അഭിനന്ദന്‍ വര്‍ധമാന്റെ മോചനം: ഇന്ത്യയ്ക്ക് മുന്നില്‍ വിലപേശി പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ ഉടന്‍ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടു. പാക്കിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് പാക്കിസ്താന്‍ വിദേശകാര്യ മന്ത്രാലയത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടത്.

അതേസമയം അഭിനന്ദനെ വിട്ടു നല്‍കുന്ന കാര്യത്തില്‍ ഉപാധികള്‍ മുന്നോട്ടുവെച്ച പാക്കിസ്ഥാന്‍ സംഘര്‍ഷം ഒഴിവാക്കിയാല്‍ പൈലറ്റിനെ വിട്ട് നല്‍കുന്ന കാര്യം ആലോചിക്കാമെന്ന് പറഞ്ഞു. പാക്ക് വിദേശകാര്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഔദ്യോഗികമായി പാകിസ്താന്‍ ഇന്ത്യക്ക് മുന്നില്‍ ഉപാധികള്‍ വെച്ചിട്ടില്ല.

ഇതിനിടെ അഭിനന്ദന്റെ മോചനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും ജനപ്രതിനിധകളും രംഗത്തെത്തിയിട്ടുണ്ട്. ഉന്നത സൈനിക ഉദ്യോഗസ്ഥരും എംപിമാരും എംഎല്‍എമാരുമടക്കമുള്ള ജനപ്രതിനിധകളും അഭിനന്ദന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടു. പൈലറ്റിനെ പിടികൂടിയതിന് പിന്നാലെ ഇന്ത്യയിലുള്ള പാക്ക് ആക്ടിങ് സ്ഥാനപതി സയ്ദ് ഹൈദര്‍ ഷായെ വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം വിളിച്ച് വരുത്തിയിരുന്നു.

ഇന്ന് കേന്ദ്ര മന്ത്രിസഭാ യോഗം സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി ചേരുന്നുണ്ട്. അഭിനന്ദന്റെ മോചനമടക്കമുള്ള കാര്യങ്ങളും അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്താന് മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള നടപടികള്‍ കൈക്കൊള്ളുന്നതിനെ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ വൈകീട്ട് 6.30 ഓടെയാണ് യോഗം ചേരുന്നത്.

Top