ഇന്ത്യന്‍ പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങളുടെ ക്വാറന്റീന്‍ തുടങ്ങി

മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിന് പുറപ്പെടും മുന്‍പുള്ള ഇന്ത്യന്‍ പുരുഷ വനിതാ ക്രിക്കറ്റ് ടീമുകളുടെ ക്വാറന്റീന്‍ തുടങ്ങി. ആര്‍.അശ്വിന്‍, മുഹമ്മദ് സിറാജ്, മായങ്ക് അഗര്‍വാള്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് ആദ്യം മുംബൈയില്‍ എത്തിയത്. വനിതാതാരം മിതാലി രാജും സംഘത്തിനൊപ്പമുണ്ടായിരുന്നു.

ചാര്‍ട്ടേഡ് വിമാനത്തിലാണ് താരങ്ങള്‍ മുംബൈയിലെത്തിയത്. ഇന്ത്യ അടുത്തമാസം ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ന്യൂസിലന്‍ഡിനെയും തുടര്‍ന്ന് ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെയും നേരിടും. ഇന്ത്യന്‍ വനിതകള്‍ ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റും മൂന്ന് ട്വന്റി 20യും മൂന്ന് ഏകദിനവുമാണ് കളിക്കുക.

ജൂണ്‍ രണ്ടിനാണ് ഇന്ത്യന്‍ ടീം പ്രത്യേക വിമാനത്തില്‍ ഇംഗ്ലണ്ടിലേക്ക് പോവുക. ഇതിനിടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പം വിക്കറ്റ് കീപ്പര്‍ കെ എസ് ഭരതിനെയും സെലക്ടര്‍മാര്‍ ഇന്നലെ ഉള്‍പ്പെടുത്തിയിരുന്നു.

ഐപിഎല്ലിനിടെ കൊവിഡ് പിടിപെട്ട വൃദ്ധിമാന്‍ സാഹ കഴിഞ്ഞ ദിവസം രോഗമുക്തനായെങ്കിലും ബാക്ക്അപ് എന്ന നിലയ്ക്കാണ് ഭരതിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റ് താരങ്ങള്‍ക്കൊപ്പം ബയോ-ബബിളില്‍ പ്രവേശിക്കാന്‍ സാഹയ്ക്കും കഴിയുമെങ്കിലും മൂന്ന് മാസത്തോളം നീണ്ട പര്യടനത്തിന്റെ കാഠിന്യം പരിഗണിച്ച് സെലക്ടര്‍മാര്‍ ഭരതിനെ കൂടി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്.

റിഷഭ് പന്താണ് സ്‌ക്വാഡിലുള്ള മറ്റൊരു വിക്കറ്റ് കീപ്പര്‍. സതാംപ്ടണില്‍ ജൂണ്‍ 18 മുതല്‍ 22 വരെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ ടീം ഇന്ത്യ നേരിടുന്നത്. ഇതിന് ശേഷം ഓഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുക.

 

Top