ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിന് തോല്‍വി

hockey

ടോക്യോ: ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിന് തോല്‍വി. ജര്‍മനിക്കെതിരായ സന്നാഹ മത്സരത്തില്‍ 3-2 എന്ന സ്‌കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഒരു ഘട്ടത്തില്‍ 2-0 എന്ന നിലയില്‍ പതറിയ ഇന്ത്യ അവിടെ നിന്ന് തിരികെ വന്ന് മികച്ച കളി കെട്ടഴിച്ചെങ്കിലും വിജയിക്കാനായില്ല. ഈ മാസം 24നാണ് ഇന്ത്യന്‍ ടീമിന്റെ ആദ്യ മത്സരം. അര്‍ജന്റീന, ഓസ്ട്രേലിയ, ജപ്പാന്‍, ന്യൂസിലാന്‍ഡ്, സ്പെയ്ന്‍ എന്നിവര്‍ അടങ്ങുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉള്ളത്.

രണ്ടാം ക്വാര്‍ട്ടറിന്റെ അവസാനം വരെ ഇന്ത്യ 2-0നു പിന്നിലായിരുന്നു. ഒരു ഫീല്‍ഡ് ഗോളും ഒരു പെനാല്‍റ്റി കോര്‍ണര്‍ ഗോളും നേടി മുന്നിലെത്തിയ ജര്‍മ്മനിയെ പിന്നീട് ഇന്ത്യ ഒപ്പം പിടിച്ചു. ദില്‍പ്രീത് സിങ്ങും മന്‍പ്രീത് സിങ്ങും ഗോള്‍ നേടി കളി സമനിലയായിക്കിയെങ്കിലും ഒരു ഗോള്‍ കൂടി നേടിയ ജര്‍മ്മനി ഇന്ത്യയെ കീഴ്‌പ്പെടുത്തുകയായിരുന്നു. മത്സരത്തില്‍ മലയാളി ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷ് രണ്ട് മികച്ച സേവുകള്‍ നടത്തിയിരുന്നു.

ഒളിമ്പിക്‌സില്‍ ഇന്ത്യ ഏറ്റവുമധികം മെഡല്‍ നേടിയിട്ടുള്ള ഇനമാണ് ഹോക്കി. 8 തവണ ഇന്ത്യന്‍ പുരുഷ ടീം ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. ആകെ 11 മെഡലുകള്‍. 1928 മുതല്‍ 1956 വരെ ഇന്ത്യ തുടര്‍ച്ചയായി 6 സ്വര്‍ണമെഡലുകള്‍ നേടി. അത് ഇപ്പോഴും റെക്കോര്‍ഡ് ആണ്. 84 ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിനു ശേഷം ഇന്ത്യ ഒരു തവണ പോലും അവസാന അഞ്ച് സ്ഥാനങ്ങളില്‍ പോലും ഫിനിഷ് ചെയ്തിട്ടില്ല. 1980 മോസ്‌കോ ഒളിമ്പിക്‌സിലാണ് ഇന്ത്യ അവസാനമായി സ്വര്‍ണമെഡല്‍ നേടിയത്. 41 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാനാണ് ഇന്ത്യ ടോക്യോയില്‍ എത്തിയിരിക്കുന്നത്.

 

Top