സ്വാതന്ത്ര്യ സമരവും കമ്യൂണിസ്റ്റുകളും, അറിയേണ്ട ചരിത്രം തന്നെയാണതും !

രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാമത് വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ വ്യത്യസ്തമായ ഒരു ഫെയ്‌സ് ബുക്ക് കുറിപ്പും ശ്രദ്ധേയമാവുകയാണ്. ‘സ്വാതന്ത്ര്യ സമരവും കമ്യൂണിസ്റ്റുകാരും’ എന്ന വിഷയത്തെ ആധാരമാക്കി വേണുഗോപാലന്‍.കെ.എ എഴുതിയ ലേഖനത്തിലെ ചില ഭാഗങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. ചെങ്കൊടി കണ്ടാല്‍ ചുവപ്പ് കണ്ട കാളയെ പോലെ കലി തുള്ളുന്നവര്‍ക്കുള്ള ഒന്നാംന്തരം മറുപടിയും  ഈ ലേഖനത്തിലുണ്ട്. ഇന്ത്യന്‍ സ്വാതന്ത്രസമരത്തില്‍ കമ്മ്യൂണിസ്റ്റുകാരുടെ പങ്ക് ഒരു വിവാദ വിഷയമാക്കാനാണ് ഭരണവര്‍ഗപാര്‍ട്ടികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്ന ആമുഖത്തോടെയാണ് വേണുഗോപാലന്‍, ചോര ചിതറിയ പോരാട്ട നാളുകളിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിച്ചിരിക്കുന്നത്.

നാടുവാഴി – ഭൂപ്രഭു വിരുദ്ധ കര്‍ഷക സമരങ്ങള്‍  എങ്ങനെയാണ് സാമ്രാജ്യത്വ വിരുദ്ധ സമരം അല്ലെങ്കില്‍ സ്വാതന്ത്ര്യ സമരം ആവുക എന്ന ചോദ്യങ്ങള്‍ക്കും വ്യക്തവും ശക്തവുമായ മറുപടിയാണ് ഈ എഴുത്തുകാരന്‍ നല്‍കിയിരിക്കുന്നത്. ലേഖനത്തിലെ പ്രസക്തമായ ഭാഗങ്ങള്‍ പൊതുസമൂഹത്തിനു മുന്നിലേക്കായി ഇവിടെ അവതരിപ്പിക്കുകയാണ്.

1857 ല്‍ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരം ഈസ്റ്റിന്ത്യാ കമ്പനി അധികാരം പിടിച്ചെടുത്തത് മൂലം അധികാരം നഷ്ടപ്പെട്ട നാടുവാഴികളുടെയും  ഭൂപ്രഭുക്കളുടെയും നേതൃത്വത്തില്‍ ആയിരുന്നു. ആ സമരത്തിന്റെ മൗലികമായ ദൗര്‍ബല്യം എന്ത് എന്ന് ഇഎംഎസ് വിശദീകരിക്കുന്നുണ്ട്. ‘സമരത്തിന്റെ വേലിയിറക്കം തുടങ്ങിയ നിമിഷത്തില്‍ തന്നെ ബ്രിട്ടീഷുകാരുമായി കൂടിയാലോചന നടത്താന്‍ ജീവനും ക്ഷിച്ചെടുക്കാവുന്നിടത്തോളം സ്വത്തും രക്ഷിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഒത്തുതീര്‍പ്പില്‍ എത്താന്‍ ബഹദൂര്‍ഷയും അദ്ദേഹത്തിന്റെ പത്‌നിയും കഴിയുന്നതെല്ലാം ചെയ്തു നോക്കി. തടവുകാരന്‍ എന്ന നിലയ്ക്ക് ഡല്‍ഹി കോട്ടയില്‍ തന്നെ കഴിച്ചുകൂട്ടേണ്ടി വന്നപ്പോഴും  വിചാരണയില്‍ താന്‍ കുറ്റക്കാരനല്ലെന്ന് തെളിയിക്കുന്നതിനു വേണ്ടി  കലാപകാരികളുടെ നിര്‍ബന്ധം നിമിത്തം അവര്‍ക്ക് തന്റെ പേര്‍ കൊടുക്കുകയല്ലാതെ  മറ്റൊന്നും ചെയ്തിട്ടില്ലെന്ന് കോടതിയില്‍ ബോധിപ്പിക്കാനാണ് അക്ബര്‍ – ഔറംഗസീബുമാരുടെ അനന്തരാവകാശി ഒരുമ്പെട്ടത്.

