ആശുപത്രി പ്രവര്‍ത്തനങ്ങളെ ഹര്‍ത്താലുകള്‍ ബാധിക്കരുതെന്ന് ഐ.എം.എ

harthal

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരെയുള്ള ഹര്‍ത്താലുകള്‍ രോഗികള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന പശ്ചാത്തലത്തില്‍ രോഗികളെ ബാധിക്കാതിരിക്കാന്‍ നിര്‍ദേശങ്ങളുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.

ഹര്‍ത്താല്‍ ദിനങ്ങളില്‍ അത്യാഹിത വിഭാഗങ്ങള്‍ മുടക്കമില്ലാതെ പ്രവര്‍ത്തിക്കുമെങ്കിലും ആശുപത്രികളുടെ മറ്റ് പ്രവര്‍ത്തനങ്ങളെ വല്ലാതെ ബാധിക്കാറുണ്ട്. ഇത് രോഗികള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് ഉണ്ടാകാതിരിക്കുവാനാണ് ഈ നിലപാടുമായി ഐ.എം.എ. മുന്നോട്ട് വന്നതെന്ന് ഐ.എം.എ. തിരുവനന്തപുരം പ്രസിഡന്റ് ഡോ. അനുപമ ആര്‍., സെക്രട്ടറി ഡോ. ശ്രീജിത്ത് ആര്‍. എന്നിവര്‍ അറിയിച്ചു.

ഹര്‍ത്താലുകളില്‍ നിന്ന് ആശുപത്രികളെ ഒഴിവാക്കാറുണ്ടെങ്കിലും ജീവനക്കാര്‍ക്കും രോഗികള്‍ക്കും ആശുപത്രിയിലെത്തുവാന്‍ കഴിയാറില്ല. ഇത് കാരണം അത്യാഹിത വിഭാഗമൊഴികെ മറ്റുള്ള പ്രവര്‍ത്തനങ്ങള്‍ സുഗമായി നടക്കാറില്ല. അതിനാല്‍ രോഗികള്‍ക്കും ജീവനക്കാര്‍ക്കും ആശുപത്രികളില്‍ എത്തുവാന്‍ പറ്റുന്ന സാഹചര്യം ഉണ്ടാകേണ്ടതുണ്ട്. ആതുര ശുശ്രൂഷ രംഗം അതീവ പ്രാധാന്യമുള്ളതാണ് എന്ന് മനസിലാക്കി മിക്കവാറും എല്ലാ സംഘടനകളും ആശുപത്രികളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാറുണ്ടെങ്കിലും ആശുപത്രികള്‍ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം കൂടി സൃഷ്ടിക്കണമെന്നും ഐ.എം.എ. ആവശ്യപ്പെട്ടു.

ആശുപത്രിയിലേക്ക് എത്തുന്ന രോഗികള്‍ക്കും ജീവനക്കാര്‍ക്കും യാത്ര സുഗമമാക്കുവാനും ആശുപത്രികളില്‍ നടക്കുന്ന മറ്റ് പ്രവര്‍ത്തനങ്ങള്‍ വിഘാതം കൂടാതെ നടക്കുവാനുമുള്ള സഹകരണം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ഐ.എം.എ. അഭ്യര്‍ത്ഥിച്ചു.

Top