ഇന്ത്യയുമായി വ്യാപാരം തുടരുമെന്ന് ഇറാന്‍; അമേരിക്കയുടെ ഭീഷണികള്‍ക്ക് മറുപടി

ന്യൂഡല്‍ഹി:ഇറാനില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ അറിയിച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രി. യു.എന്‍ സുരക്ഷ കൗണ്‍സില്‍ യോഗത്തിനിടെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് തീരുമാനം അറിയിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് പിന്‍മാറിയതിന്ശേഷം ഇന്ത്യയടക്കമുള്ള സൗഹൃദ രാജ്യങ്ങളോട് ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യ എണ്ണ ഇറക്കുമതിയില്‍ കുറവ് വരുത്തുമെന്ന രീതിയിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു.

ഇന്ത്യ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇനിയും തുടരും. മാത്രമല്ല സാമ്പത്തിക മേഖലയില്‍ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായുള്ള ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ജാവേദ് സരിഫ് പറഞ്ഞു.

ചൈന കഴിഞ്ഞാന്‍ ഇറാന്റെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഇന്ത്യയെ പിണക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇറാനെ ഒറ്റപ്പെടുത്തുന്നതിനായി വ്യപാരമേഖലയിലടക്കം കനത്ത നിയന്ത്രണമാണ് അമേരിക്ക കൊണ്ടുവന്നിരിക്കുന്നത്. ഇതിന് മറുപടിയായി യൂറോപ്യന്‍ രാജ്യങ്ങളോടും ചൈനയോടും സഹകരിച്ച് പുതിയ വ്യപാര കരാറിന് തെഹ്റാന്‍ തുടക്കം കുറിച്ചിരുന്നു.

Top