ബഹുദൂര്‍ഷ എന്ന ഒരു വ്യക്തിയുടെയല്ല അദ്ദേഹം പ്രതിനിധാനം ചെയ്ത ഒരു വര്‍ഗത്തിന്റെ ലജ്ജാവഹമായ അധ:പതനവും കീഴടങ്ങലുമാണിത് കുറിച്ചത്. ‘ഇഎംഎസ് തുടരുന്നു. ‘ഈ വര്‍ഗത്തില്‍ നിന്നുതന്നെ ഉയര്‍ന്നുവന്ന നാനാ സാഹിബ് മാരും  ജാന്‍സി റാണിമാരും  തങ്ങളുടെതായ വ്യക്തിമുദ്ര ഈ സമര ചരിത്രത്തില്‍ പതിപ്പിച്ചു എന്നത് നേരാണ്. പക്ഷേ അവരും അവസാനം പരാജയപ്പെട്ടത്  അവരുടെ സ്വന്തം വര്‍ഗത്തിലെ ഭൂരിപക്ഷത്തിന്റെ വഞ്ചന നിമിത്തമാണ്. ബഹദൂര്‍ഷായെപ്പോലെ  ജനകീയ കലാപത്തിന്റെ വേലിയേറ്റ സന്ദര്‍ഭത്തില്‍ പോലും കലാപകാരികളുടെ കൂടെ നില്‍ക്കാന്‍ തയ്യാറാവാതെ അവരെ അടിച്ചമര്‍ത്തുന്നതില്‍ വിദേശികള്‍ക്ക് സഹായസഹകരണങ്ങള്‍ നല്‍കിയവരാണ് ഇവര്‍. വിധി നിര്‍ണായകമായ ഘട്ടത്തില്‍ ശത്രുവിന് കീഴടങ്ങിയിട്ടായാലും തുടര്‍ച്ചയായി ശത്രുവിന്റെ കൂടെ നിന്നിട്ടുള്ള മറ്റു ഫ്യൂഡല്‍ പ്രഭുക്കളും അടങ്ങുന്ന ഒരു വര്‍ഗമാണ് അന്നത്തെ സമൂഹത്തിന്റെ തലപ്പത്ത് ഉണ്ടായിരുന്നത്. ഇതാണ് ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന  ഈ പ്രസ്ഥാനത്തിന്റെ മൗലിക ദൗര്‍ബല്യം ‘

ഈ മൗലിക ദൗര്‍ബല്യമാണ്, പിന്നീട് സാമ്രാജ്യത്വത്തിന്റെ സഖ്യ ശക്തിയായി ഇന്ത്യയിലെ നടുവാഴിത്തത്തെയും ഭൂപ്രഭുത്വത്തെയും മാറ്റിയത്. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം ഇംഗ്ലണ്ടിലെ ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍നിന്ന് ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് രാജ്ഞി നേരിട്ട് ഏറ്റെടുക്കുന്നുണ്ട്. അക്കാലത്ത് ഏറെ ജനസ്വാധീനം ഉണ്ടായിരുന്ന നാടുവാഴികളെയും, ഭൂപ്രഭുക്കളേയും കൂടെ നിര്‍ത്തുന്നതിനാണ് രാജ്ഞി തുടര്‍ന്ന് ശ്രമിച്ചത്. അങ്ങനെ അധികാരമേറ്റതിനുശേഷം നാട്ടുരാജാക്കന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് രാജ്ഞി ഇങ്ങനെ പറഞ്ഞു. ‘ഈസ്റ്റിന്ത്യാ കമ്പനിയോ, അവരുടെ പ്രതിനിധികളോ, നാട്ടുരാജാക്കന്മാരുമായി ഇതുവരെ ഉണ്ടാക്കിയ എല്ലാ കരാറുകളും  ധാരണകളും സ്വീകരിക്കാനും അവ സൂക്ഷ്മമായി നടപ്പാക്കുവാനും നാം തയ്യാറായിരിക്കും. നാട്ടുരാജാക്കന്മാരുടെ അവകാശങ്ങളും  പദവിയും സ്ഥാനമാനങ്ങളും നമ്മുടേതെന്ന പോലെ ബഹുമാനത്തോടുകൂടി നാം കണക്കാക്കും. ‘ ഇതോടെ ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ നാട്ടുരാജാക്കന്മാരുടെ അധികാര അവകാശങ്ങള്‍ക്ക് ഉറപ്പു കിട്ടി.

