കാണാതായ ഇസ്ലാമബാദ് ഹൈക്കമ്മീഷനിലെ നയതന്ത്രജ്ഞര്‍ ഐഎസ്‌ഐയുടെ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്ന് കാണാതായ നയതന്ത്രജ്ഞര്‍ പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാവിലെ എട്ട് മുതല്‍ കാണാതായ രണ്ട് ജീവനക്കാരാണ് ഐഎസ്‌ഐയുടെ കസ്റ്റഡിയിലായിരിക്കുന്നത്.

സംഭവത്തെ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം പാക്കിസ്ഥാന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി. ജീവനക്കാരെ കാണാതായതിനെ തുടര്‍ന്ന് പാക്കിസ്ഥാന് ഇന്ത്യ പരാതി നല്‍കിയിരുന്നു. താമസസ്ഥലത്തുനിന്നു പുറപ്പെട്ട ഇരുവരും ജോലിക്കെത്താത് ശ്രദ്ധയില്‍പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്.

മെയ് 31ന് രണ്ട് പാകിസ്ഥാന്‍ എംബസി ഉദ്യോഗസ്ഥരെ ഇന്ത്യ ചാര പ്രവൃത്തിക്ക് കസ്റ്റഡിയിലെടുക്കുകയും പിന്നീട് ഇവരെ മടക്കി അയക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ പാകിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗം വലിയ രീതിയില്‍ ഉപദ്രവിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

മാത്രമല്ല ഇന്ത്യ എടുത്ത നിലപാടിനോടുള്ള തിരിച്ചടിയായി രണ്ട് ഉദ്യോഗസ്ഥരെ പാകിസ്ഥാന്‍ കയറ്റി അയക്കുമെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഔദ്യോഗികാവശ്യത്തിനായി പുറപ്പെട്ട രണ്ട് ഉദ്യോഗസ്ഥരെ കാണാനില്ല എന്ന വിവരം പുറത്തു വന്നിരിക്കുന്നത്. പാകിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗം തട്ടിക്കൊണ്ടു പോയതാവാമെന്ന നിഗമനങ്ങളും നിലനില്‍ക്കുന്നു.

Top