indian industrial growth

ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യാവസായിക ഉത്പാദനം വളര്‍ച്ച നിരക്ക്‌ താഴേയ്ക്ക്. ഒക്ടോബറില്‍ 1.9 ശതമാനം ഇടിവാണുണ്ടായത്.

സെപ്റ്റംബറില്‍ നേരിയ തോതില്‍ ഉയര്‍ന്ന ശേഷമാണ് ഒക്ടോബറില്‍ ഉത്പാദനം താഴേക്ക് പതിച്ചത്.

സെപ്തംബറില്‍ 0.67 ശതമാനമായിരുന്നു വളര്‍ച്ച. ഉത്പാദന മേഖല, ഖനനം എന്നിവയിലെ മോശം പ്രകടനമാണ് ഒക്ടോബറില്‍ വ്യാവസായിക ഉത്പാദനം ഇടിയാന്‍ കാരണം. 2015 ഒക്ടോബറില്‍ 9.9 ശതമാനം വളര്‍ച്ച നേടിയ സ്ഥാനത്താണ് ഇത്തവണ 1.9 ശതമാനം ഇടിവുണ്ടായത്.

മാനുഫാക്ചറിങ് മേഖലയിലെ ഉത്പാദനം ഇത്തവണ 2.4 ശതമാനമാണ് ഇടിഞ്ഞത്. 22 വ്യവസായ മേഖലകളില്‍ 12 എണ്ണത്തിലും മാന്ദ്യം ദൃശ്യമായിരുന്നു. ഉപഭോകൃത ഉത്പന്നങ്ങളുടെ ഉത്പാദനം 1.6 ശതമാനമാണ് താഴ്ന്നത്. ഖനന മേഖലയിലെ ഉത്പാദനം 1.1 ശതമാനം ഇടിഞ്ഞു. അതേസമയം, വൈദ്യുതി ഉത്പാദനം 1.1 ശതമാനം ഉയര്‍ന്നിട്ടുണ്ട്.

നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഏഴ് മാസക്കാലത്ത് ഖനനമേഖലയില്‍ നിന്നുള്ള ഉത്പാദനം 0.2 ശതമാനവും മാനുഫാക്ചറിങ് രംഗത്തുനിന്നുള്ളത് ഒരു ശതമാനവും ഇടിഞ്ഞു. വരുംമാസങ്ങളില്‍ വ്യാവസായിക വളര്‍ച്ച വീണ്ടും ഇടിയും.

നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് വിപണിയിലേക്കുള്ള പണമൊഴുക്ക് കുറഞ്ഞതിന്റെ ഫലമായാണ് ഇത്. നവംബര്‍ എട്ടിനാണ് രാജ്യത്ത് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയത്. അതിനാല്‍, നവംബര്‍ മുതലുള്ള വ്യവസായിക ഉത്പാദന കണക്കുകള്‍ കൂടുതല്‍ നഷ്ടത്തിന്റേതായിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അനുമാനം.

Top