ഇന്ത്യന്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന പാക്കിസ്ഥാന്‍ പൗരന്മാരെ വിട്ടയച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന പാക്കിസ്ഥാന്‍ പൗരന്മാരെ വിട്ടയച്ചു. മുഹമ്മദ് ഇമ്രാന്‍ വാര്‍സി, അബ്ദുള്ള ഷാ എന്നിവരെയാണ് ഇന്ത്യ മോചിപ്പിച്ചത്. ആറ് വര്‍ഷം പാക് ജയിലില്‍ കഴിഞ്ഞ ഇന്ത്യന്‍ പൗരന്‍ ഹാമിദ് അന്‍സാരിയെ കഴിഞ്ഞ ദിവസം വിട്ടയച്ചതിന് പിന്നാലെയാണ് വീണ്ടും രണ്ട് പേരെക്കൂടി ഇന്ത്യ വിട്ടയച്ചത്. വാഗ അതിര്‍ത്തിയില്‍ വച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് ഇവരെ പാക് റേഞ്ചേഴ്‌സിന് കൈമാറിയത്.

വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് മുഹമ്മദ് ഇമ്രാന്‍ വാര്‍സി എന്ന പാക്ക് പൗരന്‍ പിടിയിലായത്. പത്ത് വര്‍ഷത്തെ ശിക്ഷ അനുഭവിച്ച ശേഷമാണ് വാര്‍സി ജന്മനാട്ടിലേക്ക് തിരിച്ച് പോകുന്നത്. 19 മാസം നീണ്ട ജയില്‍ വാസത്തിന് ശേഷമാണ് അബ്ദുള്ള മോചിതനാകുന്നത്.

ബോളിവുഡ് താരം ഷാരുഖ് ഖാനെ കാണാനുള്ള ആഗ്രഹവുമായി അട്ടാറിവാഗ അതിര്‍ത്തി മുറിച്ച് കടന്ന് ഇന്ത്യയില്‍ എത്തിയതാണ് അബ്ദുള്ള ഷാ (21). വാഗ അതിര്‍ത്തിയില്‍ പതാക താഴ്ത്തുന്ന ചടങ്ങില്‍ സാക്ഷിയായ ശേഷം ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. ഷാരുഖ് ഖാനെ കാണാനായ നിയമപരമായ രീതിയില്‍ തന്നെ തിരികെ എത്തും എന്നാണ് ജയില്‍ മോചിതനായതിന് ശേഷം അബ്ദുള്ള പറഞ്ഞത്.

2008ല്‍ അനധികൃതമായി ഇന്ത്യന്‍ പാസ്‌പോര്‍ട്ട് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വാര്‍സി പിടിയിലാകുന്നത്. 2003ല്‍ നിയമപരമായ രീതിയില്‍ ഇന്ത്യയില്‍ എത്തിയ വാര്‍സി, ഷാസിയ എന്ന ഇന്ത്യന്‍ യുവതിയെ വിവാഹം ചെയ്തിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുമുണ്ട്. തുടര്‍ന്ന് ഭാര്യാ പിതാവിന്റെ സ്വത്ത് ആവശ്യപ്പെട്ടാണ് വീണ്ടുമെത്തിയത്. തന്റെ കുടുംബത്തെ പാക്കിസ്ഥാനിലേക്ക് കൊണ്ടു പോകുന്നത് കഠിനമാണെങ്കിലും നിയമപരമായി അത് ചെയ്യുമെന്ന് വാര്‍സി പറഞ്ഞു.

Top