തുടര്‍ന്നു ഭൂപ്രഭുക്കള്‍ക്കുള്ള വാഗ്ദാനമായിരുന്നു. ‘പിതാമഹ,  പ്രപിതാ മഹാന്മാരില്‍ നിന്ന്, പാരമ്പര്യമായി കിട്ടിയ ഭൂസ്വത്തുക്കളോട് ഇന്ത്യക്കാര്‍ക്കുള്ള മമതാബോധം നമുക്കറിയാം. നാം അതിനെ വിലമതിക്കും. അതു സംബന്ധിച്ച എല്ലാ അവകാശങ്ങളും സംരക്ഷിക്കാന്‍ നാം ആഗ്രഹിക്കുന്നു. നിയമങ്ങള്‍ ഉണ്ടാക്കുകയും നടപ്പിലാക്കുകയും ചെയ്യുമ്പോള്‍ ഇന്ത്യയില്‍ പൗരാണിക കാലം തൊട്ട് നിലനില്‍പ്പുള്ള അവകാശങ്ങള്‍ കീഴ് വഴക്കങ്ങള്‍, ആചാരനടപടികള്‍ എന്നിവക്കെല്ലാം അര്‍ഹമായ പരിഗണന കൊടുക്കുന്നതായിരിക്കും ‘ഭൂപ്രഭുക്കള്‍ക്ക് സാമ്പത്തികമായി മാത്രമല്ല ജാതിവ്യവസ്ഥയുടെ തലപ്പത്തിരിക്കുന്നവര്‍ എന്ന നിലക്കുള്ള അവകാശങ്ങളും അവയെ ആസ്പദമാക്കിയ നിയമങ്ങളും  കീഴ് വഴക്കങ്ങളും ആചാരങ്ങളും  സംരക്ഷിക്കുമെന്നാണ് ഈ പ്രഖ്യാപനത്തിലൂടെ വിക്ടോറിയാ രാജ്ഞി വ്യക്തമാക്കിയത്.

ബ്രിട്ടീഷ് ഭരണത്തിന്റെ ഇന്ത്യയിലെ  സാമൂഹിക അടിത്തറയായി  സഖ്യ ശക്തിയായി സവര്‍ണ – ജന്മി – നാടുവാഴിവസ്ഥയെ മാറ്റിയെടുക്കുകയാണ്  ബ്രിട്ടീഷ് ഭരണകൂടം ഇതിലൂടെ ചെയ്തത്. സാമ്രാജ്യത്വത്തിന്റെ സഖ്യശക്തിയായി  ഇതോടെ ഇന്ത്യയിലെ ഭരണവര്‍ഗ്ഗം മാറി. ഒന്നാം സ്വാതന്ത്ര്യ സമരം നയിച്ച നാടുവാഴി- ഭൂപ്രഭു വിഭാഗം സാമ്രാജ്യത്വ ശക്തികളുടെ ഉറച്ച സഖ്യ ശക്തിയായി മാറിയത് ഇതോടെയാണ്. അതുകൊണ്ടാണ്, ഭൂപ്രഭു വിരുദ്ധ -നാടുവാഴിത്ത വിരുദ്ധ കര്‍ഷക പോരാട്ടങ്ങള്‍  സാമ്രാജ്യത്വവിരുദ്ധ പോരാട്ടമായി മാറിയത്. ചരിത്രത്തെ വര്‍ഗപരമായി വിശകലനം ചെയ്യാത്തതു കൊണ്ടാണ്  മറുപക്ഷം ഈ ചോദ്യമുന്നയിക്കാന്‍ തയ്യാറാവുന്നത്.

