ജയില്‍ തടവുകാരില്‍ നിന്ന് കൈക്കൂലി വാങ്ങി; ഇന്ത്യക്കാരന് മൂന്ന് മാസം തടവും 5000 ദിര്‍ഹം പിഴയും

ദുബായ്: ദുബായ് സെന്‍ട്രല്‍ ജയിലില്‍ തടവുകാരില്‍ നിന്ന് കൈക്കൂലി മേടിച്ചതിന് ഇന്ത്യക്കാരന് മൂന്ന് മാസം ശിക്ഷയും പിഴയും. അനുവദിച്ചതില്‍ കൂടുതല്‍ ഭക്ഷണം നല്‍കുന്നതിന് വേണ്ടി തടവുകാരില്‍ നിന്ന് ഇയാള്‍ റീചാര്‍ജ് കാര്‍ഡ് കൈക്കൂലിയായി മേടിക്കുകയായിരുന്നു.

ജയിലില്‍ ഭക്ഷണം എത്തിക്കുന്ന കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു പ്രതി. ഭക്ഷണം കൂടുതലായ് നല്‍കുന്നതിന് 110 ദിര്‍ഹത്തിന്റെ ഫോണ്‍ റീചാര്‍ജ് കാര്‍ഡാണ് ഇയാള്‍ തടവുകാരില്‍ നിന്ന് കൈക്കൂലി വാങ്ങിയത്. സംഭവത്തെക്കുറിച്ച് ഉദ്ദ്യോഗസ്ഥര്‍ക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ ഇയാളെ കുടുക്കാനായി ഒരു തടവുകാരനെ അധികൃതര്‍ നിയോഗിക്കുകയായിരുന്നു. 20 ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് ഇയാളെ പൊലീസ് കുടുക്കിയത്.

പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. എന്നാല്‍ ശിക്ഷ വിധിച്ചതോടെ താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് നിഷേധിച്ചുകൊണ്ട് ഇയാള്‍ അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു.

താന്‍ തടവുകാരനില്‍ നിന്ന് റീചാര്‍ജ് കാര്‍ഡ് വാങ്ങിയെങ്കിലും അത് കൈക്കൂലിയായിട്ടായിരുന്നില്ലെന്നാണ് പ്രതി കോടതിയില്‍ വാദിച്ചത്. എന്നാല്‍ അത് കോടതി അംഗീകരിച്ചില്ല.

പ്രതിക്ക് മൂന്ന് മാസത്തെ തടവ് ശിക്ഷയും 5000 ദിര്‍ഹം പിഴയും കോടതി വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ നാടുകടത്തുമെന്നും കോടതി അറിയിച്ചു.

Top