ഏഷ്യന്‍ ഗെയിംസില്‍ തുടര്‍ജയവുമായി ഇന്ത്യന്‍ പുരുഷ ടീം ക്വാര്‍ട്ടറില്‍

ഏഷ്യന്‍ ഗെയിംസില്‍ തുടര്‍ജയവുമായി ഇന്ത്യന്‍ പുരുഷ ടീം ക്വാര്‍ട്ടറില്‍

ചൈനയിലെ ഹാങ്ഷൂവില്‍ നടക്കുന്ന 19-ാമത് ഏഷ്യന്‍ ഗെയിംസില്‍ പുരുഷ വിഭാഗം വോളിബോളില്‍ ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം കരുത്തരായ ദക്ഷിണകൊറിയയെ അട്ടിമറിച്ച ഇന്ത്യന്‍ പുരുഷന്മാര്‍ ഇന്ന് ചൈനീസ് തായ്പേയിയെയും വീഴ്ത്തി ക്ലാസിഫിക്കേഷന്‍ റൗണ്ടിലേക്ക് മുന്നേറി. എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്കായിരുന്നു ഇന്ന് ഇന്ത്യയുടെ ജയം. സ്‌കോര്‍ 25-22, 25-22, 25-21. ഒന്നരമണിക്കൂര്‍ നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് റാങ്കിങ്ങില്‍ ഏറെ മുന്നിലുള്ള തായ്പേയിയ്ക്കെതിരേ ഇന്ത്യ ജയം കണ്ടത്. ലോക റാങ്കിങ്ങില്‍ 43-ാം സ്ഥാനത്താണ് അവര്‍. ഇന്ത്യയാകട്ടെ 73-ാം സ്ഥാനത്തും.

ഏഷ്യന്‍ ഗെയിംസ് പുരുഷ വോളിയില്‍ മൂന്നര പതിറ്റാണ്ട് നീണ്ട മെഡല്‍ വരള്‍ച്ച അവസാനിപ്പിക്കാനാണ് ഇക്കുറി ഇന്ത്യ ലക്ഷ്യമിടുന്നത്. ഗെയിംസ് ചരിത്രത്തില്‍ മൂന്നു തവണയാണ് ഇന്ത്യന്‍ ടീം ഈയിനത്തില്‍ പോഡിയം കയറിയത്. 1962-ല്‍ നേടിയ വെള്ളി മെഡലാണ് ഏറ്റവും മികച്ച പ്രകടനം. അതിന് മുമ്പ് 1958-ല്‍ നേടിയ വെങ്കലമാണ് ഇന്ത്യയുടെ ആദ്യ മെഡല്‍. പിന്നീട് ഒരിക്കല്‍ കൂടിയേ ഇന്ത്യ ആദ്യ മൂന്നില്‍ എത്തിയുള്ളു. 1986 വെങ്കലം നേടിയ ശേഷം പിന്നീട് ഇതേവരെ ഇന്ത്യക്ക് പുരുഷ വോളിയില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്താനായിട്ടില്ല.

മുത്തുസ്വാമിയുടെ പ്രതിരോധത്തിലും വിനീതിന്റെ സ്പൈക്കിങ് സ്‌കില്ലിലും അടിയുറച്ചുനിന്ന ഇന്ത്യ തായ്പേയിക്ക് ആധിപത്യം സ്ഥാപിക്കാന്‍ അവസരം നല്‍കിയില്ല. ജയത്തോടെ ആദ്യ ആറു സ്ഥാനക്കാരുടെ ക്ലാസിഫിക്കേഷന്‍ റൗണ്ടിലേക്ക് കടക്കാനും ഇന്ത്യക്കായി. സെപ്റ്റംബര്‍ 24 ന് ജപ്പാനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

 

Top