അടുത്ത ചോദ്യം പണിമുടക്കുകള്‍ എങ്ങനെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാവും എന്നതാണ്. ഇന്ത്യയിലെ അന്നത്തെ ഏറ്റവും വലിയ വന്‍കിട മുതലാളിയായ ജാം ഷഡ്ജി ടാറ്റ  ആദ്യമായി ഒരു തുണിമില്‍ തുടങ്ങിയപ്പോള്‍ അതിന് പേരിട്ടത് എംപ്‌റസ് മില്‍ എന്നായിരുന്നു. പിന്നീട് ഒരു തുണി മില്‍ തുടങ്ങിയപ്പോള്‍  അതിന് സ്വദേശി മില്‍ എന്ന പേരിടാനും ടാറ്റ തയ്യാറായി. ഒരുഭാഗത്ത് സാമ്രാജ്യത്വവുമായി സഹകരിക്കുവാനും മറുഭാഗത്ത് അതിനെ എതിര്‍ക്കുവാനുമുള്ള, ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ വര്‍ഗസ്വഭാവമാണ്  ഈ പേരിടലുകളിലൂടെ പ്രത്യക്ഷമാവുന്നത്. തുടക്കത്തില്‍ ദല്ലാള്‍ ബൂര്‍ഷ്വാസിയായി പ്രവര്‍ത്തിച്ചുവന്നിരുന്ന ഇന്ത്യന്‍ ബൂര്‍ഷ്വാ പടിപടിയായാണ് ദേശീയ ബൂര്‍ഷ്വാസിയായി മാറുന്നത്. അതുകൊണ്ടുതന്നെ, തൊഴിലാളി വര്‍ഗത്തെ സംഘടിപ്പിക്കലും , പണിമുടക്ക് സംഘടിപ്പിക്കലും ഒക്കെ തന്നെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമാണ്.

മറ്റൊരു ചോദ്യം കിറ്റിന്ത്യാ സമരത്തിനെ വഞ്ചിച്ചവരല്ലേ കമ്യൂണിസ്റ്റുകാര്‍ എന്നതാണ്. വഞ്ചന എന്ന പദത്തിന്, ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലിയില്‍ നല്‍കിയിട്ടുള്ള അര്‍ത്ഥം ഇങ്ങനെയാണ്. ‘ചതി, ചതിക്കല്‍, കബളിപ്പിക്കല്‍, വിശ്വാസം ലംഘിക്കല്‍, ചതിച്ചു തട്ടിയെടുക്കല്‍, മിഥ്യാ ധാരണ, നഷ്ടം ‘എന്നിങ്ങനെയാണ്. ഇതില്‍ വിശ്വാസം ലംഘിക്കലാണ് ഇവിടെയ്ക്ക് കൂടുതല്‍ കൃത്യമായ പദപ്രയോഗം. നമ്മളില്‍ വിശ്വാസം അര്‍പ്പിക്കാത്ത ഒരാളെ നമുക്ക് വഞ്ചിക്കാനാവില്ല. ക്വിറ്റിന്ത്യാ സമരത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അങ്ങനെ ഒരു വഞ്ചന നടത്തിയിട്ടുണ്ടോ ? 1942 ആഗസ്റ്റ് എട്ടിന്, ബോംബെയില്‍ ചേര്‍ന്ന എ ഐ സി സി സമ്മേളനമാണ് ക്വിറ്റിന്ത്യാ സമരം പ്രഖ്യാപിക്കുന്നത്. അതാവട്ടെ, ഗാന്ധിജിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയും. നെഹ്‌റു അടക്കം തുടക്കത്തില്‍ അതിന് എതിരായിരുന്നു. അങ്ങനെയൊരു തീരുമാനം എടുക്കുന്നതിന് മുമ്പ് ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെടുകയോ തങ്ങള്‍ പ്രഖ്യാപിക്കാന്‍ പോകുന്ന സമരത്തിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല.

