പൊരുതാൻ തയ്യാറായി രണ്ടും കൽപ്പിച്ച് ഇന്ത്യൻ സേന, പ്രകോപിപ്പിച്ചാൽ തിരിച്ചടി

തെരഞ്ഞെടുപ്പിനിടയിലും പ്രകോപനമുണ്ടായാല്‍ സൈനിക നീക്കത്തിന് സര്‍വ്വസജ്ജമായി ഇന്ത്യ. ജയ്‌ഷെ മൊഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യു.എന്‍ സുരക്ഷാ സമിതിയുടെ നീക്കത്തെ ചൈന മാത്രം എതിര്‍ത്തതിനെ ഗൗരവകരമായാണ് ഇന്ത്യ കാണുന്നത്. നരേന്ദ്രമോദി കാവല്‍ പ്രധാനമന്ത്രിയാണെങ്കിലും രാജ്യരക്ഷയുടെ കാര്യത്തില്‍ സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കിയിട്ടുണ്ട്.

അടിയന്തിരസാഹചര്യത്തില്‍ സര്‍വ്വസൈന്യാധിപനായ രാഷ്ട്രപതിക്ക് ഇക്കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കാം. പ്രതിപക്ഷ കക്ഷികളും രാജ്യരക്ഷയില്‍ സര്‍ക്കാരിന് നേരത്തെ തന്നെ പിന്തുണ അറിയിച്ചിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണം ടെസ്റ്റ് ഡോസ്‌ മാത്രമെന്നും കാശ്മീര്‍ പ്രശ്‌നത്തില്‍ കീഴടങ്ങിയില്ലെങ്കില്‍ ഡല്‍ഹിയിലും മുംബൈയിലും ലഖ്‌നൗവിലും ഇന്ത്യക്കെതിരെ ആക്രമണം നടത്തുമെന്ന് ജയ്‌ഷെ മൊഹമ്മദ് തലവന്‍ മസൂദ് അസറിന്റെ പ്രഭാഷണം ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗണ്‍സിലിന് മുമ്പാകെ തെളിവായി സമര്‍പ്പിച്ചിട്ടുണ്ട്.

ഇന്ത്യയെ വീണ്ടും ആക്രമിക്കുമെന്ന മസൂദ് അസ്ഹറിന്റെ വിഷം തുപ്പുന്ന 15 മിനിറ്റ് പ്രഭാഷണത്തിന്റെ ഓഡിയോയാണ് സമര്‍പ്പിച്ചത്.ഇന്ത്യക്കെതിരെ വീണ്ടും അക്രമണം നടത്തുമെന്ന് മസൂദ് അസ്ഹര്‍ ഓഡിയോ ടേപ്പില്‍ പറയുന്നു. പാക്കിസ്ഥാനും കാശ്മീരും വ്യത്യസ്ത രാജ്യമല്ല. കാശ്മീരികള്‍ കാശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാണെന്നു പറയുന്നു. എന്നാല്‍ ഞാന്‍ പറയുന്നു പാക്കിസ്ഥാന്‍ കാശ്മീരിന്റെ ഭാഗമാണ് എന്നാണ് മസൂദ് അസ്ഹര്‍ പ്രഖ്യാപിക്കുന്നത്. കാശ്മീരില്‍ ഇന്ത്യ കീഴടങ്ങിയില്ലെങ്കില്‍ അതിന്റെ തീജ്വാല ഡല്‍ഹിയിലും മുംബൈയിലും ലഖ്‌നൗവിലും ഇന്ത്യയാകെയും പരക്കുമെന്ന ഭീഷണിയും മുഴക്കുന്നുണ്ട്.

പാക്കിസ്ഥാന്‍ സൈന്യം സംരക്ഷണം നല്‍കുന്ന മസൂദ് അസ്ഹറാണ് ഇന്ത്യയില്‍ നടത്തിയ മിക്ക ഭീകരാക്രമണങ്ങളുടെയും സൂത്രധാരനെന്നാണ് ഇന്ത്യ തെളിവുസഹിതം ഉയര്‍ത്തികാട്ടുന്നത്. 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തിനു പുറമെ 38 പേര്‍ കൊല്ലപ്പെട്ട 2001ലെ ജമ്മു കാശ്മീര്‍ അസംബ്ലി ആക്രമണം. പാര്‍ലമെന്റ് ആക്രമണം, 2016 പത്താന്‍കോട്ട് എയര്‍ഫോഴ്‌സ് ബേസിലെ ആക്രമണം, 18 പട്ടാളക്കാരുടെ ജീവനെടുത്ത ഉറി സൈനിക ക്യാമ്പ് ആക്രമണം എന്നിവയിലും മസൂദ് അസ്ഹറിന്റെ പങ്കാണ് ഇന്ത്യ ചൂണ്ടികാട്ടുന്നത്.

പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ നയതന്ത്രരംഗത്ത് പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്ന ഇന്ത്യന്‍ നിലപാടിന് വ്യാപക പിന്തുണയാണ് ലഭിച്ചത്. ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി അംഗങ്ങളായ അഞ്ചു രാജ്യങ്ങളുള്‍പ്പെടെ 25 പ്രധാന രാജ്യങ്ങളാണ് ഇന്ത്യക്ക് പിന്തുണയുമായെത്തിയത്.ഐക്യരാഷ്ട്ര സുരക്ഷാസമിതി സ്ഥിരാംഗങ്ങളായ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം അവതരിപ്പിച്ചത്. റഷ്യയടക്കം പിന്താങ്ങി. എന്നാല്‍ സ്ഥിരാംഗങ്ങളില്‍ ചൈന മാത്രമാണ് ഇതേക്കുറിച്ച് പഠിക്കാന്‍ കൂടുതല്‍ സമയമാവശ്യപ്പെട്ട് എതിര്‍ത്തത്. ഇന്ത്യക്കെതിരെ ആക്രമണം നടത്തുമെന്ന മസൂദ് അസ്ഹറിന്റെ ഭീഷണിയെ അതീവ ഗൗരവത്തോടെയാണ് ഇന്ത്യന്‍ സേന കാണുന്നത്.

പാക് അതിര്‍ത്തികളില്‍ സൈനിക വിന്യാസം പൂര്‍ത്തിയായിട്ടുണ്ട്. സൂപ്പര്‍സോണിക് വിമാനങ്ങളടക്കം ഉപയോഗിച്ച് ഇന്ത്യ നിരീക്ഷണം ശക്തമാക്കിക്കഴിഞ്ഞു. ചൊവ്വാഴ്ച രാത്രി പൂഞ്ച് സെക്ടറില്‍ വ്യോമാതിര്‍ത്തിക്ക് സമീപം രണ്ട് പാക് സൂപ്പര്‍സോണിക് വിമാനങ്ങള്‍ നിരീക്ഷണ പറക്കല്‍ നടത്തിയത് അതീവ ജാഗ്രതയോടെയാണ് ഇന്ത്യ കാണുന്നത്. കരസേനക്കുപുറമെ വ്യോമ നാവിക സേനകളും കനത്ത ജാഗ്രതയിലാണ്. ബാലക്കോട്ടില്‍ ഇന്ത്യന്‍ വ്യോമ സേന നടത്തിയ പ്രത്യാക്രമണത്തില്‍ 200 പേര്‍ കൊല്ലപ്പെട്ടെന്ന വാദവുമായി പാക് ആക്ടിവിസ്റ്റ് രംഗത്തെത്തിയതും പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പാക് അധീനകാശ്മീരിലെ പൈന്‍മരങ്ങള്‍ മാത്രമാണ് നശിച്ചതെന്നും ആള്‍നാശമൊന്നും ഉണ്ടായിട്ടില്ലെന്നുമുള്ള പാക്കിസ്ഥാന്‍ വാദമാണ് ഇതോടെ പൊളിഞ്ഞത്.

ഉറുദു മാധ്യമങ്ങള്‍ 200 പേര്‍ രക്തസാക്ഷിയായെന്ന് പാക്ക് സൈനികന്‍ വെളിപ്പെടുത്തുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു. ഇതുവരെ ബാലാകോട്ടിലേക്ക് വിദേശ മാധ്യമങ്ങള്‍ക്ക് പാക്കിസ്ഥാന്‍ അനുമതി നിഷേധിച്ചിരിക്കുകയാണ്. ഫെബ്രുവരി 26ന് പാക് വിദേശകാര്യമന്ത്രി പറഞ്ഞത് ബാലകോട്ടില്‍ സംഭവിച്ചത് എന്തെന്ന് രാജ്യാന്തര മാധ്യമങ്ങളെ കാണിക്കുമെന്നും അവരെ അവിടേക്ക് കൊണ്ടുപോകുമെന്നുമാണ്. എന്നാല്‍ ഇതുവരെ പാക്കിസ്ഥാന്‍ അതിനു തയ്യാറായിട്ടില്ല. ഇന്ത്യന്‍ ആക്രമണത്തില്‍ കനത്ത നാശം സംഭവിച്ചതിന്റെ കൃത്യതയാര്‍ന്ന ഉപഗ്രഹ ചിത്രങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് സൈനികമായ തിരിച്ചടി നല്‍കണമെന്ന ആവശ്യവും പാക്കിസ്ഥാനില്‍ നിന്നും ഉയരുന്നുണ്ട്. അതിനാല്‍ രാജ്യാതിര്‍ത്തി കണ്ണിമചിമ്മാതെ കാക്കുകയാണ് ഇന്ത്യന്‍ സേന.തെരഞ്ഞെടുപ്പ് ചൂടിലേക്ക് രാജ്യം പോകുമ്പോള്‍ ഒട്ടും വീര്യം കെടാതെ തന്നെയാണ് സൈന്യം അതിര്‍ത്തിയില്‍ സര്‍വ്വ സജ്ജമായി അണിനിരന്നിരിക്കുന്നത്.

Top