ഇന്ത്യന്‍ കര്‍ഷകര്‍ക്ക് കാലാവസ്ഥാ ഇന്‍ഷുറന്‍സുമായി ബ്രിട്ടീഷ് കമ്പനി

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ഇന്ത്യന്‍ കര്‍ഷകര്‍ക്ക് കാലാവസ്ഥാ ഇന്‍ഷുറന്‍സ് പദ്ധതിയുമായി വിദേശ കമ്പനി. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് ടെക്‌നോളജി കമ്പനിയായ സ്‌കൈ ലൈന്‍ പാര്‍ട്ട്‌നേഴ്‌സാണ് ഇതുസംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്തു വിട്ടത്. ജെതിന്‍ ജോണ്‍സ്, ലോറന്റ് സെബാട്ടി എന്നിവര്‍ ചേര്‍ന്നാണ് ആഗോള തലത്തില്‍ ഇന്‍ഷുറന്‍സ് എടുക്കാത്ത കര്‍ഷകര്‍ക്കു വേണ്ടി പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇന്ത്യന്‍ കര്‍ഷകര്‍ക്കാണ് ഇത് ഏറ്റവുമധികം ഗുണം ചെയ്യുക.

ലോകത്തിലെ വിവിധ മേഖലകളിലെ കമ്പോളത്തിന് വാണിജ്യപരവും ലാഭകരവുമായി സഹായകമാകുന്ന ഇന്‍ഷുറന്‍സ് നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി മേധാവികള്‍ അറിയിച്ചു.

ലണ്ടന്‍ മേയറുടെ കൂടി പിന്തുണയോടെ ഇന്ത്യയില്‍ പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. ഇന്ത്യയും ബ്രിട്ടണുമായുള്ള വിശാലമായ സാമ്പത്തിക ഇടപാടില്‍ പങ്കാളികളാകുന്നതില്‍ സന്തോഷമുണ്ടെന്നും സ്‌കൈ ലൈന്‍ പാര്‍ട്ട്‌നേഴ്‌സ് പറഞ്ഞു.

സാങ്കേതിക സഹായങ്ങളും ഇന്ത്യന്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന രീതിയിലുള്ള ബൃഹത്തായ പദ്ധതിയാണ് കമ്പനി ഉദ്ദേശിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ഏറ്റവുമധികം ബാധിക്കുന്ന മേഖലയാണ് ഇന്ത്യന്‍ കാര്‍ഷിക രംഗം.

കര്‍ഷക പ്രതിസന്ധികളില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് രാജ്യത്ത് ഇതിനോടകം നടന്നു കഴിഞ്ഞത്. കാര്‍ഷിക വായ്പകള്‍ എഴുതി തള്ളണം, താങ്ങുവില, മാര്‍ക്കറ്റിംഗ് രംഗത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം തുടങ്ങിയവയായിരുന്നു കര്‍ഷക റാലികളുടെ പ്രധാന ആവശ്യം. ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ വ്യക്തമായ തീരുമാനങ്ങള്‍ ഇനിയും ഉണ്ടാകാനുണ്ട്.

കാലാവസ്ഥാ വ്യതിയാനത്തിലെ പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ കാര്‍ഷിക രംഗത്തെ പിടിച്ചു കുലുക്കുകയാണ്.
ഇന്ത്യന്‍ കാര്‍ഷിക മേഖലയിലെ നിക്ഷേപ സാധ്യതകള്‍ കണക്കിലെടുത്തു കോടികള്‍ മുടക്കാന്‍ വന്‍കിട കമ്പനികളായ വാള്‍മാര്‍ട്ടും ഐബിഎമ്മും നേരത്തെ രംഗത്തു വന്നിരുന്നു. ഇന്ത്യയിലെ കാര്‍ഷിക സാങ്കേതികവിദ്യാ രംഗത്ത് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 5,000 കോടി രൂപയുടെ അവസരങ്ങളാണ് ഉണ്ടാകുകയെന്ന് ഐബിഎമ്മിന്റെ ഉപകമ്പനിയായ ദി വെതറിന്റെ തലവന്‍ ഹിമാന്‍ഷു ഗോയല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അന്താരാഷ്ട്ര തലത്തിലുള്ള ഇത്തരം സംരംഭങ്ങള്‍ ഒരു പരിധിവരെ ഉല്‍പാദന മേഖലയില്‍ ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Top