അങ്ങനെ പിന്തുണ ആവശ്യപ്പെടുകയും അതിന് കമ്മ്യൂണിസ്റ്റുകാര്‍ സമ്മതിക്കുകയും  എന്നിട്ട് സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നെങ്കില്‍ കമ്മ്യൂണിസ്റ്റുകാര്‍ വഞ്ചിച്ചു എന്ന് പറയുന്നത് 100% ശരിയാകുമായിരുന്നു. ക്വിറ്റിന്ത്യാ സമരം കോണ്‍ഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപിച്ച ഒരു സമരമാണ്. അത് പ്രഖ്യാപിക്കുന്നതിന് മുമ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായോ യാതൊരു ആലോചനയും  കോണ്‍ഗ്രസ് നടത്തിയിട്ടില്ല. സ്വയം പ്രഖ്യാപിച്ച സമരം നടത്തേണ്ടതും വിജയിപ്പിക്കേണ്ടതും കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വമാണ്. മാത്രവുമല്ല വര്‍ഗ്ഗപരമായി ഈ രണ്ടു പാര്‍ട്ടികളും വിപരീതമായ നിലപാടുകളില്‍ നില്‍ക്കുന്നവരുമാണ്. കോണ്‍ഗ്രസ് ഇന്ത്യയിലെ ബൂര്‍ഷ്വാ ഭൂപ്രഭുവര്‍ഗങ്ങളുടെ  കാഴ്ചപ്പാടോടെയാണ് സാമ്രാജ്യത്വ വിരുദ്ധ സമരത്തെ കണ്ടിരുന്നതെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തൊഴിലാളിവര്‍ഗ്ഗത്തിന്റെ കാഴ്ചപ്പാടോടെയാണ് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തെ കണ്ടത്. ഇത് തമ്മില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടാവുക സ്വാഭാവികം.

എന്താണ് കിറ്റിന്ത്യാ സമരവുമായി ബന്ധപ്പെട്ട് സംഭവിച്ചത് ? 1941 ജൂണില്‍  ഹിറ്റ്‌ലര്‍  സോവിയറ്റ് യൂണിനെ ആക്രമിച്ചതിനെ തുടര്‍ന്ന്  യുദ്ധത്തിന്റെ സ്വഭാവത്തില്‍ മാറ്റം വന്നതായി കമ്മ്യൂണിസ്റ്റുകാര്‍ വിലയിരുത്തി. സോവിയറ്റ് യൂണിയന്‍ അന്ന് ലോകത്തിലുള്ള ഏക സോഷ്യലിസ്റ്റ് രാജ്യമാണ്. ഇതോടെ സോവിയറ്റ് യൂണിയന്‍ സഖ്യശക്തികളുടെ കൂടെ ചേര്‍ന്നു. അതോടെ, ഒരുഭാഗത്ത് ഫാസിസ്റ്റ് ശക്തികളും മറുഭാഗത്ത് ഫാസിസ്റ്റ് വിരുദ്ധരും എന്ന രൂപത്തില്‍ യുദ്ധത്തിന്റെ സ്വഭാവത്തില്‍ മാറ്റം വന്നു. എന്നാല്‍ ഉടന്‍തന്നെ നിലപാടില്‍ മാറ്റം വരുത്താന്‍ സിപിഐക്ക് കഴിഞ്ഞില്ല.1941 ജൂലൈ വരെ സാമ്രാജ്യത്വത്തെ എതിര്‍ക്കുക എന്ന നയമാണ്  പാര്‍ട്ടി പിന്തുടര്‍ന്നത്. ആ സമയത്ത് ദിയോളി തടങ്കല്‍ പാളയത്തില്‍ കഴിഞ്ഞിരുന്ന കമ്മ്യൂണിസ്റ്റുകാരായ കരുതല്‍ തടങ്കലുകാര്‍ യുദ്ധം സംബന്ധിച്ച പാര്‍ട്ടി നിലപാടിനെ ചോദ്യം ചെയ്തു. ബി ടി രണദിവെയുടെ നേതൃത്വത്തിലുള്ള അവര്‍  യുദ്ധത്തെ സംബന്ധിച്ച വിലയിരുത്തലിലും  പാര്‍ട്ടി പിന്തുടരേണ്ട അടവിന്റെ കാര്യത്തിലും മാറ്റം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു രേഖ പൊളിറ്റ് ബ്യൂറോക്ക് അയച്ചു കൊടുത്തു.

