നെയ്മറെ സ്വാഗതം ചെയ്ത് ഇന്ത്യൻ ഫുട്ബോള്‍ ആരാധകർ

മുംബൈ: ഫുട്ബോള്‍ ആരാധകർ ആഘോഷത്തിമിർപ്പിലാണ്. എഎഫ്‍സി ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനായി ബ്രസീലിയന്‍ സൂപ്പർ താരം നെയ്മർ ജൂനിയർ സൗദി ക്ലബായ അല്‍ ഹിലാലിനൊപ്പം ഇന്ത്യയിലെത്തും എന്നുറപ്പായതാണ് കാരണം. ഐഎസ്എല്‍ ചാമ്പ്യന്‍മാരായ മുംബൈ സിറ്റി എഫ്സിയാണ് അല്‍ ഹിലാലിന് എതിരാളികള്‍. ലോക ഫുട്ബോളിലെ സുല്‍ത്താനായി വിഹരിക്കുന്ന മഞ്ഞപ്പടയുടെ സൂപ്പർ താരത്തിന്റെ കളി ഇന്ത്യയില്‍ വച്ച് കാണാം എന്ന പ്രതീക്ഷയിലാണ് ആരാധകർ. എഎഫ്‍സി ചാമ്പ്യന്‍സ് ലീഗ് നറുക്കെടുപ്പില്‍ മുംബൈ സിറ്റി എഫ്സി – അല്‍ ഹിലാല്‍ മത്സരം വ്യക്തമായതോടെ വലിയ മഞ്ഞക്കടലിരമ്പമാണ് സാമൂഹ്യമാധ്യമങ്ങളില്‍ നെയ്മർ ആരാധകരുടെ ഭാഗത്തുനിന്നുണ്ടായത്.

എഎഫ്‍സി ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഡിയിലാണ് മുംബൈ സിറ്റിയും അല്‍ ഹിലാലും ഇടംപിടിച്ചിരിക്കുന്നത്. ഇറാനില്‍ നിന്നുള്ള എഫ്സി നസ്സാജി മസാന്‍ദരനും ഉസ്‍ബെക്കിസ്താന്‍ ക്ലബ് നവ്‍ബഹോറുമാണ് ഡിയിലുള്ള മറ്റ് ടീമുകള്‍. ബ്രസീലിയന്‍ ദേശീയ ടീമിനും ക്ലബ് കരിയറില്‍ ബാഴ്സലോണയ്ക്കും പിഎസ്ജിക്കും വേണ്ടിയും കുപ്പായമണിഞ്ഞിട്ടുള്ള നെയ്മറാണ് അല്‍ ഹിലാലിന്റെ സൂപ്പർ ഹീറോ. ശ്രദ്ധാകേന്ദ്രം നെയ്മർ ആണെങ്കിലും അദേഹം മാത്രമായിരിക്കില്ല അല്‍ ഹിലാലിന്റെ മത്സരങ്ങളുടെ ആകർഷണം. മെ റൂബന്‍ നെവസ്, കലിദു കുലിബാലി, മിലിന്‍കോവിച്ച് സാവിച്ച് തുടങ്ങി ലോക ഫുട്ബോളിലെ മികച്ച താരങ്ങളുടെ നിരയുണ്ട് അല്‍ ഹിലാലിന്. പുതിയ ട്രെന്‍ഡ് പിടിച്ച് സൂപ്പർ താരങ്ങളെല്ലാം കടല്‍ കടന്നെത്തിയതാണ് സൗദി ക്ലബായ ഹിലാലിനെ ഈ സീസണില്‍ വന്‍ താരനിരയാക്കിയത്. പരിക്ക് കാരണം നെയ്മർ ഇതുവരെ ക്ലബില്‍ അരങ്ങേറിയിട്ടില്ല. നെയ്മറുടെ അരങ്ങേറ്റം ഉടനുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

അല്‍ ഹിലാല്‍ ദിവസങ്ങള്‍ മാത്രം മുമ്പ് നെയ്‌മ‍ര്‍ ജൂനിയറെ ആരാധകര്‍ക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു. ബ്രസീലിയൻ സൂപ്പര്‍ താരത്തെ വരവേൽക്കാൻ റിയാദ് കിങ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ അറുപത്തിയെണ്ണായിരത്തിലധികം ആരാധകരെത്തി. മൊറോക്കൻ ഗോൾകീപ്പര്‍ യാസിൻ ബോണോയും ആരാധകര്‍ക്ക് മുന്നിലെത്തി. സെവിയയിൽ നിന്നാണ് സൂപ്പര്‍ ഗോൾകീപ്പറെ അൽ ഹിലാൽ ടീമിലെത്തിച്ചത്. 1450 കോടി പ്രതിവര്‍ഷ കരാറിലാണ് നെയ്‌മര്‍ പിഎസ്‌ജി വിട്ട് അൽ ഹിലാലിലെത്തിയത്. പിഎസ്ജിക്ക് 817 കോടി രൂപ ട്രാൻസ്ഫർ തുക കൈമാറി. അൽ ഹിലാലിനായി സാധ്യമായ കിരീടങ്ങളെല്ലാം നേടിക്കൊടുക്കുമെന്നും നെയ്‌മര്‍ ആരാധകര്‍ക്ക് വാക്ക് നൽകിയിട്ടുണ്ട്. എന്തായാലും നെയ്മറുടെ ഇന്ത്യയിലേക്കുള്ള വരവ് ആവേശമാകും എന്നുറപ്പ്. പൂനെയില്‍ മുംബൈ സിറ്റി- അല്‍ ഹിലാന്‍ മത്സരത്തില്‍ കാണാം എന്നാണ് നെയ്മറോട് ആരാധകർ പറയുന്നത്.

Top