ഏഷ്യൻ വിപണികൾക്കൊപ്പം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യൻ വിപണി

റ്റ് ഏഷ്യൻ വിപണികൾക്കൊപ്പം നേട്ടത്തിലാരംഭിച്ച ഇന്ത്യൻ വിപണി ലാഭമെടുക്കലിൽ ഇറങ്ങിയെങ്കിലും നേട്ടത്തിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചു. അമേരിക്കൻ വിപണിക്ക് അവധിയായ ഇന്ന് ഏഷ്യൻ വിപണികളെല്ലാം നേട്ടത്തിൽ തന്നെയാണ് ക്ളോസ് ചെയ്തത്. ഇന്ന് മികച്ച തുടക്കം നേടിയ യൂറോപ്യൻ വിപണികളും നേട്ടത്തിൽ വ്യാപാരം തുടരുന്നു.

മികച്ച മുന്നേറ്റം നേടിയ ഐടി സെക്ടറിന്റെ കുതിപ്പാണ് ഇന്ത്യൻ വിപണിയുടെ കുതിപ്പിന് അടിത്തറ പാകിയത്. ഐടിക്കൊപ്പം, പൊതു മേഖല ബാങ്കുകളും, മെറ്റൽ സെക്ടറും രണ്ട് ശതമാനം മുന്നേറ്റം നേടി. നിഫ്റ്റി മിഡ് & സ്‌മോൾ ക്യാപ് സൂചികകൾ ഇന്നും 1%ൽ കൂടുതൽ മുന്നേറ്റം സ്വന്തമാക്കി. ബാങ്കിങ് സെക്ടർ നഷ്ടമൊഴിവാക്കിയതും നിഫ്റ്റിക്ക് നിർണായകമായി.

നിഫ്റ്റി & ബാങ്ക് നിഫ്റ്റി

ഇന്ന് ഗ്യാപ് അപ് ഓപ്പണിങ് സ്വന്തമാക്കിയ നിഫ്റ്റി ലാഭമെടുക്കലിൽ വെള്ളിയാഴ്ചത്തെ ക്ലോസിങ് ആയ 19435 പോയിന്റിന് തൊട്ട് താഴെ വരെ ഇറങ്ങിയെങ്കിലും തിരിച്ചു കയറി ഓപ്പണിങ് നിരക്കിനടുത്ത് തന്നെ ക്ളോസ് ചെയ്തു. നാളെയും നിഫ്റ്റി 19480 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 19430 പോയിന്റിലും 19360 പോയിന്റിലും ആദ്യ പിന്തുണകൾ നേടിയേക്കാം. 19580 പോയിന്റ് പിന്നിട്ടാൽ 19630 പോയിന്റിലും 19690 മേഖലയിലും നിഫ്റ്റി വില്പനസമ്മർദ്ദം നേടിയേക്കാം.

വീണ്ടും 44300 പോയിന്റിൽ പിന്തുണ നേടിയ ബാങ്ക് നിഫ്റ്റി ഇന്ന് 44578 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 44700 പോയിന്റ് പിന്നിട്ടാൽ 44900 പോയിന്റിലും 45100 ലുമാണ് നിഫ്റ്റിയുടെ അടുത്ത സമ്മർദ്ദമേഖലകൾ.

ഇന്ത്യയുടെ ജിഡിപി അനുമാനം ഉയർത്തി മൂഡീസ്

രണ്ടാം പാദത്തിൽ ഇന്ത്യയുടെ ആഭ്യന്തര ഉല്പാദനവളർച്ച 7.8% കുറിച്ചതിനെ തുടർന്ന് രാജ്യാന്തര റേറ്റിങ് ഏജൻസിയായ മൂഡീസ് ഇന്ത്യയുടെ 2023ലെ ജിഡിപി വളർച്ച സാധ്യത 5.5%ൽ നിന്നും 6.7%ലേക്ക് ഉയർത്തി. നേരത്തെ 2023-2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യക്ക് 6.1% ജിഡിപി വളർച്ചയാണ് മൂഡീസ് പ്രവചിച്ചിരുന്നത്. മൂഡീസ് ഇന്ത്യയുടെ റേറ്റിങ് നിക്ഷേപശ്രേണിയിലെ ഏറ്റവും കുറഞ്ഞ ഗ്രേഡായ ബിഎഎ3യിൽ തന്നെയാണ് നിലനിർത്തിയിരിക്കുന്നത്.