സോവിയറ്റ് യൂണിയനെ നാസികള്‍ അക്രമിച്ചതോടെ  യുദ്ധം ഫാസിസത്തിനെതിരായ  ജനകീയ യുദ്ധത്തിന്റെ സ്വഭാവം കൈവരിച്ചു എന്ന് അവര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് നടന്ന ചര്‍ച്ചകളുടെ ഫലമായി  1941 ഡിസംബറില്‍  പൊളിറ്റ് ബ്യൂറോ ഒരു പ്രമേയം അംഗീകരിച്ചു. സോവിയറ്റ് യൂണിയന് നേരെ ഹിറ്റ്‌ലറുടെ ആക്രമണം ഉണ്ടായതോടെ  യുദ്ധത്തിന്റെ സ്വഭാവത്തില്‍ മൗലികമായ മാറ്റം ഉണ്ടായതായി ഈ പ്രമേയം വ്യക്തമാക്കി. ഇപ്പോള്‍ അത് സാമ്രാജ്യത്വ യുദ്ധമല്ല മറിച്ച് ജനകീയ യുദ്ധമായി മാറിയിരിക്കുന്നു. രാജ്യത്ത് ഒരു ജനകീയ യുദ്ധപ്രസ്ഥാനം വികസിപ്പിക്കാന്‍  പ്രമേയം ആഹ്വാനം ചെയ്തു. ഫാസിസത്തിനെതിരായ ജനകീയ യുദ്ധത്തില്‍ വിജയം സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യന്‍ ജനതയുടെ സമരത്തെ സഹായിക്കും എന്നും  പ്രമേയം വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഈ നിലപാടുകളൊക്കെ എടുത്തത് പരസ്യമായിട്ടാണ് ; രഹസ്യമായിട്ടല്ല. എന്നാല്‍ ജനകീയ യുദ്ധം എന്ന മുദ്രാവാക്യവും സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യയുടെ സമരത്തെ ഫാസിസത്തിനെതിരായി ലോകവ്യാപകമായി നടക്കുന്ന പോരാട്ടവുമായി കൂട്ടിയോജിപ്പിക്കുക എന്ന നയവും  ദേശീയവാദികളുടെയും ഇടതുപക്ഷ ദേശീയവാദികളുടെയും ഇടയില്‍ അനുകൂലമായ അഭിപ്രായം ഉണ്ടാക്കിയില്ല.

പാര്‍ട്ടിയുടെ ഈ നിലപാട്  ജനങ്ങള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന സാമ്രാജ്യത്വ വിരുദ്ധ പൊതുവികാരത്തിന് എതിരായിരുന്നു. ക്വിറ്റിന്ത്യാ പ്രസ്ഥാനത്തോടുള്ള എതിര്‍പ്പ് ദേശീയ രാഷ്ട്രീയ സമരങ്ങളില്‍ നിന്നും  പാര്‍ട്ടിയുടെ ഒറ്റപ്പെടലിന് ഇടയാക്കി. അതേ തുടര്‍ന്ന് സ്വാതന്ത്ര്യാനന്തരം പാര്‍ട്ടി, ഈ നിലപാട് പരിശോധിക്കുകയും  ചുവടെ ചേര്‍ക്കുന്ന നിഗമനങ്ങളില്‍ എത്തുകയും ചെയ്തു. ജനകീയ യുദ്ധം എന്ന രാഷ്ട്രീയ നയം പൊതുവില്‍ ശരിയായിരുന്നു എങ്കിലും, പാര്‍ട്ടി ഗുരുതരമായ ചില പിശകുകള്‍ വരുത്തി. അതിന് കനത്ത വില കൊടുക്കേണ്ടതായി വന്നു. ജനകീയ യുദ്ധത്തെ പിന്തുണച്ചത് ശരിയായി തന്നെ  സാര്‍വദേശീയ രംഗത്തെ വൈരുദ്ധ്യത്തെ, ദേശീയതലത്തിലെ വൈരുദ്ധ്യവുമായി പൊരുത്തപ്പെടുത്തുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. സാര്‍വദേശീയ രംഗത്ത് ഫാസിസത്തിനെതിരായ സമരമാണ് മുഖ്യവൈരുദ്ധ്യം എന്നിരിക്കലും ദേശീയതലത്തില്‍ ഇന്ത്യയിലെ ജനങ്ങളും  ബ്രിട്ടീഷ് സാമ്രാജ്യത്വവും തമ്മിലുള്ള വൈരുദ്ധമായിരുന്നു ആധിപത്യം വഹിച്ചിരുന്നത്. അതിനാല്‍, ക്വിറ്റിന്ത്യാ സമരത്തെ എതിര്‍ത്തതും  യുദ്ധത്തെ അപകടപ്പെടുത്തും എന്ന വാദമുയര്‍ത്തി ബഹുജന സമരങ്ങള്‍ ഒഴിവാക്കിയതും ആയ നയം സ്വീകരിച്ചത് പാര്‍ട്ടിയുടെ ഭാഗത്തുനിന്നുള്ള തെറ്റായിരുന്നു.

