വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ ട്വീറ്റ്; ഇന്ത്യക്കാരന് ജോലി നഷ്ടമായി

കാനഡ: വര്‍ഗീയ വിദ്വേഷമുണര്‍ത്തുന്ന രീതിയില്‍ ട്വീറ്റ് ചെയ്ത ഇന്ത്യക്കാരന് കാനഡയില്‍ ജോലി നഷ്ടമായി. രവി ഹൂഡ എന്നയാള്‍ക്കാണ് ജോലി നഷ്ടമായത്. കാനഡയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ സ്‌കൂള്‍ കൗണ്‍സില്‍ അധ്യക്ഷന്‍ സ്ഥാനത്ത് നിന്നും രവി ഹൂഡയെ നീക്കിയതായി കമ്പനി അധികൃതര്‍ വ്യക്തമാക്കി.

റമദാന്‍ മാസത്തില്‍ നോമ്പുതുറ സമയത്ത് ബാങ്കുവിളിക്കാനുള്ള അനുമതി നല്‍കിക്കൊണ്ടുള്ള കാനഡയിലെ ബ്രാംപ്ടണ്‍ മേയര്‍ പാട്രിക് ബ്രൌണിന്റെ ട്വീറ്റിനായിരുന്നു വര്‍ഗീയ വിദ്വേഷമുണര്‍ത്തുന്ന രീതിയിലെ രവി ഹൂഡ മറുപടി ട്വീറ്റ് ചെയ്തത്.

1984ലെ നിയമനുസരിച്ച് പള്ളിമണികള്‍ മുഴക്കുന്നതില്‍ ഇളവുണ്ട്. ഇതേ രീതിയില്‍ മറ്റു വിശ്വാസങ്ങളെക്കൂടി പരിഗണിക്കുക എന്നതിനാലാണ് ബാങ്കുവിളിക്ക് അനുമതി നല്‍കിയതെന്നായിരുന്നു മേയറിന്റെ ട്വീറ്റ്. ഇയാളുടെ ട്വീറ്റിനെതിരെ വ്യാപകമായ രീതിയില്‍ പ്രതിഷേധമുയര്‍ന്നതോടെയാണ് അധികൃതരുടെ നടപടി. രവി ഹൂഡയുടെ വീക്ഷണങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് കാനഡയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ റിമാക്‌സ് വ്യക്തമാക്കി.

Top