ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ദോഹയിൽ ; ക്വാറന്‍റൈന്‍ വ്യവസ്ഥകളിൽ ഇളവ്

ദോഹ: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ദോഹയിലെത്തി. 2022ന് ഖത്തറില്‍ നടക്കുന്ന ഫിഫ ലോക കപ്പിനും 2023ല്‍ നടക്കുന്ന ഏഷ്യന്‍ കപ്പിനുമുള്ള യോഗ്യതാ മല്‍സരങ്ങള്‍ക്കായി മലയാളികൾ ഉൾപ്പെടെയുള്ള താരങ്ങളാണ് ടീമിലുള്ളത് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 28 അംഗ ടീമും ജീവനക്കാരും ഉള്‍പ്പെടുന്ന സംഘം ഇവിടെ വച്ച് നടത്തിയ പിസിആര്‍ ടെസ്റ്റിന്റെ ഫലം കാത്തിരിക്കുകയാണ്. ടെസ്റ്റ് ഫലം വരുന്നതു വരെ ക്വാറന്റൈനില്‍ കഴിയുന്ന സംഘം ഫലം വന്നാലുടന്‍ പ്രപ്പിറേറ്ററി ക്യാംപില്‍ പരിശീലനം ആരംഭിക്കും. പുറമെ നിന്നുത്തന്നവര്‍ക്കുള്ള 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ വ്യവസ്ഥയില്‍ ഇന്ത്യന്‍ ടീമിന് ഇളവ് അനുവദിച്ചിരുന്നു.

ജൂണ്‍ 3 മുതലാണ് യോഗ്യതാ മല്‍സരങ്ങള്‍ നടക്കുക. ആതിഥേയരായ ഖത്തറുമായി ജൂണ്‍  3ന് രാത്രി 10.30നാണ് ആദ്യ മല്‍സരം. ജൂണ്‍ 7 രാത്രി 7.30ന് ബംഗ്ലാദേശിനെയും ജൂണ്‍ 15 രാത്രി 7.30ന് അഫ്ഗാനിസ്താനെയും നേരിടും. ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. ഗ്രൂപ്പ് ഇയിലെ അഞ്ച് മത്സരങ്ങളില്‍ നിന്ന് 3 പോയിന്റുകളാണ് നിലവില്‍ ഇന്ത്യയ്ക്കുള്ളത്. ലോകകപ്പില്‍ മല്‍സരിക്കാമെന്ന പ്രതീക്ഷയില്ലെങ്കിലും 2023ല്‍ നടക്കുന്ന ഏഷ്യാ കപ്പിന് യോഗ്യത നേടാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ ടീം. കൊവിഡ് ബാധിതനായി ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന ക്യാപ്റ്റന്‍ സുനില്‍ ഛെത്രി രോഗം ഭേദമായി തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം.

Top