indian mens attack in us; its very important issue; rajnath singh

ന്യൂഡല്‍ഹി: അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ ഗൗരവമുള്ളതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്.

പ്രശ്‌നത്തില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുമെന്നും രാജ്‌നാഥ്‌സിങ് രാജ്യസഭയില്‍ പറഞ്ഞു. അതേസമയം, ചോദ്യോത്തരവേള നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളി.

യുഎസില്‍ ഇന്ത്യക്കാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയില്‍ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. അതേസമയം, ഏതുവിഷയവും സഭയില്‍ ചര്‍ച്ചചെയ്യാമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. ജിഎസ്ടി ബില്‍ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

സൗത്ത് കാരലൈനയില്‍ ഇന്ത്യന്‍ വംശജനും വ്യാപാരിയുമായ ഹര്‍ണിഷ് പട്ടേല്‍, ഇന്ത്യന്‍ എന്‍ജിനീയര്‍ ശ്രീനിവാസ് കുച്ചിഭോട്‌ല എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിലായി വെടിയേറ്റു മരിച്ചത്.

കട പൂട്ടിയശേഷം വീട്ടിലേക്കു മടങ്ങുന്നവഴിക്കാണു ഹര്‍ണിഷ് പട്ടേല്‍ കൊല്ലപ്പെട്ടത്. ഹൈദരാബാദുകാരനായ ശ്രീനിവാസ്, കാന്‍സസ് സിറ്റിയിലെ തിരക്കേറിയ ബാറിലാണ് ആക്രമിക്കപ്പെട്ടത്. ‘എന്റെ രാജ്യത്തുനിന്നു പുറത്തുപോകെടാ, തീവ്രവാദി’ എന്ന് അധിക്ഷേപിച്ചാണ് അക്രമി വെടിവച്ചത്. ഇതിനുപിന്നാലെ മറ്റൊരു സിഖ് വംശജനുമേരെ മുഖംമൂടി ധരിച്ചെത്തിയ അക്രമി ‘നിങ്ങളുടെ രാജ്യത്തേക്കു മടങ്ങിപ്പോകൂ’ എന്ന് ആക്രോശിച്ച് വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു.

Top