എന്നാല്‍ 1945 ല്‍ യുദ്ധം അവസാനിച്ചതിനുശേഷം ഉണ്ടായ  യുദ്ധാനന്തര മുന്നേറ്റത്തില്‍ നിരവധി ഉശിരന്‍ സമരങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം കൊടുത്തു. യുദ്ധ സാഹചര്യം മൂലം ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങള്‍ക്കെതിരെ  ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ചത്  പുതിയ ജനവിഭാഗങ്ങള്‍ക്കിടയിലും പുതിയ മേഖലകളിലും ബന്ധങ്ങള്‍ വികസിപ്പിക്കാന്‍ പാര്‍ട്ടിയെ സഹായിച്ചു. ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്ത അരുണ ആസഫലിയെ പോലുള്ള നേതാക്കള്‍ പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. പാര്‍ട്ടിക്ക് തെറ്റായ ചില ധാരണകള്‍ ഉണ്ടായിരുന്നെങ്കിലും  ബ്രിട്ടീഷ് ഭരണാധികാരികളുമായി പാര്‍ട്ടി ഒരിക്കലും സഹകരിച്ചിട്ടില്ല. 1942 സെപ്റ്റംബര്‍ രണ്ടിന് അയച്ച റിപ്പോര്‍ട്ട് അത് വ്യക്തമാക്കുന്നു. ‘സിപിഐയുടെ അംഗങ്ങളുടെ പെരുമാറ്റം തെളിയിക്കുന്നത്  ബ്രിട്ടീഷ് വിരുദ്ധ വിപ്ലവകാരികളുടെ ഒരു സംഘമാണ് അതെന്നാണ്. ‘ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ ഒരുകാലത്തും തയ്യാറായിട്ടില്ല എന്ന് ഇത് വ്യക്തമാക്കുന്നു.

