ഇന്ത്യന്‍ ഐടി വ്യവസായത്തിന്റെ പിതാവിന് വിട

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കയറ്റുമതിക്കാരായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) സ്ഥാപകനും ആദ്യത്തെ സിഇഒയുമായിരുന്ന ഫകീര്‍ ചന്ദ് കോലി അഥവാ എഫ്സി കോലി അന്തരിച്ചു. 96 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു മരണം. ടിസിഎസിനെ ഇന്ന് കാണുന്ന നിലയില്‍ എത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചയാളാണ് ഫകീര്‍ ചന്ദ് കോലിയെന്നും അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണങ്ങള്‍ കമ്പനിക്കെന്നും മുതല്‍കൂട്ടായിരുന്നെന്നും ടാടാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാടാ പറഞ്ഞു. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അദ്ദേഹം ഉയര്‍ന്ന നിലവാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും, സോഫ്റ്റ്വെയര്‍ സേവനങ്ങള്‍ക്കായി ഇന്ത്യയെ ആഗോള ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയ ദര്‍ശകനെന്ന ബഹുമതിയും കോലിക്ക് സ്വന്തമായിരുന്നു.

1924 മാര്‍ച്ച് 19ന് പെഷവാറില്‍ ജനിച്ച എഫ്സി കോലി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പഞ്ചാബ് സര്‍വകലാശാലയ്ക്ക് കീഴില്‍ ബാച്ച്‌ലര്‍ ഓഫ് ആര്‍ടിസിലും ബിഎസ്സിയിലും ബിരുദം നേടി. ബിരുദ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1948 ല്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിഎസ്സി പൂര്‍ത്തിയാക്കി. കനേഡിയന്‍ ജനറല്‍ ഇലക്ട്രിക് കമ്പനിയില്‍ ഒരു വര്‍ഷം ജോലി ചെയ്ത ശേഷം, 1950ല്‍ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ എംഎസ് ബിരുദവും നേടി. 1951 ഓഗസ്റ്റില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം ടാറ്റ ഇലക്ട്രിക് കമ്പനിയില്‍ ചേര്‍ന്നു. 1969 സെപ്റ്റംബറില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ജനറല്‍ മാനേജരായി സ്ഥാനമേറ്റു. 1974ല്‍ അദ്ദേഹം ടാറ്റ ഡയറക്ടറായും 1994ല്‍ ടിസിഎസിന്റെ ഡെപ്യൂട്ടി ചെയര്‍മാനായും നിയമിതനായി. 1968ല്‍ മുംബൈ ആസ്ഥാനമായി ടിസിഎസ് സ്ഥാപിക്കുകയും ആദ്യത്തെ സിഇഒയായി സ്ഥാനമേല്‍ക്കുകയും ചെയ്തു.

ടാറ്റ എല്‍ക്‌സി ഇന്ത്യ ലിമിറ്റഡ്, ഡബ്ല്യുടിഐ അഡ്വാന്‍സ്ഡ് ടെക്‌നോളജി ലിമിറ്റഡ് എന്നിവയുടെ ചെയര്‍മാനായും ടാറ്റ സണ്‍സ് ലിമിറ്റഡ്, ടാറ്റ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, എയര്‍ലൈന്‍ സോഫ്‌റ്റ്വെയര്‍ ഡെവലപ്‌മെന്റ് കണ്‍സള്‍ട്ടന്‍സി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ടാറ്റ യൂനിസിസ് ലിമിറ്റഡ്, ടാറ്റ ടെക്‌നോളജീസ് ലിമിറ്റഡ് സിംഗപ്പൂര്‍, ഇന്‍വെസ്റ്റര്‍ സര്‍വീസസ്, ഇന്ത്യ ലിമിറ്റഡ്, ത്രിവേണി എഞ്ചിനീയറിംഗ് വര്‍ക്ക്‌സ്, അബാക്കസ് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റംസ്, ടാറ്റ ഇലക്ട്രിക് കമ്പനി, ടാറ്റ ഹണിവെല്‍ ലിമിറ്റഡ്, ബ്രാഡ്മ ഓഫ് ഇന്ത്യ ലിമിറ്റഡ്, എയര്‍ലൈന്‍ ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ട് സര്‍വീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബോര്‍ഡ് ഡയറക്ടറായും കോലി സേവനമനുഷ്ഠിച്ചയാളാണ് എഫ്സി കോലി. 1995-96 കാലഘട്ടത്തില്‍ നാസ്‌കോമിന്റെ പ്രസിഡന്റുമായിരുന്നു അദ്ദേഹം.

Top