ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ് ; ഇന്ത്യന്‍ പ്രതീക്ഷ ശ്രീകാന്ത് കാത്തു

സിഡ്‌നി : ശ്രീകാന്തിന് തുടര്‍ച്ചയായ രണ്ടാം സൂപ്പര്‍ സീരീസ് കിരീടം. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍ ഒളിംപിക് ചാംപ്യനും രണ്ടു തവണ ലോകചാംപ്യനുമായിരുന്ന ചെന്‍ ലോങ്ങിനെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്.

എതിരാളിക്കുമേല്‍ സമ്പൂര്‍ണാധിപത്യം പുലര്‍ത്തിയ ശ്രീകാന്ത്, നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജയിച്ചുകയറിയത്. സ്‌കോര്‍: 22–20, 21–16. ഇതുവരെ ചെന്‍ ലോങ്ങുമായി മുഖാമുഖമെത്തിയ അഞ്ചു തവണയും പരാജയപ്പെട്ട ശ്രീകാന്ത്, ഇത്തവണ രാജ്യത്തിന്റെ സ്വപ്നം സഫലമാക്കി.

തുടര്‍ച്ചയായി മൂന്ന് സൂപ്പര്‍ സീരീസ് ഫൈനല്‍ കളിക്കുന്ന അഞ്ചാമത്തെ കളിക്കാരനെന്ന ഖ്യാതിയുമായി ചെന്‍ ലോങ്ങിനെ നേരിട്ട ശ്രീകാന്ത്, ഇത്തവണയും പിഴവുകളില്ലാത്ത പ്രകടനമാണ് കാഴ്ചവച്ചത്. ഫൈനലില്‍ ശ്രീകാന്ത് തകര്‍ത്തുവിട്ട ചൈനീസ് താരം ചെന്‍ ലോങ്ങും ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള താരമാണ്. ഇന്തൊനീഷ്യയുടെ സോണി ഡ്വി കുന്‍കൊറൊ, മലേഷ്യയുടെ ലീ ചോങ് വീ, ചൈനയുടെ ലിന്‍ ഡാന്‍ എന്നിവരാണ് തുടര്‍ച്ചയായി മൂന്നു സൂപ്പര്‍ സീരീസ് ഫൈനലുകളില്‍ കളിച്ചിട്ടുള്ള മറ്റു താരങ്ങള്‍. സിംഗപ്പുര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ ഫൈനലില്‍ തോറ്റ ശ്രീകാന്ത്, ഇന്തൊനീഷ്യന്‍ ഓപ്പണില്‍ കിരീടം നേടിയിരുന്നു.

നേരത്തെ, ചൈനയുടെ ഷി യുക്വിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ശ്രീകാന്ത് ഫൈനലില്‍ കടന്നത് (10-21, 14-21). മുന്‍ ലോക മൂന്നാം നമ്പര്‍ താരമായ ശ്രീകാന്ത് സൂപ്പര്‍ ഫോമില്‍ കളം നിറഞ്ഞപ്പോള്‍ മുന്‍ ഒളിംപിക് ചാംപ്യന് മറുപടിയുണ്ടായിരുന്നില്ല. ആദ്യ സെറ്റില്‍ കടുത്ത പോരാട്ടം കാഴ്ചവയ്ക്കാനായെങ്കിലും, രണ്ടാം സെറ്റില്‍ ആധിപത്യം പുലര്‍ത്തിയ ശ്രീകാന്ത് നിഷ്പ്രയാസം സെറ്റും കിരീടവും സ്വന്തമാക്കി. ശ്രീകാന്തിന്റെ നേട്ടത്തില്‍ ആവേശത്തിമിര്‍പ്പിലാണ് ആരാധകര്‍.

Top