റിയാലിറ്റി ഷോ താരത്തെ കബളിപ്പിച്ച് പണം തട്ടി; യുവാവ് പിടിയില്‍

ARREST

മുംബൈ: റിയാലിറ്റി ഷോ താരത്തെ കബളിപ്പിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ ആള്‍ പിടിയില്‍. ഇന്ത്യന്‍ ഐഡല്‍ എന്ന സംഗീത റിയാലിറ്റി ഷോയില്‍ മാറ്റുരച്ച അവന്തി പട്ടേലാണ് തട്ടിപ്പിന് ഇരയായത്. താരത്തിന്റെ അക്കൗണ്ടില്‍ നിന്ന് 1.75 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.

അവന്തിയുടെ സഹോദരിയുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ട്. ഈ അടുത്ത കാലത്തായി അവന്തി പട്ടേലിന് ഒരു ഡെബിറ്റ് കാര്‍ഡ് ലഭിച്ചിരുന്നു. ഇതിനുശേഷം ഒരു ദിവസം പട്ടേലിന് ബാങ്കില്‍ നിന്നാണെന്ന് പറഞ്ഞ് ഒരു ഫോണ്‍ കോള്‍ ലഭിച്ചു. പങ്കജ് ശര്‍മ എന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ കാര്‍ഡ് നമ്പര്‍ പറഞ്ഞശേഷം അത് ആക്ടിവേറ്റ് ചെയ്യാന്‍ ഒ.ടി.പി നമ്പര്‍ പറഞ്ഞുതരണമെന്ന് ആവശ്യപ്പെട്ടു. പട്ടേല്‍ ഒ.ടി.പി. നമ്പര്‍ പറഞ്ഞുകൊടുക്കേണ്ട താമസം അക്കൗണ്ടില്‍ നിന്ന് മൂന്ന് തവണയായി അമ്പതിനായിരം രൂപ വീതം പിന്‍വലിക്കപ്പെട്ടു.

ഈ പണം ഉടനെ അക്കൗണ്ടിലേയ്ക്ക് തിരികെയെത്തുമെന്നും അതിനായി മറ്റൊരു അക്കൗണ്ടിന്റെ വിവരങ്ങള്‍ കൂടി നല്‍കണമെന്നും ഫോണ്‍ ചെയ്ത ആള്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് പട്ടേല്‍ സഹോദരിയുടെ അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയത്. ഇതില്‍ നിന്നും ഉടനെ അമ്പതിനായിരം രൂപയും ഇരുപത്തി അയ്യായിരം രൂപയും പിന്‍വലിക്കപ്പെട്ടു. ഈ പണം തിരികെ എത്താതായതോടെയാണ് പട്ടേല്‍ പോലീസില്‍ പരാതി നല്‍കിയത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് സ്വദേശിയായ രാജ്കുമാര്‍ മണ്ഡല്‍ എന്ന ഇരുപത്തിരണ്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് 15 മൊബൈല്‍ ഫോണുകളും നാല് പാസ്‌പോര്‍ട്ടുകളും ഡെബിറ്റ് കാര്‍ഡും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Top