ബാങ്ക് നിഫ്റ്റി ക്ലോസിങ് ബുധനാഴ്ച

ഇത് വരെ വ്യാഴാഴ്ചകളിലായിരുന്ന ബാങ്ക് നിഫ്റ്റിയുടെ വാരാന്ത്യ ക്ളോസിങ് ഈ ആഴ്ച മുതൽ ഇനി ബുധനാഴ്ചകളിലായിരിക്കും. സെപ്തംബർ ആറിനാണ് ബാങ്ക് നിഫ്റ്റിയുടെ ഈയാഴ്ചത്തെ ക്ളോസിങ്. വിപണിക്ക് ബുധനാഴ്ചകളിൽ അവധിയാണെങ്കിൽ ചൊവാഴ്ചയായിരിക്കും ബാങ്ക് നിഫ്റ്റിയുടെ ക്ളോസിങ്. ബാങ്ക് നിഫ്റ്റിയുടെ മാസാന്ത്യ ക്ളോസിങ് വ്യാഴാഴ്ചകളിൽ തന്നെ തുടരും.

ഫെഡ് നിരക്ക് വർദ്ധന സെപ്തംബർ 20ന്

അമേരിക്കൻ വിപണിക്ക് അവധിയായ ഇന്ന് അമേരിക്കൻ ഫ്യൂച്ചറുകൾ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ചൈനയുടെ തുടരുന്ന സാമ്പത്തിക ഉത്തേജന പരിപാടികളും, മികച്ച മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും ഇന്ന് ചൈനീസ് വിപണിക്ക് മികച്ച മുന്നേറ്റം നൽകി.

ഈയാഴ്ചത്തെ ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളും,അടുത്ത ആഴ്ച വരുന്ന അമേരിക്കൻ പണപ്പെരുപ്പക്കണക്കുകളും, തുടർന്ന് സെപ്തംബർ ഇരുപതിന് വരാനിരിക്കുന്ന ഫെഡ് റിസേർവിന്റെ യോഗ തീരുമാനങ്ങളും സെപ്റ്റംബറിൽ ലോക വിപണിയെ സ്വാധീനിക്കും. നാളെയാണ് അമേരിക്കയുടെയും പ്രധാന യൂറോപ്യൻ രാജ്യങ്ങളുടെയും സർവിസ് പിഎംഐ ഡേറ്റ പുറത്ത് വരുന്നത്. നാളെ വരുന്ന കൊറിയയുടെ ജിഡിപി – സിപിഐ കണക്കുകളും, ചൈനയുടെയും ഇന്ത്യയുടേയും സർവിസ് പിഎംഐ ഡേറ്റകളും നാളെ ഏഷ്യൻ വിപണിക്കും പ്രധാനമാണ്.

ജി20 സമ്മേളനം

ഡൽഹിയിൽ നടക്കുന്ന ജി-20 സമ്മേളനത്തിൽ ചൈനക്കും, റഷ്യക്കുമെതിരെ യൂറോപ്യൻ രാജ്യങ്ങൾ എടുക്കുന്ന നിലപാടുകളും ലോക വിപണിയെ സ്വാധീനിച്ചേക്കാം. ജി-20 സമ്മേളനം ഇന്ത്യക്കും ഇന്ത്യൻ വിപണിക്കും അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് വിപണി.

ക്രൂഡ് ഓയിൽ

സൗദിയുടെയും, റഷ്യയുടെയും ഉല്പാദന നിയന്ത്രണഭീഷണിയിൽ ക്രൂഡ് ഓയിൽ 2023ലെ ഏറ്റവും ഉയർന്ന നിരക്കിലേക്കെത്തി. ചൈനയുടെ തുടർ ഉത്തേജനപ്രഖ്യാപന പ്രതീക്ഷകള്‍ 88 ഡോളറിന് മുകളിൽ തുടരുന്ന ബ്രെന്റ് ക്രൂഡ് ഓയിലിന് അനുകൂലമാണ്.

സ്വർണം

വരും ദിവസങ്ങളിൽ ഫെഡ് അംഗങ്ങൾ സംസാരിക്കാനിരിക്കെ അമേരിക്കൻ ബോണ്ട് യീൽഡ് 4.20%ൽ തന്നെ ക്രമപ്പെടുന്നത് സ്വർണത്തിനും മുന്നേറ്റം നിഷേധിച്ചു. 1968 ഡോളറിൽ തുടരുന്ന രാജ്യാന്തര സ്വർണ വിലയുടെ തുടർ ചലനങ്ങൾ അമേരിക്കൻ ബോണ്ട് യീൽഡിന്റെ ഗതിയെ ആശ്രയിച്ചിരിക്കും.

ഐപിഓ

സ്റ്റെയിൻലെസ്സ് സ്റ്റീൽ പൈപ്പുകളും, ട്യൂബുകളും, സ്റ്റീൽ ഷീറ്റുകളും മറ്റും നിർമിക്കുന്ന രത്നവീർ പ്രെസിഷൻ എഞ്ചിനിയറിങ്ങിന്റെ ഇന്ന് ആരംഭിച്ച ഐപിഓ സെപ്റ്റംബർ ആറിന് അവസാനിക്കുന്നു. ഐപിഓ വില 93-98 രൂപയാണ്.

Top