കോവിഡ് ബാധയുണ്ടോയെന്നു കണ്ടെത്താം; ആരോഗ്യ സേതു ആപ്പുമായി കേന്ദ്രസര്‍ക്കാര്‍

കോവിഡ്-19 ട്രാക്കിങ് ആപ്ലിക്കേഷനായ ആരോഗ്യ സേതു പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍.ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ ആണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്.

ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ് ഫോമുകളില്‍ ലഭ്യമാകുന്ന ആരോഗ്യ സേതു ആപ്പിലൂടെ അടിയന്തിര ആരോഗ്യ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ജനങ്ങള്‍ക്ക് വേണ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും ഈ ആപ്പ് നല്‍കും.

ആരോഗ്യ സേതു എന്നാല്‍ ‘ആരോഗ്യത്തിന്റെ ഒരു പാലം’ എന്നാണ് അര്‍ത്ഥം. ഉപയോക്താക്കള്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടോ എന്ന് തിരിച്ചറിയാനും ഈ ആപ്പ് സഹായിക്കും.അവര്‍ അറിയാതെ പോലും ഒരു കോവിഡ്-19 ബാധിച്ച വ്യക്തിയുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാം. ആരോഗ്യ സേതു പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാരിന്റെ കൈവശമുള്ള രോഗബാധിതരുടെ ഡേറ്റാബേസ് ഉപയോഗിക്കുന്നുണ്ട്.

കോവിഡ്-19 ട്രാക്കര്‍ ആപ്ലിക്കേഷന്‍ നിലവില്‍ ഹിന്ദി, ഇംഗ്ലിഷ് ഉള്‍പ്പെടെ 11 ഭാഷകളെ പിന്തുണയ്ക്കുന്നുണ്ട്. ആപ്പ് ശരിയായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ബ്ലൂടുത്ത്, ജിപിഎസ് എന്നിവ ആവശ്യമാണ്.മൊബൈല്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്. ലൊക്കേഷന്‍ അടിസ്ഥാനമാക്കി ഉപയോക്താക്കള്‍ സുരക്ഷിത സ്ഥാനത്താണോയെന്നും മനസിലാക്കാം. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ തത്സമയ ട്വീറ്റുകളും കാണാന്‍ കഴിയും. കോവിന്‍ -20 ന്റെ അവസാന പതിപ്പാണ് ആരോഗ്യ സേതു.

Top