനൂപ് കുമാറടക്കം പതിമൂന്നു പേര്‍ ഉണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചിരുന്നു.

അസമിലെ ജോര്‍ഹട്ടില്‍നിന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് മെന്‍ചുക അഡ്വാന്‍സ് ലാന്‍ഡിങ് ഗ്രൗണ്ടിലേക്ക് തിരിച്ച ആന്റോനോവ് എഎന്‍- 32 എന്ന വിമാനമാണ് കാണാതായത്. വ്യോമസേനയുടെ ഏഴു ഓഫീസര്‍മാരും ആറുസൈനികരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

Top