ഇന്ത്യന്‍ ഹോക്കി ഇതിഹാസം കേശവ് ദത്ത് അന്തരിച്ചു

കൊല്‍ക്കത്ത: ഇന്ത്യയ്ക്ക് ആദ്യമായി ഒളിംപിക്‌സ് സ്വര്‍ണം നേടിത്തന്ന ഹോക്കി സംഘത്തിലുണ്ടായിരുന്ന ഇതിഹാസതാരം കേശവ് ദത്ത് അന്തരിച്ചു. 95 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ് അന്ത്യം.

ഹോക്കിയിലെ ഇന്ത്യന്‍ സുവര്‍ണകാലത്തിന്റെ പ്രതിനിധിയാണ് കേശവ് ദത്ത്. ഹോക്കിയില്‍ ഇന്ത്യയ്ക്ക് രണ്ടുതവണ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ നേടിത്തന്ന ഹോക്കി ടീമില്‍ അംഗമായിരുന്നു അദ്ദേഹം. 1948ലെ ഒളിംപിക്‌സിലായിരുന്നു ഇന്ത്യന്‍ ഹോക്കി ടീമിന്റെ ആദ്യ മെഡല്‍നേട്ടം. ലണ്ടനിലെ ചരിത്രപ്രസിദ്ധമായ വെംബ്ലി സ്‌റ്റേഡിയത്തില്‍ ആതിഥേയരായ ബ്രിട്ടനെ 40ത്തിന് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യന്‍ സംഘം സുവര്‍ണനേട്ടം സ്വന്തമാക്കിയത്. സ്വതന്ത്രാനന്തര ഇന്ത്യയുടെ ആദ്യ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ നേട്ടം കൂടിയായിരുന്നു ഇത്.

1947ല്‍ കിഴക്കന്‍ ആഫ്രിക്കയില്‍ പര്യടനം നടത്തിയ ധ്യാന്‍ചന്ദിന്റെ നേതൃത്വത്തിലുള്ള ഹോക്കി ടീമിലും കേശവ് ദത്തുണ്ടായിരുന്നു. 1952ല്‍ ഹെല്‍സിങ്കിയില്‍ നടന്ന ഒളിംപിക്‌സില്‍ നെതര്‍ലന്‍ഡ്‌സിനെ 61ന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സംഘം രണ്ടാം ഒളിംപിക്‌സ് സ്വര്‍ണം സ്വന്തമാക്കിയത്.

1925 ഡിസംബര്‍ 29ന് ലാഹോറിലാണ് കേശവ് ദത്തിന്റെ ജനനം. പടിഞ്ഞാറന്‍ പഞ്ചാബിലെ ഗവണ്‍മെന്റ് കോളജിലായിരുന്നു വിദ്യാഭ്യാസവും കായിക പരിശീലനവും ആരംഭിച്ചത്. വിഭജനത്തിനുശേഷം മുംബൈയിലെത്തുകയും 1950ല്‍ കൊല്‍ക്കത്തയില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു.

19511953, 19571958 കാലഘട്ടങ്ങളില്‍ മോഹന്‍ ബഗാന്‍ ഹോക്കി ടീമിനെ നയിച്ചു. മോഹന്‍ ബഗാന്‍ താരമായി ആറ് ഹോക്കി ലീഗുകളില്‍ ജേതാക്കളായിട്ടുണ്ട്. 2019ല്‍ മോഹന്‍ ബഗാന്‍ രത്‌ന പുരസ്‌കാരം നേടി. ഈ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യത്തെ ഫുട്‌ബോളിതര താരവുമായിരുന്നു അദ്ദേഹം. കേശവ് ദത്തിന്റെ നിര്യാണത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചിച്ചു.

Top