Indian fisherman killed in firing by Sri Lankan Navy

രാമേശ്വരം: പാക് കടലിടുക്കില്‍ ശ്രീലങ്കന്‍ നാവികസേനയുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു. രാമേശ്വരം തങ്കച്ചിമഠം സ്വദേശിയായ ബ്രിസ്റ്റോ(22) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം ശ്രീലങ്കയുടെ കീഴിലുള്ള കച്ചത്തീവിന് സമീപം മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് വെടിയേറ്റത്. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ക്ക് കൂടി വെടിയേറ്റിട്ടുണ്ട്.

തിങ്കളാഴ്ച രാമേശ്വരത്തുനിന്ന് 400 ഓളം മത്സ്യത്തൊഴിലാളികളാണ് മത്സ്യബന്ധനത്തിനായി കച്ചത്തീവിന് സമീപമുള്ള കടലിലേക്ക് പോയത്. ഇതിനിടെ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ശ്രീലങ്കന്‍ നാവികസേന ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

എന്നാല്‍ മത്സ്യത്തൊഴിലാളി വെടിയേറ്റു മരിച്ചതില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. രാമേശ്വരത്ത് മൊബൈല്‍ ടവറിനു മുകളില്‍ കയറി രണ്ടു പേര്‍ ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തു. ഇവരെ താഴെയിറക്കാന്‍ പൊലീസും അഗ്‌നിശമനസേനയും ശ്രമം തുടരുകയാണ്.

അതേസമയം, ആരോപണം നിഷേധിച്ച് ശ്രീലങ്കന്‍ നാവികസേന രംഗത്തെത്തി. ഇന്ത്യന്‍ ബോട്ടിനു നേരെ വെടിവച്ചിട്ടില്ലെന്ന് ശ്രീലങ്കന്‍ നാവികസേന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മുന്നറിയിപ്പ് പോലും നല്‍കാതെയാണ് ശ്രീലങ്കന്‍ നാവികസേന വെടിയുതിര്‍ത്തതെന്ന് രാമേശ്വരം മത്സ്യത്തൊഴിലാളി സംഘടന പ്രസിഡന്റ് പി. സെസുരാജ പറഞ്ഞു.

Top