അടുത്ത ആരോപണം  1947 ആഗസ്റ്റ് 15 കമ്മ്യൂണിസ്റ്റുകാര്‍ കരിദിനമായി ആചരിച്ചു എന്നാണ്. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട്  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു അഭ്യര്‍ത്ഥന പുറപ്പെടുവിച്ചിരുന്നു. അതില്‍ ഇങ്ങനെ പറഞ്ഞു. ‘നൂറ്റാണ്ടുകളായി ബ്രിട്ടീഷ് പതാക പറന്നിരുന്നിടങ്ങളിലെല്ലാം ആഗസ്റ്റ് 15ന് ഇന്ത്യയുടെ ദേശീയ പതാക പാറി പറക്കും; ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്ക്  ബ്രിട്ടീഷ് വൈസ്രോയി അധികാരം കൈമാറും; ഇപ്പോഴത്തെ ഇടക്കാല ഗവണ്‍മെന്റ്, ഭരണഘടനാ നിര്‍മ്മാണ സഭയോട് ബാധ്യതയുള്ള  താല്‍ക്കാലിക ഗവണ്‍മെന്റ് ആയി മാറും; ഇന്ത്യന്‍ യൂണിയന്‍ ജന്മമെടുക്കും. ഇന്ത്യന്‍ ജനതയുടെ മോചനത്തിനായുള്ള പോരാട്ടത്തിലെ, ചരിത്രപ്രധാനമായ, നാഴികക്കല്ലായി അത് മാറും. ഇന്ത്യയിലെ പ്രധാനപ്പെട്ട ദേശീയ സംഘടനയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്  ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും .ദേശീയ ആഹ്ലാദത്തിന്റേതായ ആ ദിനത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയും അണിചേരും. ‘ അണിചേരും എന്നാണ് പറഞ്ഞത്  കരിങ്കൊടി ഉയര്‍ത്തും എന്നല്ല.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ വഹിച്ച പങ്കെന്ത്  എന്ന് പറയാതെ  ഈ കുറിപ്പ് അവസാനിപ്പിക്കുന്നത് ശരിയല്ല. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള കാലഘട്ടത്തില്‍  ഇന്ത്യന്‍ ജനത അതിശക്തമായ സാമ്രാജ്യത്വ വിരുദ്ധ മുന്നേറ്റമാണ് നടത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഈ മുന്നേറ്റം നയിക്കുന്നതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നില്‍ നിന്നു. തേഭാഗ, പുന്നപ്ര-വയലാര്‍, വടക്കേ മലബാര്‍ എന്നീ സമരങ്ങളും വര്‍ളിയിലെ ആദിവാസികളുടെയും  ത്രിപുരയിലെ ഗോത്രവര്‍ഗക്കാരുടെയും  സമരങ്ങളും സര്‍വ്വോപരി  തെലുങ്കാന കര്‍ഷകരുടെ ചരിത്രപ്രധാനമായ സായുധസമരവും ഈ പോരാട്ടങ്ങളില്‍ പ്രാധാന്യം വഹിക്കുന്നവയാണ്. പല നാട്ടുരാജ്യങ്ങളിലും  ഉത്തരവാദിത്വഭരണം സ്ഥാപിക്കാനുള്ള  ജനകീയ പ്രസ്ഥാനങ്ങളിലും  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വപരമായ പങ്കു വഹിച്ചു.

തൊഴിലാളികളുടെയും  കര്‍ഷകരുടെയും  വിദ്യാര്‍ത്ഥികളുടെയും, സമരപരമ്പരയും ഐ എന്‍ എ തടവുകാരുടെ മോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള സമരവും 1946 ലെ നാവിക കലാപത്തോടുകൂടി ഒരു പുതിയ ഉച്ചകോടിയില്‍ എത്തി. നാവിക കലാപത്തെ കോണ്‍ഗ്രസ്സും ലീഗും തള്ളിപ്പറഞ്ഞപ്പോള്‍  കൂടെ നിന്നത് കമ്മ്യൂണിസ്റ്റുകാര്‍ മാത്രമാണ്. ഫാസിസം പരാജയപ്പെടുകയും  ദേശീയ വിമോചന പ്രസ്ഥാനങ്ങളുടെ വേലിയേറ്റം ശക്തമാകുകയും ചെയ്ത  സര്‍വ്വദേശീയ പശ്ചാത്തലത്തില്‍  ഈ ജനമുന്നേറ്റം നേരിടേണ്ടി വന്ന  ബ്രിട്ടീഷ് സാമ്രാജ്യത്വവും  പ്രമുഖ ബൂര്‍ഷ്വാപാര്‍ട്ടികളായ കോണ്‍ഗ്രസിന്റെയും മുസ്ലിംലീഗിന്റെയും നേതാക്കളും  ഒരു ഒത്തുതീര്‍പ്പിലെത്താന്‍ നിര്‍ബന്ധിതമായി. അവരുടെ വര്‍ഗ്ഗ താല്‍പര്യ സംരക്ഷണത്തിന്  പൊതുവില്‍ അതാവശ്യമായിരുന്നു. ആ ഒത്തുതീര്‍പ്പിന്റെ ഫലമാണ് ഇന്ത്യ നേടിയ ദേശീയ സ്വാതന്ത്ര്യമെന്ന് കൂടി ചൂണ്ടിക്കാട്ടിയാണ് വേണുഗോപാലന്‍ തന്റെ  പ്രതികരണം അവസാനിപ്പിച്ചിരിക്കുന്നത്.


കടപ്പാട് : വേണുഗോപാലൻ കെ.എ

Top