യുവതാരങ്ങളുടെ കരുത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് ഒമാനിനെ നേരിടും

ദുബായ്: നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കളത്തിലേക്ക്. സൗഹൃദ മത്സരത്തില്‍ ഒമാനാണ് എതിരാളി. വ്യാഴാഴ്ച രാത്രി 7.15-ന് ദുബായിലെ മക്തും ബിന്‍ റാഷിദ് സ്റ്റേഡിയത്തിലാണ് മത്സരം. യുവതാരങ്ങളുടെ കരുത്തിലാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മികവുതെളിയിച്ച ഭൂരിഭാഗം യുവതാരങ്ങളെയും പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് 27 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതുവരെ 11 മത്സരങ്ങളാണ് സ്റ്റിമാച്ചിനു കീഴില്‍ ഇന്ത്യ കളിച്ചത്. ഒരു ജയവും നാലു സമനിലയും ആറു തോല്‍വിയുമാണ് അക്കൗണ്ടിലുള്ളത്. യുവതാരങ്ങളെ വെച്ച് പുതിയ ടീമിനെ വാര്‍ത്തെടുക്കാനുള്ള സ്റ്റിമാച്ചിന്റെ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ടീം. ഒമാനെതിരേ ടീമില്‍ യുവതാരങ്ങള്‍ക്ക് പ്രധാന്യം കിട്ടും.

സുനില്‍ ഛേത്രിയുടെ അഭാവത്തില്‍ പുതിയ മുന്നേറ്റനിരയും പുതുമുഖങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മധ്യ-പ്രതിരോധനിരകളും മികച്ച രീതിയില്‍ കളിച്ചാല്‍ സ്റ്റിമാച്ചിന് മുന്നോട്ടുപോകാന്‍ കഴിയും. 4-2-3-1 ശൈലിയിലാണ് ടീം കളിക്കുന്നതെങ്കില്‍ മന്‍വീര്‍ സിങ്ങാകും ഏക സ്‌ട്രൈക്കര്‍. മിഡ്ഫീല്‍ഡില്‍ റൗളിന്‍ ബോര്‍ഗെസ്, അനിരുദ്ധ ഥാപ്പ, അപുയ എന്നിവരാകും കളിക്കുന്നത്.

വിങ്ങര്‍മാരായ ലാലിയന്‍ സുല ചാങ്‌തേയും ആഷിഖ് കുരുണിയനും ഇറങ്ങും. പ്രതിരോധത്തില്‍ നായകന്‍ സന്ദേശ് ജിംഗാനും പ്രീതം കോട്ടാലുമാകും സെന്‍ട്രല്‍ ഡിഫന്‍സില്‍. വിങ് ബാക്കുകളായി അശുതോഷ് മേത്തയും ആകാശ് മിശ്രയും ഇറങ്ങാനാണ് സാധ്യത.

ഗുര്‍പ്രീത് സിങ് സാന്ധുവും അമരീന്ദര്‍ സിങ്ങും ഗോള്‍ കീപ്പര്‍മാരായി ഇരുപകുതികളിലും കളിക്കും. ഫിഫ റാങ്കിങ്ങില്‍ 81-ാം സ്ഥാനത്തുള്ള ഒമാന്‍ കരുത്തരാണ്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അഞ്ചില്‍ നാലു മത്സരങ്ങളും ടീം ജയിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരേ മികച്ച റെക്കോഡാണ് ടീമിനുള്ളത്.

 

Top